ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു;അനില്‍ സെയിന്‍ കഥയിലും ബീന റോയ് കവിതയിലും പ്രഥമ സ്ഥാനങ്ങള്‍ നേടി

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു;അനില്‍ സെയിന്‍ കഥയിലും ബീന റോയ് കവിതയിലും പ്രഥമ സ്ഥാനങ്ങള്‍ നേടി
October 07 06:08 2017 Print This Article

റജി നന്തികാട്ട്

ലണ്ടന്‍ മലയാള സാഹിത്യവേദി നടത്തിയ മൂന്നാമത് സാഹിത്യമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ചെറുകഥ, കവിത വിഭാഗങ്ങളില്‍ നടന്ന മത്സരത്തിന്റെ വിധികര്‍ത്താക്കള്‍ പ്രമുഖ കവി കുഴൂര്‍ വില്‍സണ്‍, സാഹിത്യ നിരൂപകന്‍ അജിത് നീലാഞ്ജനം എന്നിവര്‍ അടങ്ങിയ വിദഗ്ദ്ധ സമിതിയായിരുന്നു. പ്രാഥമിക തെരഞ്ഞടുപ്പിന് ശേഷം അവസാന ഘട്ടത്തില്‍ എത്തിയ ആറു കഥകളില്‍ നിന്നും ആറു കവിതകളില്‍ നിന്നുമാണ് ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്കുള്ള രചനകള്‍ തെരെഞ്ഞെടുത്തത്.

ചെറുകഥാ മത്സരത്തില്‍ പ്രഥമ സ്ഥാനം അനില്‍ സെയിന്‍ എഴുതിയ ‘നൊമ്പരക്കുറിപ്പുകള്‍’ നേടി. വര്‍ഷങ്ങളോളം ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമില്‍ താമസിച്ചു കലാ സാംസ്‌കാരിക രംഗത്തും എഴുത്തിന്റെ ലോകത്തും സജീവ സാന്നിധ്യം ആയിരുന്നു. ഇപ്പോള്‍ ഓസ്ട്രേലിയയിലെ ബ്രിസ്ബണില്‍ കുടുംബസമേതം താമസിക്കുന്നു. ഇപ്പോഴും സജീവമായി എഴുത്തിന്റെ ലോകത്തുള്ള അനിലിന്റെ രചനകള്‍ ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നു. മുന്‍പ് കല യുകെ നടത്തിയ കഥ മത്സരത്തില്‍
പ്രഥമ സ്ഥാനം നേടിയിട്ടുണ്ട്.

ചെറുകഥയില്‍ രണ്ടാം സ്ഥാനം നേടിയത് ലിജി സെബി എഴുതിയ ‘ സ്വന്തം പിറന്നാള്‍ സമ്മാനം’ ആണ്. എറണാകുളം ജില്ലയിലെ കാലടി സ്വദേശിനിയാണ്. യുകെയില്‍ സറേയില്‍ താമസിക്കുന്നു. കഥകളും കവിതകളും അനുഭവക്കുറിപ്പുകളും എഴുതി സാഹിത്യ ലോകത്ത് വളരെ സജീവമാണ് ലിജി. കവിതാ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ ‘ ഓരോ മോഹങ്ങള്‍ ‘ രചിച്ചതും ലിജിയാണ്.

മാത്യു ഡൊമിനിക്കിന്റെ ‘ദേശാടനപ്പക്ഷി’ക്കാണ് കഥാമത്സരത്തില്‍ മൂന്നാം സ്ഥാനം. കോട്ടയം ജില്ലയിലെ ആനിക്കാട് സ്വദേശിയായ മാത്യു ബെര്‍ക്ക്ഷയറില്‍ സ്ലോയില്‍ താമസിക്കുന്നു. യുക്മ സാംസ്‌കാരികവേദി സംഘടിപ്പിച്ച സാഹിത്യമത്സരത്തില്‍ മുന്‍പ് സമ്മാനം നേടിയിട്ടുണ്ട്. സ്ലോ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് ആണ് മാത്യു ഡൊമിനിക്.

കവിതാമത്സരത്തില്‍ പ്രഥമ സ്ഥാനം ബീന റോയ് എഴുതിയ ‘ജഠരാഗ്‌നി’ നേടി. യുകെയിലെ സാഹിത്യരംഗത്ത് മുഖവുര ആവശ്യമില്ലാത്ത എഴുത്തുകാരിയായാണ് ബീന റോയ്. ഇംഗ്ലീഷിലും മലയാളത്തിലും നിരന്തരം എഴുതുന്ന ബീനയുടെ രചനകള്‍ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. യുക്മ ജ്വാല ഇ മാഗസിന്‍, ജനനി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും ബീന സ്ഥിരമായി എഴുതുന്നു. യുകെയിലെ അറിയപ്പെടുന്ന ഗായകന്‍ റോയ് സെബാസ്റ്റ്യന്റെ ഭാര്യയാണ് ബീന റോയ്.

നിമിഷ ബാസില്‍ രചിച്ച ‘മരണം ‘ എന്ന കവിതയാണ് രണ്ടാം സമ്മാനം നേടിയത്. കോളേജ് വിദ്യാഭാസകാലം മുതല്‍ എഴുതി തുടങ്ങിയ നിമിഷ നവമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ്.

വിജയികളെ ലണ്ടന്‍ മലയാള സാഹിത്യവേദി ജനറല്‍ കണ്‍വീനര്‍ റജി നന്തികാട്ട് അഭിനന്ദിച്ചു. വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ 2018 ല്‍ ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന നൃത്ത സംഗീത സന്ധ്യ ‘വര്‍ണനിലാവ്’ എന്ന പരിപാടിയോടൊപ്പം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വിതരണം ചെയ്യുന്നതായിരിക്കും. സമ്മാനാര്‍ഹമായ കൃതികള്‍ പ്രമുഖ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കും.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles