ഇന്ന് നടക്കാനിരിക്കുന്ന ബ്രസല്‍സ് ഉച്ചകോടിയില്‍ സ്‌പെയിന്‍ ഉയര്‍ത്തിയ ബഹിഷ്‌കരണ ഭീഷണിയൊഴിഞ്ഞു. ജിബ്രാള്‍ട്ടര്‍ വിഷയത്തിലുള്ള അനിശ്ചിതത്വം ചൂണ്ടിക്കാട്ടി ബ്രിട്ടന്റെ ബ്രെക്‌സിറ്റ് പ്രമേയത്തെ സ്‌പെയിന്‍ വീറ്റോ ചെയ്യുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജിബ്രാള്‍ട്ടര്‍ വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് സമ്മതിച്ചുവെന്ന് സ്‌പെയിന്‍ വ്യക്തമാക്കി. അതേസമയം സ്‌പെയിന് പുതിയ ഉറപ്പുകളൊന്നും നല്‍കിയിട്ടില്ലെന്നാണ് തെരേസ മേയും ജിബ്രാള്‍ട്ടര്‍ പ്രധാനമന്ത്രിയും പ്രതികരിച്ചത്. യുകെ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര ചര്‍ച്ചകളില്‍ നിന്ന് ജിബ്രാള്‍ട്ടറിനെ ഒഴിവാക്കാമെന്ന മേയ് സമ്മതിച്ചുവെന്നാണ് സ്‌പെയിന്‍ വാദിക്കുന്നത്.
ബ്രിട്ടന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. പുതിയ സാഹചര്യത്തില്‍ ബ്രിട്ടന്‍ മുന്നോട്ടു വെച്ച ധാരണ അംഗീകരിക്കണമെന്ന് യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ പ്രതിനിധികളോട് യൂറോപ്യന്‍ കമ്മീഷന്‍ തലവന്‍ ഡൊണാള്‍ഡ് ടസ്‌ക് ആവശ്യപ്പെട്ടു. ധാരണകള്‍ ഉച്ചകോടി അംഗീകരിച്ചാല്‍ കോമണ്‍സില്‍ അതിന് അംഗീകാരം നേടേണ്ടതുണ്ട്. അടുത്ത മാസം ആദ്യം തന്നെ ഇക്കാര്യത്തില്‍ കോമണ്‍സ് അംഗീകാരം ലഭിക്കുമെന്നാണ് സൂചന. എന്നാല്‍ ഇടഞ്ഞു നില്‍ക്കുന്ന ടോറി എംപിമാരെ അനുനയിപ്പിച്ച് ഈ ധാരണയ്ക്ക് അംഗീകാരം നേടിയെടുക്കാന്‍ മേയ് കുറച്ചു കഷ്ടപ്പെടേണ്ടി വരും.
പ്രധാനമന്ത്രിക്കെതിരെ ബോറിസ് ജോണ്‍സണും കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്ന സഖ്യകക്ഷി ഡിയുപിയെയും ജോണ്‍സണ്‍ വിമര്‍ശിച്ചു. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് പ്രമേയം നിരസിക്കപ്പെട്ടാല്‍ മുന്നോട്ടു വെക്കാന്‍ മന്ത്രിമാര്‍ ഒരു പ്ലാന്‍ ബി പ്രൊപ്പോസല്‍ രൂപീകരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Leave a Reply