എന്‍എച്ച്എസ് ക്യാന്‍സര്‍ നിര്‍ണ്ണയ സംവിധാനങ്ങളും ചികിത്സാ രീതികളും പരിഷ്‌കരിക്കാന്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി തെരേസ മേയ്. ക്യാന്‍സര്‍ രോഗബാധിതരെ നേരത്തെ കണ്ടെത്തി ചികിത്സ നല്‍കാനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഒരു ദശകത്തിനുള്ളില്‍ ഡയഗ്നോസിസ് നിരക്ക് രണ്ടില്‍ ഒന്നില്‍ നാലില്‍ മൂന്നാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. രോഗ നിര്‍ണ്ണയത്തിനായുള്ള കേന്ദ്രങ്ങളുടെ ശൃംഖല തന്നെ സ്ഥപിക്കാന്‍ പദ്ധതിയില്‍ നിര്‍ദേശമുണ്ട്. രോഗലക്ഷണങ്ങളുമായെത്തുന്നവരെ വളരെ വേഗത്തില്‍ രോഗനിര്‍ണ്ണയ കേന്ദ്രങ്ങളിലേക്ക് അയക്കാന്‍ ജിപിമാര്‍ക്ക് നിര്‍ദേശം നല്‍കും. രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ണ്ണമായും രോഗനിര്‍ണ്ണയം സാധ്യമാക്കണമെന്നാണ് നിര്‍ദേശം. ചില കേസുകളില്‍ ഉടന്‍ തന്നെ രോഗനിര്‍ണ്ണയം സാധ്യമാക്കാനും ഇതിലൂടെ സാധിക്കും.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. തന്റെ ഗോഡ് ഡോട്ടറിന്റെ മരണമാണ് ഈ ആശയത്തിലേക്ക് തന്നെ നയിച്ചതെന്ന് അവര്‍ പറഞ്ഞു. കണ്ഠമിടറിക്കൊണ്ടായിരുന്നു ഇക്കാര്യം തെരേസ മേയ് അവതരിപ്പിച്ചത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് അവള്‍ക്ക് ക്യാന്‍സര്‍ ബാധ സ്ഥിരീകരിച്ചു. ചികിത്സക്ക് ഫലപ്രദമായിരുന്നു. പക്ഷേ രോഗം തിരികെ വന്നു. കഴിഞ്ഞ സമ്മറില്‍ അടുത്ത ക്രിസ്മസ് കാണാന്‍ താനുണ്ടാകുമെന്ന് അവള്‍ മെസേജ് അയച്ചിരുന്നു. എന്നാല്‍ അതുവരെ ജീവിച്ചിരിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് പുതിയ ക്യാന്‍സര്‍ നയം പ്രഖ്യാപിക്കുന്നതെന്നും അവര്‍ പറഞ്ഞു.
സ്‌കാന്‍ ഫസ്റ്റ് എന്ന നിലപാടാണ് വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ഫാമിലി ഡോക്ടറെ കണ്ട് മൂന്നാഴ്ചക്കുള്ളില്‍ രോഗനിര്‍ണ്ണയം നടത്തി ചികിത്സ ആരംഭിക്കുന്ന വിധത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 20 റാപ്പിഡ് ഡയഗ്നോസ്റ്റിക് സെന്ററുകളുടെ ശൃംഖലയാണ് ഇതിനു വേണ്ടി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇവ സ്ഥാപിക്കും. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇവ രാജ്യവ്യാപകമാക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.
Leave a Reply