ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇംഗ്ലണ്ടിലെ പല സ്കൂളുകളിലും അധ്യാപകരുടെ എണ്ണം വെട്ടി ചുരുക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത്. അധ്യാപകരുടെ സംഘടനയായ നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്സാണ് ഇക്കാര്യം പുറത്തുവിട്ടത്. പല സ്കൂളുകളിലും ഇതിന്റെ ഭാഗമായി അധ്യാപകരെ പിരിച്ചു വിടുന്നതായും, ജോലി സമയം വെട്ടി ചുരുക്കുന്നതായും അവർ പറയുന്നു. പണം ലാഭിക്കാനും, ശമ്പളം നൽകാനുമുള്ള ബുദ്ധിമുട്ട് മുമ്പിൽ കണ്ടാണ് ഇങ്ങനെ ഒരു നടപടി എന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. ബഡ്ജറ്റ് നിലവിൽ താളം തെറ്റുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതെന്നും അവർ മുന്നറിയിപ്പായി നൽകുന്നു.
നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്സിൻെറ സ്‌നാപ്പ്‌ഷോട്ട് സർവേയിൽ പ്രതികരിച്ച 11,000 പേരിൽ 66% പേരും ടീച്ചിംഗ് അസിസ്റ്റന്റുമാരെ അനാവശ്യമാക്കുകയോ അവരുടെ സമയം വെട്ടിക്കുറയ്ക്കുകയോ ചെയ്യുമെന്നാണ് അഭിപ്രായപ്പെട്ടത്. പല സ്കൂളിലും ഇത് നിലവിൽ നടപ്പിലായി വരുന്നുണ്ടെന്നാണ് വാർത്തകൾ ചൂണ്ടിക്കാട്ടുന്നത്. സ്കൂളിലെ ചിലവുകൾ ദൈനംദിനം വർധിക്കുകയാണ്. സർവേയിൽ പ്രതികരിച്ചതിൽ 54% ആളുകളും വിഷയത്തെ ഗൗരവമായി നോക്കി കാണുകയും, അടിയന്തിരമായി നടപടി കൈകൊള്ളണമെന്നും അഭിപ്രായപ്പെട്ടവരും ആണ്.
ഊർജബില്ല് ഉൾപ്പടെ പല കാര്യങ്ങളും താങ്ങാവുന്നതിനും അപ്പുറമാണ്. അതിനനുസരിച്ചു വരുമാനം ഇവിടങ്ങളിൽ ഉണ്ടാകുന്നില്ലെന്നും അധികൃതർ പറയുന്നു. എന്നാൽ വിഷയത്തിൽ ഗവൺമെന്റ് പറയുന്നത് സ്കൂൾ ഫണ്ട് ഈ വർഷം തന്നെ നാല് ബില്യൺ ആയി വർധിപ്പിച്ചിട്ടുണ്ടെന്നാണ്. എന്നാൽ, അടുത്തയാഴ്ച സർക്കാരിന്റെ പ്രസ്താവനയ്ക്ക് മുന്നോടിയായി, വ്യാപകമായി പൊതു ഫണ്ടിംഗ് വെട്ടിക്കുറയ്ക്കാൻ സാധ്യത ഉണ്ടെന്ന് നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്സ് പറയുന്നു.
Leave a Reply