ന്യൂസ് ഡെസ്ക് മലയാളം യുകെ
ക്രിസ്ത്യൻ മത വിശ്വാസികളുടെ എണ്ണം ബ്രിട്ടനിൽ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാൽ കേരളത്തിൽ നിന്നുള്ള ക്രിസ്ത്യൻ മത വിശ്വാസികളുടെ എണ്ണം യുകെയിൽ കൂടി വരികയും ചെയ്യുന്നു . കേരള നസ്രാണി ക്രിസ്ത്യാനികളുടെ യുകെയിലെ വളർച്ചയെക്കുറിച്ച് വൻ പ്രാധാന്യത്തോടെ വാർത്ത നൽകിയിരിക്കുകയാണ് ബ്രിട്ടനിലെ പ്രമുഖ മാധ്യമമായ ദി ഗാർഡിയൻ പത്രം. യുകെയിലെ കേരള ക്രൈസ്തവരെ കുറിച്ച് വാർത്ത പ്രസിദ്ധീകരിക്കുമ്പോൾ ഇത് മലയാളം ന്യൂസിനും അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ഗാർഡിയൻ പത്രത്തിന്റെ വാർത്തയിൽ ഉടനീളം നിറഞ്ഞു നിൽക്കുന്ന ഫാ. ഹാപ്പി ജേക്കബ്ബ് മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ ആണ് . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയും 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവും ആണ് .
2022 – ൽ ലിവർപൂളിൽ സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ആരംഭിച്ചപ്പോൾ 60 കുടുംബങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് വികാരിയായ ഫാ. ഹാപ്പി ജേക്കബനെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞപ്പോൾ പള്ളിയിൽ വരുന്ന കുടുംബാംഗങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. നിലവിൽ ഇവിടെ മാത്രം 110 കുടുംബങ്ങൾ ഉണ്ട് . പ്രധാനമായും എൻഎച്ച്എസിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളും ഉൾപ്പെടുന്നതാണ് ഇടവക സമൂഹം .
ബ്രിട്ടനിൽ ഉടനീളം ഇതാണ് സ്ഥിതി. ലിവർപൂൾ മുതൽ ലണ്ടൻ വരെയും , പ്രെസ്റ്റൺ മുതൽ ബ്രിസ്റ്റോൾ വരെയും ഒട്ടേറെ പുതിയ പള്ളികളാണ് മലയാളികളുടെ നേതൃത്വത്തിൽ പുതിയതായി സ്ഥാപിക്കപ്പെട്ടത്. എന്നാൽ ക്രിസ്തുമതത്തിന്റെ യുകെയിലെ പൊതുവായ സ്ഥിതി ഇതല്ല . ഏറ്റവും പുതിയ സെൻസസ് അനുസരിച്ച് ഇംഗ്ലണ്ടിലും വെയിൽസിലും ക്രിസ്തുമത അനുയായികളുടെ എണ്ണത്തിൽ വൻ കുറവാണ് വന്നിരിക്കുന്നത്. തദ്ദേശീയരായ ക്രിസ്ത്യാനികളുടെ എണ്ണം 2011 -ൽ 59.3% ആയിരുന്നെങ്കിൽ 2021 – ൽ അത് 46.2% ആയി കുറഞ്ഞു. എന്നാൽ ഇതേ കാലയളവിൽ ഇന്ത്യൻ ക്രിസ്ത്യാനികളുടെ എണ്ണം യുകെയിൽ കുതിച്ചുയർന്നതായി കണക്കുകൾ കാണിക്കുന്നു.
ഇന്ത്യൻ ക്രിസ്ത്യാനികളുടെ എണ്ണം 2011 -ൽ 135,988 ആയിരുന്നത് 2021-ൽ 225,935 ആയി ഉയർന്നു. സീറോ മലബാർ സഭയുടെ കീഴിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത സ്ഥാപിച്ചത് യുകെയിലെ നസ്രാണി സഭയുടെ വളർച്ചയ്ക്ക് നിർണ്ണായക സ്ഥാനമാണ് വഹിച്ചത് . ലീഡ്സിലെ സെന്റ് മേരീസ് ആൻഡ് സെൻറ് വിൽഫ്രഡ് ചർച്ച് ഉൾപ്പെടെ നിരവധി പള്ളികളാണ് മലയാളികളുടെ പ്രയത്നത്തിന്റെ ഫലമായി യുകെയിൽ നിലവിൽ വന്നത് . തങ്ങളുടെ കുട്ടികളെ കേരളത്തിലെ ആരാധനാ പാരമ്പര്യത്തിലും വേദപാഠ ക്ലാസുകളിലും പങ്കെടുപ്പിക്കുന്നതിനും മലയാളികൾ കടുത്ത നിഷ്കർഷ ആണ് പുലർത്തുന്നത്.
കേരളത്തിൽനിന്ന് സ്റ്റുഡൻറ് വിസയിൽ എത്തുന്ന വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും ക്രിസ്ത്യൻ മതവിശ്വാസത്തിൽ പെട്ടവരാണെന്നതും യുകെയിലെ മലയാളി ക്രിസ്ത്യൻ വിഭാഗത്തിന്റെ എണ്ണം വർധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ക്രിസ്തുമസിനോടും ഈസ്റ്ററിനോടും അനുബന്ധിച്ചുള്ള നോയമ്പുകാലത്ത് ഫാ. ഹാപ്പി ജേക്കബ് അച്ചൻ മലയാളം യുകെ ന്യൂസിൽ വർഷങ്ങളായി എഴുതുന്ന പ്രതിവാര ചിന്തകൾ വായനക്കാരുടെ പ്രിയ
പംക്തിയാണ്.
ഈ വർഷത്തെ മികച്ച നേഴ്സിനുള്ള മലയാളം യുകെയുടെ അവാർഡ് ജേതാവ് റ്റിൻസി ജോസിന്റെ ജീവിതവും സേവനങ്ങളെയും കുറിച്ച് ബിബിസി വാർത്ത പ്രസിദ്ധീകരിചിരുന്നു. മലയാളം യുകെയുടെ അവാർഡ് ജേതാവ് എന്ന് എടുത്തു പറയുന്ന വാർത്തയിൽ കേരളത്തെക്കുറിച്ചും മലയാളത്തെക്കുറിച്ചും പരാമർശമുണ്ടായിരുന്നു
Leave a Reply