ലണ്ടന്‍: ബ്രെക്‌സിറ്റ് നടപടികള്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേയ്. സ്വാതന്ത്ര്യത്തിനായുള്ള രണ്ടാം ഹിതപരിശോധനയ്ക്കാണ് ഇതിലൂടെ വഴി തെളിയുന്നതെന്ന് എസ്എന്‍പി അവകാശപ്പെട്ടു. സ്‌കോട്ട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജനുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പ്രധാന മന്ത്രി അറിയിച്ചത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഹിതപരിശോധന നടത്തരുതെന്നാണ് മേയ് സ്റ്റര്‍ജനോട് ആവശ്യപ്പെട്ടത്. ബ്രെക്‌സിറ്റ് ചര്‍ച്ചകളുടെ ഫലം സ്‌കോട്ടിഷ് ജനത അറിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇത് ഹിതപരിശോധനയ്ക്കുള്ള സമ്മതമാണെന്ന വിലയിരുത്തലാണ് എസ്എന്‍പി നടത്തുന്നത്. 18 മാസത്തിനുള്ളില്‍ ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കാനും ബാക്കി ആറുമാസങ്ങള്‍ അവയുടെ സ്ഥിരീകരണത്തിനുമാണ് വിനിയോഗിക്കുക. ഇതാണ് തങ്ങള്‍ നല്‍കിയ സമയക്രമത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് യൂറോപ്പില്‍ സ്‌കോട്ട്‌ലന്‍ഡിന്റെ സ്ഥാനത്തേക്കുറിച്ച് ചര്‍ച്ചകള്‍ക്കായി നിയോഗിച്ചിരിക്കുന്ന എസ്എന്‍പി മന്ത്രി മൈക്ക് റസല്‍ പറഞ്ഞു. ഈ സമയക്രമത്തിനുള്ളില്‍ ഹിതപരിശോധന നടത്താനുള്ള നിര്‍ദേശത്തെ എതിര്‍ക്കാന്‍ പ്രധാനമന്ത്രിക്ക് ബുദ്ധിമുട്ടാണെന്ന് സ്റ്റര്‍ജനും വ്യക്തമാക്കി.

ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കളാരും തന്നെ ഒരു സമയക്രമം നിര്‍ദേശിച്ചിട്ടുണ്ടെന്ന് മേയ് ഇതുവരെ പറഞ്ഞിട്ടില്ല. ആര്‍ട്ടിക്കിള്‍ 50 അനുസരിച്ച് ചര്‍ച്ചകളും നടപടിക്രമങ്ങളും രണ്ട് വര്‍ഷം വരെ നീളാം. എന്നാല്‍ ഇവയ്ക്ക് അംഗീകാരം നല്‍കണമെങ്കില്‍ യൂറോപ്യന്‍ പാര്‍ലമെന്റിന് ആറ് മാസം വരെ സമയം ആവശ്യമാണ്. ബ്രസല്‍സില്‍ ചര്‍ച്ചകള്‍ക്കു ശേഷം മാത്രമേ ഇതിന് അംഗീകാരം നല്‍കാനാകൂ.

18 മാസത്തെ ടൈംടേബിള്‍ യൂറോപ്യന്‍ കമ്മീഷന്റെ ബ്രെക്‌സിറ്റ് നെഗോഷ്യേറ്ററായ മൈക്കിള്‍ ബാര്‍നിയര്‍ ഡിസംബറില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെ അതിശയത്തോടെയാണ് ഡൗണിംഗ് സ്ട്രീറ്റ് നോക്കിക്കണ്ടത്. എന്നാല്‍ ബ്രെക്‌സിറ്റിലും സ്‌കോട്ടിഷ് ഹിതപരിശോധനയിലും സര്‍ക്കാര്‍ നയങ്ങള്‍ക്ക് മാറ്റമില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്.