ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ അശ്ലീല ഉള്ളടക്കങ്ങൾ അടങ്ങിയ സൈറ്റുകളുടെ ഉപയോഗം ഗുരുതര സാമൂഹിക-ആരോഗ്യ പ്രശ്നമായി മാറുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരം ഉപയോഗം ഗണ്യമായി വർധിച്ചതായി യുകെയിലെ തെറാപ്പിസ്റ്റുകളുടെ സംഘടന പറഞ്ഞു. ബ്രിട്ടീഷ് അസോസിയേഷൻ ഫോർ കൗൺസലിംഗ് ആൻഡ് സൈക്കോതെറാപ്പി (BACP) നടത്തിയ സർവേയിൽ പങ്കെടുത്ത ഏകദേശം 3,000 കൗൺസിലർമാരിൽ 53 ശതമാനം പേരും, അശ്ലീല ഉപഭോഗം ജീവിതത്തെ നിയന്ത്രണാതീതമായി ബാധിച്ചതിനെ തുടർന്ന് സഹായം തേടുന്നവരുടെ എണ്ണം വർധിച്ചതായി വ്യക്തമാക്കി.

അമിതമായി അശ്ലീല ഉള്ളടക്കം അടങ്ങിയ കാര്യങ്ങളുടെ ഉപയോഗം മൂലം പഠനം, ജോലി, കുടുംബബന്ധങ്ങൾ എന്നിവ അവഗണിക്കപ്പെടുന്നതായും ഗുരുതരമായ പ്രശ്നങ്ങൾ രൂപപ്പെടുന്നതായും വിദഗ്ധർ പറയുന്നു. ചിലർ ശാരീരിക ലൈംഗിക പ്രശ്നങ്ങളുമായി പോലും ചികിത്സ തേടുന്നുണ്ട്. ഇതിൽ ചിലരെ എൻഎച്ച്എസ് ലൈംഗികാരോഗ്യ ക്ലിനിക്കുകൾ വഴിയാണ് തെറാപ്പിയിലേക്ക് റഫർ ചെയ്യുന്നത്. അശ്ലീല ലഹരി ഘട്ടംഘട്ടമായി വളരുന്ന ഒരു പ്രശ്നമാണെന്നും, മാനസിക സമ്മർദങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗമായി ഇത് ഉപയോഗിക്കപ്പെടുമ്പോൾ പിന്നീട് അതിന് അടിമയായി മാറുന്നതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അശ്ലീല ലഹരിയെക്കുറിച്ച് ദേശീയതലത്തിലുള്ള സമഗ്ര നയം അനിവാര്യമാണെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. എല്ലാ പ്രായവിഭാഗങ്ങളെയും ബാധിക്കുന്ന ഈ പ്രശ്നത്തിന്റെ സാമ്പത്തിക – സാമൂഹിക പ്രത്യാഘാതങ്ങൾ സർക്കാർ ഗൗരവമായി വിലയിരുത്തണമെന്നും, യുവാക്കളെ ലക്ഷ്യമിട്ട് ബോധവത്കരണവും ഇടപെടലും ശക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ലജ്ജയും അപമാനബോധവും കാരണം പലരും സഹായം തേടാതെ ഒറ്റപ്പെടുകയാണെന്നും, തുറന്ന ചർച്ചകളും പിന്തുണാ സംവിധാനങ്ങളും വർധിപ്പിച്ചാൽ കൂടുതൽ പേർ ചികിത്സ തേടാൻ മുന്നോട്ട് വരുമെന്നും തെറാപ്പിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു.











Leave a Reply