ലണ്ടന്‍: ലോക്കല്‍ ഇലക്ഷനില്‍ തിരിച്ചടിയേറ്റതിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരായ വികാരം ശക്തിപ്പെടുന്നു. തെരേസ മേയ് സ്വയം രാജിവെച്ചില്ലെങ്കില്‍ പാര്‍ട്ടി അവരെ പുറത്താക്കാന്‍ നിര്‍ബന്ധിതരാവുമെന്ന് കണ്‍സര്‍വേറ്റീവ് മുമന്‍ നേതാവും എം.പിയുമായ ലെയിന്‍ ഡുണ്‍കാന്‍ സ്മിത്ത് വ്യക്തമാക്കി. ബ്രെക്‌സിറ്റ് പ്രതിസന്ധി കാര്യക്ഷമമായി പരിഹരിക്കാന്‍ തെരേസ മേയ്ക്ക് സാധിക്കാത്തതാണ് ലോക്കല്‍ ഇലക്ഷനില്‍ തിരിച്ചടിക്ക് കാരണമായതെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് സ്മിത്തിന്റെ പരാമര്‍ശവും പുറത്തുവന്നിരിക്കുന്നത്. 2015നെ അപേക്ഷിച്ച് വലിയ തിരിച്ചടിയാണ് ഇത്തവണ ഇംഗ്ലീഷ് ലോക്കല്‍ ഇലക്ഷനില്‍ പ്രധാനമന്ത്രി തെരേസ മേയുടെ പാര്‍ട്ടിക്ക് നേരിട്ടത്. 1334 സിറ്റിംഗ് സീറ്റുകള്‍ കണ്‍സര്‍വേറ്റീവിന് നഷ്ടമായി.

1995ന് ശേഷം കണ്‍സര്‍വേറ്റീവ് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി കൂടിയാണിത്. ലോക്കല്‍ ഇലക്ഷനിലെ തിരിച്ചടി പാര്‍ട്ടിക്കുള്ളില്‍ മേ വിരുദ്ധ വികാരം വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് സൂചന നല്‍കുന്നതാണ് സ്മിത്തിന്റെ മുന്നറിയിപ്പ്. അതേസമയം ബ്രെക്‌സിറ്റ് കരട് രേഖ പാസാവാന്‍ ലേബര്‍ പാര്‍ട്ടിയുമായി സഹകരിക്കണമെന്നും കണ്‍സര്‍വേറ്റീവില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. ലോക്കല്‍ ഇലക്ഷന്‍ ഫലം പ്രഖ്യാപിക്കപ്പെട്ടതോടെ തെരേസ മേ ഭരണത്തിലുള്ള ജനങ്ങളുടെ അതൃപ്തിയാണ് വെളിവായിരിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. അതേസമയം തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ ലേബര്‍ പാര്‍ട്ടിക്കും കഴിഞ്ഞിട്ടില്ല. 82 സീറ്റുകളാണ് ലേബര്‍ പാര്‍ട്ടിക്ക് നഷ്ടമായിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രെക്സിറ്റിനെ നിര്‍ത്തലാക്കാന്‍ ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ലിബറല്‍ ഡെമോക്രാറ്റുകളാകട്ടെ ഇലക്ഷനില്‍ നേട്ടം കൊയ്യുകയും ചെയ്തു. ഏതാണ്ട് 703 സീറ്റുകളാണ് ഇത്തവണ ലിബറല്‍ ഡെമോക്രാറ്റുകള്‍ അധികം സ്വന്തമാക്കിയത്. ഡെമോക്രാറ്റുകള്‍ നേടുന്ന മികച്ച തെരഞ്ഞെടുപ്പ് വിജയം കൂടിയാണിത്. യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിക്കും (UKIP) തെരഞ്ഞെടുപ്പ് തിരിച്ചടികളുടേതാണ്. 2015നെ അപേക്ഷിച്ച് 145 സീറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മേ ഭരണത്തിന്റെ പോരായ്മയാണെന്ന് സ്മിത്ത് ചൂണ്ടിക്കാണിച്ചു. എത്രയും വേഗം രാജിവെച്ച് പുറത്തുപോവുകയെന്നതാണ് മേയ്ക്ക് ഇനി ചെയ്യാനുള്ളത്. അങ്ങനെ ചെയ്തില്ലെങ്കില്‍ പാര്‍ട്ടി മറ്റു നടപടികളിലേക്ക് കടക്കുമെന്നും സ്മിത്ത് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.