അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ബ്രെക്സിറ്റ് കരാറിലെത്തി ചേർന്നാലും ഭൂരിപക്ഷം ബ്രിട്ടീഷുകാർക്കും ജനുവരി 1 മുതൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കുവാൻ വിലക്ക് വന്നേക്കാം. യൂറോപ്യൻ യൂണിയൻ പിൻതുടരുന്ന കർശനമായ കോവിഡ് -19 യാത്രാനിയന്ത്രണങ്ങൾ മൂലമാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജൂൺ -15ൻെറ കണക്കുപ്രകാരം യൂറോപ്യൻ യൂണിയൻെറ കൊറോണ വൈറസ് വ്യാപനം നിരക്കുമായി കുറവുള്ളതോ തുല്യമായതോ ആയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമേ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കുവാൻ സാധ്യമാവുകയുള്ളൂ. അവസാന നിമിഷ ചർച്ചകളുടെ ഭാഗമായി ഒരു കരാറിൽ എത്തിപ്പെട്ടാലും യാത്രാനിയന്ത്രണങ്ങളിൽ കാര്യമായ മാറ്റം ഉണ്ടാകാനുള്ള സാധ്യത രാഷ്ട്രീയനിരീക്ഷകർ കാണുന്നില്ല.
ഓസ്ട്രേലിയ, ന്യൂസിലൻഡ് പോലുള്ള വൈറസ് വ്യാപന തോത് കുറവുള്ള രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്ക് യൂറോപ്യൻ യൂണിയനിലേയ്ക്ക് യാത്ര സാധ്യമാകുമെന്നാണ് അറിയാൻ സാധിക്കുന്നത്. യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങളിൽ 18 രാജ്യങ്ങൾക്കും യുകെയെക്കാൾ വൈറസ് വ്യാപന തോത് കൂടുതലാണ്. എന്നിരുന്നാലും ബ്രിട്ടനെ സുരക്ഷിത പട്ടികയിൽ ഉൾപ്പെടുത്താനുള്ള പദ്ധതികളൊന്നുമില്ലെന്നാണ് യൂറോപ്യൻ യൂണിയൻെറ ഔദ്യോഗിക പ്രതികരണം. അതായത് ബോറിസ് ജോൺസൺ ഈയാഴ്ച ബ്രസ്സൽസിൽ യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്‌നുമായി അവസാനനിമിഷം കരാറിൽ എത്തിച്ചേരുന്നതിൽ വിജയിച്ചാലും ബ്രിട്ടനിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കുന്നത് അസാധ്യമായിരിക്കും.
എന്നാൽ ഈ നിയന്ത്രണങ്ങൾ ബ്രെക്സിറ്റ് മൂലമാണെന്നുള്ള വാദങ്ങൾ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് നിഷേധിച്ചു. എല്ലാ രാജ്യങ്ങളും കോവിഡ്-19 നോടനുബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന്ന യാത്ര നിയന്ത്രണങ്ങളിൽ പുനരവലോകനം നടത്തുന്നത് നല്ലതായിരിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രെക്സിറ്റ് പ്രാബല്യത്തിൽ വരുന്ന ജനുവരി ഒന്നുമുതൽ രാജ്യത്ത് താമസിക്കാൻ ബ്രിട്ടീഷുകാർക്ക് പ്രവേശന വിലക്ക് ഉണ്ടെന്ന് ഓസ്‌ലോ ഇതിനകം വ്യക്തമാക്കിയിരുന്നു. എന്നാൽ പൊതുജനാരോഗ്യത്തിൻെറ കാര്യത്തിൽ മറ്റു രാജ്യങ്ങൾ എടുക്കുന്ന തീരുമാനത്തോട് പ്രതികരിക്കാൻ കഴിയില്ലെന്നാണ് യുകെ സർക്കാരിൻെറ ഔദ്യോഗിക വക്താവ് യാത്രാനിയന്ത്രണങ്ങളെ കുറിച്ച് പ്രതികരിച്ചത്.
Leave a Reply