സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധ മൂലം തകർന്നിരിക്കുന്ന സാമ്പത്തിക മേഖലയെ പുനർജ്ജീവിപ്പിക്കുന്നതിനായി പലിശ നിരക്കുകൾ എല്ലാംതന്നെ വെട്ടിക്കുറച്ചു ബാങ്ക് ഓഫ് ഇംഗ്ലണ്ട്. 0.75 ശതമാനത്തിൽ നിന്നും 0.25 ശതമാനമായാണ് നിരക്കുകൾ കുറച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ കമ്പനികൾക്കും മറ്റും കടം കൊടുക്കുന്നത് ബാങ്കുകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്. ബഡ്ജറ്റ് വരാനിരിക്കെ ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങൾ ഇനിയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഹരി വിപണി ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ അവസ്ഥയിലാണ്. ബ്രിട്ടനിലെ ബിസിനസു കളയും കുടുംബങ്ങളെയും കടബാധ്യതയിൽ നിന്നും രക്ഷിക്കാനാണ് ബാങ്കിന്റെ നടപടികൾ എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക്ക്‌ കാർണി വ്യക്തമാക്കി.

എന്നിരുന്നാൽ തന്നെയും ബ്രിട്ടനിലെ സാമ്പത്തിക മേഖല ഇനിയും തകർച്ചയിലേക്ക് കൂപ്പുകുത്താനുള്ള സാധ്യത ഏറെയാണെന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടൺ മാത്രമല്ല മറ്റെല്ലാ രാജ്യങ്ങളും ഇതേ സാഹചര്യമാണ് നേരിടുന്നത്.

യുകെയിൽ മൊത്തം 382 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ ബാധമൂലം ആറു പേർ മരിക്കുകയും ചെയ്തു. ഏറ്റവും അവസാനമായി പ്രായമായ 80 വയസ്സുള്ള ഒരാളാണ് മരണപ്പെട്ടിരിക്കുന്നത്. ആർസെനലിനെതിരെയുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ പ്രീമിയർ ലീഗ് മത്സരം കൊറോണ ബാധയെത്തുടർന്ന് മാറ്റിവച്ചു. സാഹചര്യങ്ങൾ നേരിടാനായി എല്ലാവിധ സൗകര്യങ്ങളും എൻഎച്ച്എസ് നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ എല്ലാവരുടെയും കൂട്ടായ പ്രയത്നമാണ് ആവശ്യമെന്നും അധികൃതർ പറഞ്ഞു.