ലണ്ടന്‍: തെരേസ മേയ് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ വിമത നീക്കം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയം അനായാസം മറികടന്ന മേയ് 200 എംപിമാരുടെ പിന്തുണ തേടി. അതേസമയം പാര്‍ട്ടിക്കുള്ളില്‍ മേയ്‌ക്കെതിരെ ശക്തമായ നീക്കം തുടരുന്നുവെന്നതിന്റെ സൂചനയാണ് അവിശ്വാസ പ്രമേയം. ശതമാനക്കണക്കില്‍ നോക്കിയാല്‍ 63 ശതമാനം കണ്‍സര്‍വേറ്റീവ് എംപിമാര്‍ മേയെ പിന്തുണച്ചപ്പോള്‍ 37 ശതമാനം എതിര്‍ത്തു. പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇത്രയധികം പേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ പൂര്‍ണ പിന്തുണയുള്ള നേതാവെന്ന പദവി മേയ്ക്ക് നഷ്ടമാകും. പാര്‍ലമെന്റില്‍ ഇനി വരാനിരിക്കുന്ന വോട്ടെടുപ്പില്‍ പോലും സ്വന്തം പാര്‍ട്ടി എം.പിമാരുടെ വോട്ടുകള്‍ മേയ്ക്ക് ഉറപ്പിക്കാനാവില്ല. അങ്ങനെ വന്നാല്‍ ഭരണ നിര്‍വ്വഹണത്തില്‍ പ്രതികൂല സാഹചര്യമുണ്ടാകും.

പ്രാദേശിക സമയം ഇന്നലെ വൈകുന്നേരം ആറിനായിരുന്നു 48 എംപിമാര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയം പാര്‍ട്ടി നേതൃത്വം പരിഗണിച്ചത്. രണ്ടുമണിക്കൂര്‍ നീണ്ട രഹസ്യബാലറ്റിനൊടുവില്‍ 200 എംപിമാരുടെ പിന്തുണയോടെയാണു തെരേസ മേ നേതൃത്വഭീഷണി മറികടന്നത്. 117 എംപിമാര്‍ നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തി. തെരേസ മേയുടെ സോഫ്റ്റ് ബ്രെക്‌സിറ്റ് പോളിസിയില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് 48 എംപിമാര്‍ അവിശ്വാസത്തിനു പാര്‍ട്ടി ചെയര്‍മാര്‍ ഗ്രഹാം ബാര്‍ഡിക്ക് നോട്ടിസ് നല്‍കിയത്. തന്നെ മറിച്ചിടാനുള്ള നീക്കങ്ങളോട് നിശിതമായ വാക്കുകളുപയോഗിച്ച് താക്കീതിന്റെ ഭാഷയിലായിരുന്നു മേ പ്രതികരിച്ചത്. കണ്‍സര്‍വ്വേറ്റീവ് അംഗങ്ങളുടെ സഹായത്തോടെ താന്‍ പ്രധാനമന്ത്രി പദവി ഒഴിയേണ്ടി വന്നാല്‍ പുതിയ പ്രധാനമന്ത്രിക്ക് സ്വാഭാവികമായും ‘ആര്‍ട്ടിക്കിള്‍ 50’ പ്രയോഗിച്ചത് റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്യേണ്ടതായി വരും. ഇത് ബ്രെക്സിറ്റ് വൈക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നതിന് വഴിയൊരുക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തന്റെ ബ്രെക്സിറ്റ് ഉടമ്പടി നിര്‍ദ്ദേശങ്ങള്‍ സ്വന്തം പാര്‍ട്ടി അംഗങ്ങളെ ബോധ്യപ്പെടുത്താന്‍ മേയ്ക്ക് സാധിക്കാതെ വന്ന സാഹചര്യത്തിലാണ് കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ അവിശ്വാസമായി എത്തിയത്. ബ്രെക്സിറ്റ് നിര്‍ദ്ദേശങ്ങള്‍ വോട്ടിനിടുന്നതില്‍ നിന്ന് മേ കഴിഞ്ഞദിവസം പിന്മാറിയതിന്റെ പശ്ചാത്തലം കൂടി ഈ അവിശ്വാസപ്രമേയത്തിനുണ്ട്. ബ്രക്‌സിറ്റ് നിര്‍ദേശങ്ങള്‍ വോട്ടിംഗില്‍ പാരാജയപ്പെടുമെന്ന് സൂചനകള്‍ ലഭിച്ചതോടെയാണ് മേയ് തിയതി മാറ്റാന്‍ തീരുമാനിച്ചത്. ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ നയങ്ങള്‍ക്ക് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും പിന്തുണ ലഭിക്കാതിരുന്നതോടെയാണ് മേയ്ക്ക് പ്രതികൂല സാഹചര്യമുണ്ടായത്. ബ്രക്‌സിറ്റ് നിര്‍ദേശങ്ങള്‍ കണ്‍സര്‍വ്വേറ്റീവ് അംഗങ്ങള്‍ കൂടി എതിര്‍ത്താല്‍ ഭരണ പ്രതിസന്ധിയുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.