ലണ്ടന്‍: ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി യുകെ പര്യടനം നടത്തും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഈയാഴ്ച മേയ് വെയില്‍സില്‍ സന്ദര്‍ശനം നടത്തും. സ്‌കോട്ട്ലാന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തുന്ന തെരേസ മേയ് യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനേക്കുറിച്ചുള്ള വിഷയങ്ങളില്‍ ജനങ്ങളുമായി സംവദിക്കുകയും ചെയ്യും.
ബ്രെക്സിറ്റോടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുള്ള രണ്ടാം ഹിതപരിശോധനയ്ക്കുള്ള ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള സ്‌കോട്ട്ലന്‍ഡ് പ്രഥമമന്ത്രി നിക്കോള സ്റ്റര്‍ജന്റെ പ്രസ്താവനയാണ് രാജ്യ പര്യടനത്തിന് പ്രധാനമന്ത്രിയെ പ്രേരിപ്പിക്കുന്നത്. ഭരണഘടനാ പ്രതിസന്ധിയിലേക്ക് നയിക്കാവുന്ന ആവശ്യമാണ് എസ്എന്‍പി ഉന്നയിക്കുന്നത്. തെരേസ മേയുടെ നിലപാടുകള്‍ ദോഷകരമാണെന്ന അഭിപ്രായമാണ് സ്റ്റര്‍ജന്‍ മുന്നോട്ടു വെച്ചത്.

എന്നാല്‍ ഇത്തരം സംഭവങ്ങളോടുള്ള പ്രതികരണമായിട്ടല്ല പ്രധാനമന്ത്രിയുടെ പര്യടന പരിപാടിയെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് അറിയിക്കുന്നത്. ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കുന്നതിനു മുമ്പായി രാജ്യത്തുണ്ടാകുന്ന അസ്വസ്ഥതകള്‍ ഇല്ലാതാക്കാനുള്ള അവസാന വട്ട ശ്രമങ്ങളാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന വിശദീകരണമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാര്‍ച്ചില്‍ തന്നെ ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രി നേരത്തേ അറിയിച്ചിരുന്നത്. ഇതനുസരിച്ച് രണ്ടാഴ്ചക്കുള്ളില്‍ പ്രഖ്യാപനം ഉണ്ടായേക്കും. ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിഡ്, വെല്‍ഷ് സെക്രട്ടറി അലന്‍ കെയിന്‍സ് തുടങ്ങിയര്‍ പ്രധാനമന്ത്രിയെ അനുഗമിക്കും.