ലണ്ടന്‍: ബ്രെക്‌സിറ്റ് നടപടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ലിസ്ബണ്‍ ഉടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 50 ഇന്ന് പ്രഖ്യാപിക്കും. യൂറോപ്യന്‍ യൂണിയനുമായി കഴിഞ്ഞ 44 വര്‍ഷമായി തുടരുന്ന ബന്ധം അവസാനിപ്പിച്ച് സ്വതന്ത്രമാകുന്നതിനുള്ള ആദ്യ പടിയാണ് ഇത്. രണ്ടു വര്‍ഷം നീളുന്ന നടപടിക്രമങ്ങളാണ് ഇനി ശേഷിക്കുന്നത്. അതോടെ ബ്രിട്ടന്‍ പൂര്‍ണ്ണമായും യൂണിയനില്‍ നിന്ന് സ്വതന്ത്രമാകും.
പാര്‍ലമെന്റില്‍ ഉച്ചക്ക് 12.30 ഓടെയായിരിക്കും പ്രഖ്‌യാപനം ഉണ്ടാവുക. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റിന് പ്രധാനമന്ത്രി ഒപ്പുവെച്ച കത്ത് നേരിട്ട് നല്‍കും. രണ്ടാം ലോക യുദ്ധത്തിന്റെ അവസാനത്തോടെയാണ് യൂറോപ്യന്‍ കൗണ്‍സിലുമായി ബ്രിട്ടന്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചത്. ഈ ബന്ധമാണ് ഇതോടെ ഔദ്യോഗികമായി അവസാനിപ്പിക്കുന്നത്.
ഈ നിര്‍ണ്ണായക ഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ ഒരുമിച്ച് നില്‍ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടും. സ്‌കോട്ടിഷ് സ്വാതന്ത്ര്യത്തിനായുള്ള മുറവിളി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നീക്കങ്ങളാണ് ബ്രെക്‌സിറ്റിന്റെ അനന്തരഫലമായി ബ്രിട്ടന് നേരിടേണ്ടി വരുന്നത്. ജനഹിതപരിശോധനഫലം അനുസരിച്ചുള്ള നടപടികള്‍ ആയതിനാല്‍ ലേബറും ഇതിനെ പിന്തുണയ്ക്കുകയാണ്.