വാഷിംഗ്ടണിലെ യുകെ അംബാസഡർ സർ കിം ഡാരോച്ച് , ട്രംപ് ഭരണകൂടത്തെ കഴിവില്ലാത്തതും സുരക്ഷിതമല്ലാത്തതും ആയി വിശേഷിപ്പിച്ചു കൊണ്ട് അയച്ച ഈമൈലുകൾ ചോർന്നത് പല വിവാദങ്ങൾക്കും തിരികൊളുത്തി. ഡാരോച്ചിന്റെ ഈ അഭിപ്രായത്തെ അനൂകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. തെരേസ മേയും തന്റെ അഭിപ്രായം രേഖപ്പെടുത്തി. കിം ഡാരോച്ചിനെ പൂർണ വിശ്വാസം ഉണ്ടെന്നും എന്നാൽ യുഎസിനെ പറ്റിയുള്ള അദേഹത്തിന്റെ വിലയിരുത്തലിനോട് യോജിക്കുന്നില്ലെന്നും മേ അറിയിച്ചു. ഒരു ക്രിമിനൽ അന്വേഷണം വേണമെന്ന് മുതിർന്ന കൺസേർവേറ്റിവ് പാർട്ടി എംപി പോലീസിനോട് ആവശ്യപ്പെട്ടു. സത്യസന്ധമായ അഭിപ്രായങ്ങൾ നൽകുക എന്നതാണ് അംബാസഡറുടെ കടമയെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ” ഈ ചോർന്ന ഇമെയിലുകൾ അസ്വീകാര്യമായവയാണ്. ഈ മെയിലുകൾ തീർത്തും അംഗീകരിക്കാൻ കഴിയാത്തവയാണെന്ന് ട്രംപ് ഭരണകൂടത്തെ അറിയിക്കാൻ ഞങ്ങൾ ശ്രമിച്ചു. ” അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശകാര്യ കമ്മിറ്റി ചെയർമാൻ ടോം ടുഗൻഡ്ഹാറ്റ് ഇപ്രകാരം അറിയിച്ചു ” ഈ പ്രശ്നത്തിൽ ഒരു അന്വേഷണം നടത്താൻ വേണ്ടി കമ്മീഷണർ ക്രീസിഡ ഡിക്കിന് കത്തെഴുതിയിട്ടുണ്ട്. എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച്, ചോർന്ന മെയിലിന്റെ ഉറവിടം കണ്ടെത്തണം എന്നും അവരോട് ആവശ്യപ്പെട്ടു.” ഒരു അന്വേഷണം ആവശ്യമാണെന്ന് വിദേശ കാര്യാലയ മന്ത്രി സർ അലൻ ഡങ്കനും അഭിപ്രായപ്പെട്ടു. ഈ ചോർച്ച അധാർമ്മികവും ദേശസ്നേഹമില്ലാത്തതുമാണെന്നും ഇമെയിലുകൾ പുറത്തുവിടുന്നവർ യുകെയും യുഎസും തമ്മിലുള്ള ബന്ധത്തെ ദുർബലപ്പെടുത്തുന്നുവെന്നും വാണിജ്യ സെക്രട്ടറി ലിയാം ഫോക്സ് ബിബിസിയോട് പറഞ്ഞു. “കുറ്റവാളിയെ എത്രയും വേഗം കണ്ടെത്താൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.ഇത്തരത്തിൽ ഉള്ള ആളുകൾക്ക് സമൂഹത്തിൽ സ്ഥാനം ഉണ്ടായിരിക്കുകയില്ല” ഫോക്സ് കൂട്ടിച്ചേർത്തു.
ലേബർ പാർട്ടി ഷാഡോ വിദേശകാര്യ സെക്രട്ടറി എമിലി തോൺബെറി കിമ്മിനെ അനുകൂലിച്ച് സംസാരിച്ചു.കിം സത്യങ്ങൾ മാത്രമാണ് വെളിപ്പെടുത്തിയതെന്നും അത് അദേഹത്തിന്റെ ജോലിയാണെന്നും അവർ പറഞ്ഞു. എന്നാൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം ഇപ്രകാരം ആയിരുന്നു “ഞങ്ങൾ ആരും കിമ്മിന്റെ ആരാധകരല്ല, കിം യുകെയെ വേണ്ടുംപോലെ സേവിച്ചിട്ടില്ല”. ബോറിസ് ജോൺസൻ പ്രധാനമന്ത്രിയായാൽ കിമ്മിനെ പോലുള്ള ആളുകൾ ഉണ്ടാവില്ലെന്ന് ബ്രെക്സിറ്റ് പാർട്ടി ലീഡർ നിഗെൽ ഫരാഗ്, ബിബിസി റേഡിയോ 4 പ്രോഗ്രാമിൽ പങ്കെടുക്കവേ അഭിപ്രായപ്പെടുകയുണ്ടായി.
Leave a Reply