കെ എം മാണിക്കെതിരെ തന്റെ ഭാഗത്തുനിന്നും യാതൊരുവിധ നീക്കങ്ങളും ഉണ്ടായിട്ടില്ലെന്നും ഒരു അഭിമുഖത്തിൽ പിസി ജോർജ് പറഞ്ഞത് തെറ്റിദ്ധാരണ പരത്തുന്ന പരാമർശങ്ങൾ ആയിരുന്നെന്നും രണ്ടു പതിറ്റാണ്ടോളം കെഎം മാണിയുടെ സന്തതസഹചാരിയായിരുന്ന സിബിമാത്യു സാമൂഹ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി . തന്റെ വ്യക്തിപരമായ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്ന പരാമർശങ്ങൾ ആയിരുന്നതിനാലാണ് വിശദീകരണവുമായി മുന്നോട്ടുവന്നതെന്ന് സിബി മാത്യു ചൂണ്ടിക്കാട്ടി. വിശദീകരണത്തി ന്റെ പൂർണരൂപം വായിക്കാം.
2013ൽ കെഎം മാണി സാറിനെ മുഖ്യമന്ത്രിയാക്കാൻ ലക്ഷ്യമിട്ട് ബഹുമാന്യനായ പി സി ജോർജ് സാർ ചില രാഷ്ട്രീയ നീക്കങ്ങൾ നടത്തിയിരുന്നു. അദ്ദേഹം തന്നെ ഈ വിവരം എന്നോട് പറഞ്ഞപ്പോൾ മാണി സാറിനെ സ്നേഹിക്കുന്ന എല്ലാവരെയും പോലെ ഞാനും അത് ആഗ്രഹിച്ചിരുന്നു എങ്കിലും അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത് പ്രായോഗികമായ ഒരു കാര്യമല്ല എന്ന എൻറെ അഭിപ്രായവും ഞാൻ പിസി ജോർജ് സാറിനോട് വ്യക്തമാക്കിയതാണ്. എൻറെ വ്യക്തിപരമായ അഭിപ്രായം പറയുകയല്ലാതെ ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു വെളിപ്പെടുത്തലും ഞാൻ അദ്ദേഹത്തോടു നടത്തിയിട്ടില്ല.
എന്നാൽ ഈ അടുത്ത ദിവസങ്ങളിൽ നൽകിയ ഒരു അഭിമുഖത്തിൽ ഞാൻ വെളിപ്പെടുത്തിയത് എന്ന് പറഞ്ഞു അദ്ദേഹം ചില കാര്യങ്ങൾ പറയുകയുണ്ടായി. അത്തരമൊരു വെളിപ്പെടുത്തൽ ഒരുപാട് തെറ്റിദ്ധാരണകൾക്കും, എൻറെ വ്യക്തിപരമായ വിശ്വാസ്യതക്കും മങ്ങൽ ഏൽപ്പിക്കും എന്ന സാഹചര്യത്തിലും, അദ്ദേഹം നടത്തിയ പരാമർശങ്ങളുമായി എനിക്ക് യാതൊരു ബന്ധവും ഇല്ലാത്തതിനാലും ആണ് അദ്ദേഹത്തിൻറെ വാക്കുകളെ പൂർണമായും നിരാകരിച്ചു കൊണ്ട് ഈ വിശദീകരണക്കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുവാൻ ഞാൻ നിർബന്ധിതമാകുന്നത്.
Leave a Reply