ബ്രെക്‌സിറ്റില്‍ ബ്രിട്ടീഷ് ജനതയുടെ ഹിതം അട്ടിമറിക്കാന്‍ പാര്‍ലമെന്റിനെ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി തെരേസ മേയ്. യൂറോപ്യന്‍ യൂണിയന്‍ വിത്‌ഡ്രോവല്‍ ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് എംപിമാരും ലോര്‍ഡ്‌സ് അംഗങ്ങളും വ്യക്തമാക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ലോര്‍ഡ്‌സിന്റെ പരിഗണനയിലുള്ള ബില്ല് പ്രധാനപ്പെട്ട ഒന്നാണെന്ന് നോര്‍ത്ത് ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലില്‍ നടത്തിയ പ്രസംഗത്തില്‍ അവര്‍ പറഞ്ഞു. ഈ നിയമം നടപ്പിലാക്കുമെന്ന കാര്യം ഉറപ്പാക്കും. അതേസമയം ഇക്കാര്യത്തില്‍ പാര്‍ലമെന്റിനുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ ചര്‍ച്ചകളില്‍ ഗവണ്‍മെന്റിന്റെ കൈകള്‍ ബന്ധിക്കാന്‍ പാര്‍ലമെന്റിനെ അനുവദിക്കില്ല. ബ്രിട്ടീഷ് ജനതയുടെ ഹിതം അട്ടിമറിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. ടോറി ക്യാംപില്‍ നിന്നുള്‍പ്പെടെയുള്ള പാര്‍ലമെന്റംഗങ്ങളാണ് ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ അറ്റോര്‍ണി ജനറലും ടോറി റിബലുമായ ഡൊമിനിക് ഗ്രീവ് അനന്തരഫലങ്ങളേക്കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെങ്കിലും ബില്ലിനെതിരായി വോട്ട് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ആവശ്യമായ കണ്‍സഷനുകള്‍ വരുത്തിയില്ലെങ്കില്‍ എതിര്‍ വോട്ട് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
എന്‍എച്ച്എസില്‍ നടപ്പാക്കാനിരിക്കുന്ന ഫണ്ടിംഗ് ബൂസ്റ്റിനെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ബ്രെക്‌സിറ്റ് ഡിവിഡന്റില്‍ നിന്നുള്ള തുകയാണ് ഈ ബൂസ്റ്റിംഗിന് ഉപയോഗിക്കുന്ന തുകയില്‍ പകുതിയും. 2023-24 വര്‍ഷത്തോടെ എന്‍എച്ച്എസ് ഇംഗ്ലണ്ടിന് ആഴ്ചയില്‍ 394 മില്യന്‍ പൗണ്ട് ലഭിക്കുന്ന വിധത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2016ലെ ഹിതപരിശോധനാ ക്യാംപെയിന്‍ സമയത്ത് ലീവ് പക്ഷക്കാര്‍ ആവശ്യപ്പെട്ടിരുന്നത് 350 മില്യന്‍ പൗണ്ട് മാത്രമായിരുന്നെന്നും അവര്‍ പറഞ്ഞു.
Leave a Reply