രണ്ട് തവണ പാർലമെന്റിൽ തഴയപ്പെട്ട തന്റെ ബ്രെക്സിറ്റ് ഉടമ്പടിയ്ക്കായി അവസാനത്തെ അടവും പുറത്തെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ഉടമ്പടി അംഗീകരിച്ചാൽ താൻ രാജി വെച്ച് ഒഴിയാമെന്നായിരുന്നു സ്വന്തം പാർട്ടിയിലെ ഉടമ്പടി അംഗീകരിക്കാത്ത എംപിമാരോട് മേ വാഗ്ദാനം ചെയ്തത്. ‘ഞാൻ വിചാരിച്ചതിലും വേഗം ഈ പണി ഉപേക്ഷിക്കാൻ ഞാൻ തയ്യാറാണ്. നമ്മുടെ രാജ്യത്തിനും നമ്മുടെ പാർട്ടിയ്ക്കും അതാണ് നല്ലതെന്ന് തോന്നുന്നു.’ ഇന്നലെ വൈകിട്ട് ‘ബാക്‌ബെഞ്ചർ’ എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മേ അഭ്യർഥിച്ചു. എന്നാൽ യാതൊരു കാരണവശാലും ഉടമ്പടി അംഗീകരിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് എംപിമാർ.
ബദൽ മാർഗങ്ങളായ ഹിത പരിശോധന, നോർവേ മാതൃകയിലുള്ള ഉടമ്പടി, കസ്റ്റം യൂണിയൻ, ഉടമ്പടി ഇല്ലാത്ത അവസ്ഥ മുതലായ നിർദ്ദേശങ്ങളൊക്കെ ചർച്ചയിൽ ഉയർന്നു വന്നിരുന്നെങ്കിലും ഈ നിർദേശങ്ങൾക്കൊന്നും തന്നെ മതിയായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ‘പാർലമെന്ററി പാർട്ടിയുടെ മൂഡ് എനിക്ക് മനസ്സിലാകുന്നുണ്ട്. അവർക്ക് ഒരു പുതിയ സമീപനം ആവശ്യമുണ്ട്. ഒരു പുതിയ നേതൃത്വത്തിനാണ് അവർ കൊതിക്കുന്നത്. ഞാൻ അതിനു തടസ്സമാകുന്നില്ല.’ ഉടമ്പടിയ്ക്കായുള്ള നയതന്ത്ര ചർച്ചയിൽ മേ പറഞ്ഞു. എംപിമാർ ആരെങ്കിലും മേയ്ക്ക് അനുകൂലമായി വോട്ടു ചെയ്യാൻ തയ്യാറായാൽ കാര്യങ്ങൾ പിന്നെയും സങ്കീർണ്ണമാകുമെന്നാണ് ആഗോള മാധ്യമങ്ങൾ വിലയിരുത്തുന്നത്.
ബ്രെക്സിറ്റ് ചർച്ചകളുടെ നിയന്ത്രണം സർക്കാരിൽ നിന്നും പാർലമെന്റ് ഏറ്റെടുക്കാനുള്ള പ്രമേയം തിങ്കളാഴ്ച്ചയാണ് പാർലമെന്റ് പാസ്സാക്കിയത്. പ്രമേയത്തിനായുള്ള അഭിപ്രായ വോട്ടെടുപ്പിന്റെ സമയത്ത് കൺസർവേറ്റിവ് പാർട്ടിയിലെ 30 എംപിമാർ സർക്കാരിനെതിരെ വോട്ട് ചെയ്തിരുന്നു. സർക്കാരിൽ നിന്ന് നിയന്ത്രണം അടിയന്തിരമായി പാർലമെന്റിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് 302 ന് എതിരെ 329 വോട്ടുകളാണ് ലഭിച്ചത്. തെരേസ മേയെ പുറത്താക്കാൻ എംപിമാർ അട്ടിമറിശ്രമം നടത്തുകയാണെന്നാണ് ചില ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മെയ്ക്ക് നിരുപാധിക പിന്തുണയുമായി ചില മുതിർന്ന നേതാക്കൾ രംഗത്തെത്തിയതോടെ രംഗം കലുഷിതമാകുകയും മൂന്ന് എംപിമാർ അപ്പോൾ തന്നെ രാജി വെക്കുകയും ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി റിച്ചാർഡ് ഹാരിങ്ടൻ, ആരോഗ്യ സഹമന്ത്രി സ്റ്റീവ് ബ്രൈൻ, വിദേശകാര്യ സഹമന്ത്രി അലിസ്റ്റർ ബർട്ട് എന്നിവരാണ് തിങ്കളാഴ്ച രാജി സമർപ്പിച്ചത്.
Leave a Reply