ലണ്ടന്‍: സ്‌കോട്ടിഷ് സ്വാതന്ത്യത്തിനായി രണ്ടാം ഹിതപരിശോധന നടത്തുന്നതിനുള്ള ആവശ്യം ഉന്നയിച്ച് സ്‌കോട്ട്ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് കത്തയച്ചു. സെക്ഷന്‍ 30 അനുസരിച്ചുള്ള കത്ത് തയ്യാറാക്കുന്ന സ്റ്റര്‍ജന്റെ ചിത്രം സ്‌കോട്ടിഷ് സര്‍ക്കാര്‍ ട്വീറ്റ് ചെയ്തു. 2018 ഓട്ടത്തിനും 2019 സ്പ്രിംഗിനും ഇടയ്ക്കാണ് ഹിതപരിശോധന നടത്താന്‍ സ്‌കോട്ടിഷ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതിനായുള്ള വോട്ട് 10നെതിരെ 59 വോട്ടുകള്‍ക്കാണ് പാര്‍ലമെന്റില്‍ പാസായത്.
ഹിതപരിശോധന അനിവാര്യമാണെന്നാണ് സ്റ്റര്‍ജന്‍ വ്യക്തമാക്കിയത്. രണ്ടാമത്തെ ഹിതപരിശോധന എന്ന കാര്യത്തില്‍ ഇനി മറ്റൊരു ചോദ്യത്തിന് സ്ഥാനമില്ലെന്ന് സ്റ്റര്‍ജന്‍ പറഞ്ഞിരുന്നു. എന്നാല്‍ യുകെ സര്‍ക്കാര്‍ ഈ കത്ത് തള്ളുമെന്നാണ് സ്‌കോട്ടിഷ് സെക്രട്ടറി ഡേവിഡ് മുന്‍ഡല്‍ പറയുന്നത്. തികച്ചും ഔദ്യോഗികമായാണ് സ്റ്റര്‍ജന്‍ കത്ത് കൈമാറിയിരിക്കുന്നത്. ഹിതപരിശോധന നടത്താനുള്ള അവകാശം വ്യക്തമാക്കുന്നതാണ് സെക്ഷന്‍ 30 അനുസരിച്ചുള്ള കത്ത്.

ഇന്ന് തന്നെ കത്ത് പ്രധാനമന്ത്രിക്ക് കൈമാറുമെന്നാണ് വിവരം. 2016 ജൂണില്‍ നടന്ന ബ്രെക്സിറ്റ് ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനെയാണ് സ്‌കോട്ട്ലന്‍ഡ് ജനസംഖ്യയില്‍ 62 ശതമാനവും അനുകൂലിച്ചത്. 2016ല്‍ നടന്ന ഹോളിറൂഡ് തെരഞ്ഞെടുപ്പില്‍ എസ്എന്‍പി പ്രകടനപത്രികയില്‍ ഹിതപരിശോധന എന്ന ആവശ്യമുയര്‍ത്തുമെന്ന് വ്യക്തമാക്കിയിരുന്നു.