ലണ്ടന്‍: ക്വീന്‍സ് സ്പീച്ചില്‍ തെരേസ മേയുടെ നേതൃത്വത്തിലുള്ള ടോറി സര്‍ക്കാര്‍ നിലപാടുകളില്‍ നിന്ന് പിന്നോട്ടു പോകുമെന്ന് സൂചന. ഈ ക്വീന്‍സ് സ്പീച്ച് പ്രധാനമന്ത്രിയെന്ന നിലയില്‍ മേയുടെ ആദ്യത്തേതും അവസാനത്തേതുമായിരിക്കുമെന്ന് ടോറി കേന്ദ്രങ്ങളും പറയുന്നു. പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന വാഗ്ദാനങ്ങള്‍ പലതും ക്വീന്‍സ് സ്പീച്ചില്‍ ഉണ്ടാവില്ലെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി ചില നിര്‍ദേശങ്ങള്‍ ഒഴിവാക്കാന്‍ പ്രധാനമന്ത്രിയെ നിര്‍ബന്ധിതയാക്കിയെന്നാണ് കരുതുന്നത്.
ബ്രെക്‌സിറ്റില്‍ കേന്ദ്രീകരിച്ചായിരിക്കും നയപ്രഖ്യാപനം. എന്നാല്‍ നേരത്തേ പറഞ്ഞതുപോലെ കടുംപിടിത്തങ്ങള്‍ ഇക്കാര്യത്തിലും ഉണ്ടാവില്ല. മന്ത്രിസഭയില്‍ ഇപ്പോള്‍ത്തന്നെയുള്ള എതിര്‍പ്പ് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് മുന്‍ നിലപാട് മയപ്പെടുത്താന്‍ മേയ് തയ്യാറായത്. ഈ നയപ്രഖ്യാപനം പാര്‍ലമെന്റില്‍ പാസാകുമോ എന്ന യാതോരു ഉറപ്പുമില്ലാതെയാണ് അവതരിപ്പിക്കപ്പെടുന്നത് എന്ന പ്രത്യേകത കൂടി ഇത്തവണത്തെ ക്വീന്‍സ് സ്പീച്ചിനുണ്ട്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ തുടരുകയാണെങ്കിലും ഒരു തീരുമാനത്തിലെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
തന്റെ പദ്ധതികള്‍ നടപ്പാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ മേയ് വ്യക്തമാക്കി. പ്രതീക്ഷിച്ചതു പോലെയുള്ള തെരഞ്ഞെടുപ്പ് ഫലമായിരുന്നില്ല ലഭിച്ചത്. എന്നാല്‍ ജനങ്ങള്‍ നല്‍കിയ സന്ദേശത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. അതായത് മുന്‍ ടോറി സര്‍ക്കാര്‍ നടപ്പാക്കിയ പല ജനദ്രോഹ നയങ്ങളും പിന്‍വലിക്കുമെന്ന സൂചനയാണ് ഇതെന്ന് നിരീക്ഷകര്‍ പറയുന്നു.
Leave a Reply