ബ്രെക്‌സിറ്റില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ മേയുടെ സമീപനത്തില്‍ എംപിമാര്‍ വിയോജിപ്പ് വ്യക്തമാക്കി. ഗവണ്‍മെന്റിന്റെ നെഗോഷ്യേറ്റിംഗ് സമീപനം സംബന്ധിച്ചുള്ള പ്രമേയത്തെ 303 എംപിമാര്‍ എതിര്‍ത്തു. 258 എംപിമാര്‍ മാത്രമാണ് സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്തത്. എന്നാല്‍ നിയമപരമായി സാധുതയില്ലാത്ത വോട്ടായതിനാല്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയുടെ സമീപനത്തെ സ്വാധീനിക്കാന്‍ ഇതിന് സാധിക്കില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് പ്രതികരിച്ചു. അതേസമയം ബ്രെക്‌സിറ്റ് നയം പരാജയമാണെന്ന് പ്രധാനമന്ത്രി സമ്മതിക്കണമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ സമീപനത്തിനെതിരെ ടോറി എംപിമാരില്‍ ചിലരും രംഗത്തെത്തിയിരുന്നു. യൂറോപ്യന്‍ റിസര്‍ച്ച് ഗ്രൂപ്പ് എന്നറിയപ്പെടുന്ന ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് സര്‍ക്കാരിനെതിരെ നിലപാടെടുത്തത്. നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കരുതെന്ന ആവശ്യം പ്രധാനമന്ത്രി നിരന്തരം നിരസിക്കുകയാണ്. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ഉപാധി രഹിത ബ്രെക്‌സിറ്റിലേക്ക് നയിക്കുമെന്നാണ് കടുത്ത ബ്രെക്‌സിറ്റ് അനുകൂലികള്‍ പോലും വിലയിരുത്തുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റിനെ നിരാകരിക്കുന്ന എംപിമാരെല്ലാം സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെയാണ് വോട്ടു ചെയ്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കടുത്ത ബ്രെക്‌സിറ്റ് വാദികള്‍ മാത്രമല്ല, റിമെയിന്‍ പക്ഷക്കാരായ ടോറി എംപിമാരും ഗവണ്‍മെന്റിന് പിന്തുണ നല്‍കിയില്ല. ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്ന ടോറി എംപിമാരായ പീറ്റര്‍ ബോണ്‍, സര്‍ ക്രിസ്റ്റഫര്‍ ചോപ്, ഫിലിപ്പ് ഹോളോബോണ്‍, ആന്‍ മാരി മോറിസ്, റിമെയിന്‍ പക്ഷത്തുള്ള സാറാ വോളാസ്റ്റണ്‍ തുടങ്ങിയവരാണ് സര്‍ക്കാരിനെ പിന്തുണക്കാതിരുന്നത്. പരാജയത്തില്‍ ജെറമി കോര്‍ബിനെയാണ് ഡൗണിംഗ് സ്ട്രീറ്റ് കുറ്റപ്പെടുത്തുന്നത്. ദേശീയ താല്‍പര്യത്തേക്കാള്‍ പക്ഷപാത സമീപനത്തിനാണ് പ്രതിപക്ഷം പ്രാമുഖ്യം കൊടുക്കുന്നതെന്ന് ഡൗണിംഗ് സ്ട്രീറ്റ് ആരോപിച്ചു.