ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബാങ്കിംഗ് മേഖലയിലെ തകർച്ചകൾ ലോകമെങ്ങുമുള്ള ഓഹരി വിപണിയിൽ വൻ ചലനമാണ് സൃഷ്ടിച്ചത്. യുകെയും യുഎസ്എയും ഇന്ത്യ അടക്കമുള്ള മിക്ക ഓഹരി വിപണികളും നിക്ഷേപകർക്ക് സമ്മാനിച്ചത് കാളരാത്രിയായിരുന്നു. യുഎസ് ആസ്ഥാനമായുള്ള സിലിക്കൺ വാലി ബാങ്ക്, സിൽവർഗേറ്റ് , സിഗ്നേച്ചർ ബാങ്ക് എന്നിവയുടെ തകർച്ചയാണ് ഓഹരി വിപണിയിലെ ആശങ്കകൾക്ക് തുടക്കമിട്ടത്. ഇതിന് പുറമേ സ്വിറ്റ്സർലാൻഡിലെ ബാങ്കുകളുടെ സാമ്പത്തിക ഭദ്രതയെ കുറിച്ചുള്ള വാർത്തകളും വിപണിയെ പിടിച്ചു കുലുക്കി.

എന്നാൽ തങ്ങളുടെ ബാങ്കുകളുടെ സാമ്പത്തിക സ്ഥിരതയെക്കുറിച്ച് യുകെ, യുഎസ് സർക്കാരുകൾ ഉറപ്പു നൽകിയതിനെത്തുടർന്ന് ഇന്നലെ ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ കുതിച്ചുയർന്നു. ഇനി തങ്ങളുടെ രാജ്യത്ത് ഏതെങ്കിലും ബാങ്കുകൾ തകർന്നാൽ ജനങ്ങളുടെ നിക്ഷേപം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ സൂചിപ്പിച്ചതാണ് യുഎസ് ഓഹരി വിപണിക്ക് ഉണർവേകിയത്. അതേസമയം യുകെയുടെ സാമ്പത്തിക സംവിധാനം അടിസ്ഥാനപരമായി ശക്തമാണെന്ന് ചാൻസിലർ ജെറമി ഹണ്ട് എംപിമാരോട് പറഞ്ഞു. ലേബർ പാർട്ടിയുടെ ഷാഡോ ചാൻസിലർ റേച്ചൽ റീവ്സിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ചാൻസിലർ ഇത് പറഞ്ഞത്. തങ്ങളുടെ ബാങ്കിംഗ് മേഖലയോട് യുകെയിലെയും യുഎസ്എയിലെയും സർക്കാരുകളുടെ പോസിറ്റീവായുള്ള പ്രതികരണം ഓഹരി വിപണികളെ തുണച്ചതായാണ് വിദഗ്ധർ വിലയിരുത്തുന്നത്.


ഓഹരി മേഖലയിലെ തകർച്ചകളും ബാങ്കുകളുടെ അസ്ഥിരതകളെ കുറിച്ചുള്ള വാർത്തകളും കടുത്ത ആശങ്കകളാണ് യുകെ മലയാളികളിലും സൃഷ്ടിച്ചത്. ഒരുകാലത്ത് തങ്ങളുടെ നിക്ഷേപങ്ങൾ കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കാനാണ് പല യുകെ മലയാളികളും ശ്രമിച്ചിരുന്നത്. എന്നാൽ പുതിയ കാല യുകെ മലയാളികൾ തങ്ങൾ തിരിച്ച് ഇനി കേരളത്തിലേയ്ക്ക് ഇല്ലെന്ന യാഥാർത്ഥ്യം മനസ്സിലാക്കി മുന്നോട്ട് പോകുന്നവരാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ നിക്ഷേപങ്ങൾ ബാങ്കുകളിലും ഓഹരികളിലും കേന്ദ്രീകരിച്ച് നടത്താനാണ് പലരും താത്പര്യപ്പെടുന്നത്. അതിനാൽ ബാങ്കിംഗ് മേഖലയെ ഓഹരി വിപണിയെ കുറിച്ചുള്ള വാർത്തകൾ കടുത്ത ആശങ്കയാണ് പല യുകെ മലയാളികളിലും സൃഷ്ടിച്ചത്.