ലണ്ടൻ: പ്രധാനമന്ത്രി തെരേസാ മേ ഇന്നു ജർമൻ ചാൻസലർ ആംഗല മെർക്കലുമായി ബർലിനിലും , ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പാരീസിലും കൂടിക്കാഴ്ച നടത്തും. <br> <br> ബ്രെക്സിറ്റ് കാലാവധി ജൂൺ 30വരെ നീട്ടുന്ന കാര്യത്തിൽ ഇരുവരുടെയും സഹായം തേടുകയാണു ലക്ഷ്യം. ബുധനാഴ്ച ബ്രസൽസിൽ ചേരുന്ന ഇയു ഉച്ചകോടിയാണ് കാലാവധി നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. പ്രതിപക്ഷ ലേബർ പാർട്ടിയുമായി ചർച്ച നടത്തി ബ്രെക്സിറ്റ് കരാറിനു പിന്തുണ നേടാൻ ശ്രമിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ കാലാവധി നീട്ടിത്തരാൻ സഹായിക്കണമെന്നും മെർക്കലിനോടും മാക്രോണിനോടും മേ ആവശ്യപ്പെടും.
ജൂൺ 30നു പകരം ഒരു വർഷത്തേക്കു കാലാവധി നീട്ടത്തരാമെന്നായിരുന്നു നേരത്തെ ഇയു പ്രസിഡന്റ് ഡോണൾഡ് ടസ്ക് പറഞ്ഞത്. എന്നാൽ ഹ്രസ്വ കാലാവധിയോടാണു മേയ്ക്കു താത്പര്യം. കാലാവധി നീട്ടിക്കിട്ടിയില്ലെങ്കിൽ വെള്ളിയാഴ്ച ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തുപോകേണ്ടിവരുമെന്ന സ്ഥിതിയാണുള്ളത്. മാക്രോണിനോടും മെർക്കലിനോടും ചർച്ച നടത്തുന്നതിനു പുറമേ മറ്റ് ഇയു രാഷ്ട്ര നേതാക്കളുമായി ടെലിഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർഥിക്കാനും മേ ശ്രമിക്കും. ഇയുവിലെ 27 രാജ്യങ്ങളും സമ്മതിച്ചാലേ കാലാവധി നീട്ടിത്തരാനാവൂ.
Leave a Reply