ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യൻ കായികരംഗത്ത് പുതു പ്രതീക്ഷയായി വനിതാ പാരാ അത്ലറ്റുകൾ. എല്ലാ ജീവിത വെല്ലുവിളികളെയും തട്ടിയകറ്റി സധൈര്യം മുന്നേറിയ അവർ പുതു തലമുറയ്ക്ക് ആവേശമേകുന്നു. 2021 ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ അഞ്ചുവരെ നീണ്ടുനിന്ന ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യ പോയത് 54 അംഗങ്ങളുമായാണ്. പാരാലിമ്പിക്സ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ മെഡൽക്കൊയ്ത്ത് നടത്തിയാണ് അവർ തിരിച്ചെത്തിയത്. അഞ്ചു സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലുമായി 19 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. മെഡൽ പട്ടികയിൽ 24-ാം സ്ഥാനമെന്ന അഭിമാനകരമായ നേട്ടവും രാജ്യത്തിന് സ്വന്തമായി. ഇന്ത്യയിലെ പല വനിതാ കായിക താരങ്ങളും ഇപ്പോഴും നേരിടുന്ന ലിംഗ വിവേചനവും കുടുംബ – സാമൂഹിക പ്രശ്നങ്ങളും ദാരിദ്ര്യവും ധൈര്യപൂർവ്വം മറികടന്നാണ് വനിതാ പാരാലിമ്പിക്സ് താരങ്ങൾ ടോക്യോയിലെത്തിയത്, അവിടുന്ന് തലയുയർത്തി മടങ്ങിയത്.

പൂർണ്ണ വളർച്ചയെത്താത്ത കൈയുമായി ജനിച്ച പാലക് കോലി, ടോക്കിയോ പാരാലിമ്പിക്സിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പാരാ ബാഡ്മിന്റൺ താരമായിരുന്നു. പാലക്കും അവളുടെ മാതാപിതാക്കളും 2016-ന് മുമ്പ് പാരാ ബാഡ്മിന്റൺ എന്ന പദം കേട്ടിരുന്നില്ല. 2017ൽ ഭാവി പരിശീകലനെ കണ്ടുമുട്ടിയതോടെ പാലക്കിന്റെ ജീവിതം മാറിമറിഞ്ഞു. 2019ൽ അവൾ തന്റെ ആദ്യ അന്താരാഷ്ട്ര ടൂർണമെന്റ് വിജയിച്ചു. “കുട്ടിക്കാലത്ത് ഞാൻ ഒരിക്കലും കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനെ പറ്റി ചിന്തിച്ചിരുന്നില്ല. എന്റെ വൈകല്യമായിരുന്നു കാരണം. എന്നാൽ ഞാൻ എന്നെത്തന്നെ വെല്ലുവിളിക്കാൻ തീരുമാനിച്ചു. എന്റെ വൈകല്യത്തെ ഞാൻ സൂപ്പർ-എബിലിറ്റിയാക്കി മാറ്റി. പാരാ ബാഡ്മിന്റൺ എന്റെ ജീവിതം മാറ്റിമറിച്ചു.” പാലക് പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ സ്റ്റാന്‍റിങ് എസ്എച്ച്1 വിഭാഗത്തില്‍ പത്തൊമ്പതുകാരിയായ അവാനി ലേഖാരയിലൂടെയാണ് ഇന്ത്യ ടോക്കിയോയില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കുന്നത്. 50 മീറ്റര്‍ റൈഫില്‍ ത്രി പൊസിഷന്‍ എസ്എച്ച്1 വിഭാഗത്തില്‍ വെങ്കലം നേടിയതോടെ പാരാലിമ്പിക്‌സിൽ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരമായി അവാനി ലേഖാര മാറി. 10-ാം വയസ്സിൽ ഒരു വാഹനാപകടത്തിൽ അരയ്ക്ക് താഴേയ്ക്ക് തളർന്ന അവാനിയ്ക്ക് ഷൂട്ടിംഗ് പുതുജീവൻ നൽകി. ഉപകരണങ്ങളുടെ അഭാവം, അപകടത്തിന്റെ ആഘാതം, മാനസിക സമ്മർദ്ദം തുടങ്ങി ഒട്ടേറെ തടസ്സങ്ങൾ അവാനിയുടെ മുൻപിലും ഉണ്ടായിരുന്നു. എന്നാൽ ആത്മവിശ്വാസവും കഠിനാധ്വാനവും ദൃഢനിശ്ചയവും അവളുടെ കരുത്തായിരുന്നു. “എന്റെ അപകടത്തിന് ശേഷം ഞാൻ ആകെ തളർന്നു. ആരോടും സംസാരിക്കാൻ തോന്നിയില്ല. ഷൂട്ടിംഗായിരുന്നു വഴിത്തിരിവ്. അതെനിക്ക് വളരെയധികം ആത്മവിശ്വാസം നൽകി. ഇപ്പോഴുള്ള ശരീരവുമായി ഞാൻ പ്രണയത്തിലാണ്. എനിക്ക് എന്തും ചെയ്യാൻ കഴിയും.” അവാനിയുടെ വാക്കുകൾ.

ടോക്കിയോ ഗെയിംസിലൂടെ പുതുചരിത്രം എഴുതാൻ 23 കാരിയായ സിമ്രാൻ ശർമയ്ക്കും കഴിഞ്ഞു. 100 മീറ്റർ സ്‌പ്രിന്റിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റാണ് സിമ്രാൻ. കുട്ടിക്കാലത്ത് സ്വന്തം ബന്ധുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ഉപദ്രവം നേരിട്ടിട്ടുണ്ടെന്ന് സിമ്രാൻ വെളിപ്പെടുത്തി. 18-ാം വയസ്സിൽ വിവാഹിതയായപ്പോൾ സൈനികനായ ഭർത്താവ് അവളുടെ പരിശീലകനായി മാറി. അങ്ങനെ പാരാലിമ്പിക്സ്‌ വേദിയിലേക്ക്. വൈകല്യത്തിന്റെ പേരിൽ തന്നെ പരിഹസിച്ച അതേ കുടുംബാംഗങ്ങൾ ഇന്ന് തന്നെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് സിമ്രാൻ പറഞ്ഞു. ഈ വാക്കുകൾ ആർക്കാണ് പ്രചോദനമേകാത്തത്?

പാരാലിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ദീപ മാലിക്. 2016ലെ റിയോ പാരാലിമ്പിക്സിൽ ഷോട്ട്പുട്ട് വെള്ളിയുമായി ഇന്ത്യയുടെ അഭിമാനമായി. 2021ലെ ഇന്ത്യൻ സംഘത്തിലായിരുന്നു ഏറ്റവും അധികം വനിതകൾ ഉണ്ടായിരുന്നത്. ഭിന്നശേഷിക്കാരായ വനിതാ താരങ്ങൾ ഇന്ത്യൻ കായിക രംഗത്ത് അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും ഇപ്പോൾ കാര്യങ്ങൾ മാറി തുടങ്ങി. സമൂഹത്തിന്റെ കാഴ്ചപ്പാടിലും ക്രമാനുഗതമായ മാറ്റം വന്നിട്ടുണ്ടെന്ന് ശുഭപ്രതീക്ഷയോടെ അവർ പറയുന്നു. “ഞങ്ങൾക്ക് ഒരുപാട് ദൂരം പോകാനുണ്ട്. ശരിയായ പാതയിലാണ് ഞങ്ങൾ. ശോഭനമായ ഭാവി മുന്നിൽ കാണുന്നു. വിജയം ഉറപ്പാണ്.” – ഈ വാക്കുകൾ ഇന്ത്യയിലെ അനേകമായിരം ജീവിതങ്ങൾക്ക് പ്രചോദനമാകുമെന്ന് ഉറപ്പാണ്.