ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : 13 വയസ്സുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ പ്രതി ബ്രിട്ടനിലേക്ക് എത്തിയത് വ്യാജപേരിൽ. ഓസ്ട്രിയയിൽ വച്ചു 13 വയസ് മാത്രം പ്രായമുള്ള ലിയോണിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയാണ് റസൂലി സുബൈദുള്ള. ജൂൺ 26നാണ് മരത്തിൽ തൂങ്ങികിടക്കുന്ന നിലയിൽ ലിയോണിയുടെ മൃതദേഹം കണ്ടെത്തുന്നത്. കൊലപാതകത്തിന് ശേഷം വിയന്നയിൽ നിന്നും രക്ഷപെട്ട റസൂലി വ്യാജനാമം ഉപയോഗിച്ച് അഭയാർഥികളുടെ ബോട്ടിൽ ചാനൽ കടന്നാണ് ബ്രിട്ടനിൽ എത്തിയത്. യഥാർത്ഥ വ്യക്തിത്വം പുറത്തുവരുന്നതുവരെ ഏകദേശം രണ്ടാഴ്ചയോളം ഹോട്ടലിൽ കഴിഞ്ഞിരുന്നു. പിന്നീട് ജൂലൈ 29 ന് ഈസ്റ്റ്‌ ലണ്ടനിലെ വൈറ്റ്ചാപ്പലിലുള്ള ഐബിസ് ഹോട്ടലിൽ വച്ച് നാഷണൽ എക്സ്ട്രാഡിഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥർ സുബൈദുള്ളയെ അറസ്റ്റ് ചെയ്തു. കൈമാറ്റം ചെയ്യാനുള്ള നടപടികൾ നടന്നുവരികയാണ്. ഈ സംഭവത്തോടെ താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനിൽ നിന്ന് യുകെയിലേക്ക് എത്തുന്ന അഭയാർത്ഥികളിൽ പരിശോധന ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

വർഷാരംഭം മുതൽ 14,000 ത്തിലധികം പേരാണ് ചാനൽ മുറിച്ചുകടന്ന് യുകെയിൽ എത്തിയത്. സുബൈദുള്ള ജൂലൈ 18 ന് രാജ്യത്ത് പ്രവേശിച്ചപ്പോൾ കെന്റിലെ ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് തെറ്റായ പേരും മറ്റ് വ്യാജ വിവരങ്ങളുമാണ് നൽകിയത്. ഇൻസ്റ്റാഗ്രാം വഴി പരിചയപെട്ട പെൺകുട്ടിയെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചു വരുത്തിയാണ് സുബൈദുള്ളയും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചത്. തുടർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കൊലയാളികൾ ലിയോണിയുടെ മൃതദേഹം പരവതാനിയിൽ പൊതിഞ്ഞു അപ്പാർട്ട്മെന്റിൽ നിന്ന് 100 മീറ്റർ അകലേക്ക് എറിഞ്ഞതായി പോലീസ് പറയുന്നു.

സെപ്റ്റംബർ 3 ന്, സൗത്ത് വെസ്റ്റ് ലണ്ടനിലെ വാണ്ട്സ്വർത്ത് ജയിലിൽ നിന്ന് വീഡിയോ ലിങ്ക് വഴി വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ സുബൈദുള്ള ഹാജരായി. രാജ്യത്തേക്ക് വരുന്ന അഫ്ഗാൻ അഭയാർത്ഥികളുടെ യഥാർത്ഥ വ്യക്തിത്വം (ഐഡന്റിറ്റി ) പരിശോധിക്കുന്നതിനെക്കുറിച്ച് ഈ കേസ് ആശങ്ക ഉയർത്തി. ഹീത്രോയിലേക്ക് പറക്കുന്ന ചില കുടിയേറ്റക്കാർക്ക് ഐഡി ഇല്ലെന്നും തെറ്റായ പേപ്പറുകൾ നൽകിയിട്ടുണ്ടെന്നും അതിർത്തി സേന ഉദ്യോഗസ്ഥർ സമ്മതിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്ന് ഇവിടേക്ക് വരാൻ ആഗ്രഹിക്കുന്ന കുറ്റവാളികളും ഭീകരവാദികളും പഴുതുകൾ കണ്ടെത്തി ഉപയോഗപ്പെടുത്തുകയാണെന്ന് തിങ്ക് ടാങ്ക് മൈഗ്രേഷൻ വാച്ച് യുകെയിലെ ആൽപ് മെഹ് മെറ്റ് പറഞ്ഞു. എന്നാൽ കേസിൽ പ്രതികരിക്കാനില്ലെന്ന് ഹോം ഓഫീസ് വ്യക്തമാക്കി.