ലണ്ടന്‍: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കുടിയേറ്റക്കാരുടെ പദവി നല്‍കാന്‍ വിസമ്മതിക്കുന്ന സര്‍ക്കാര്‍ നയം യുകെയുടെ ലോകോത്തര സര്‍വകലാശാലകളെ നാശത്തിലേക്ക് നയിക്കുമെന്ന് വാദം. കുടിയേറ്റനയത്തില്‍ മാറ്റം വേണമെന്ന് വാദിക്കുന്ന എംപിമാരാണ് ഈ വാദം ഉന്നയിക്കുന്നത്. വിദേശ വിദ്യാര്‍ത്ഥികളെ പ്രത്യേക വിഭാഗമായി പരിഗണിക്കമെന്നും മൊത്തം കുടിയേറ്റക്കാരുടെ പരിധി നിര്‍ണ്ണയിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളെ അതില്‍ ഉിള്‍പ്പെടുത്തരുതെന്നും എംപിമാര്‍ ആവശ്യപ്പെടുന്നു. വിവിധ പാര്‍ട്ടികളുടെ എംപിമാരുള്‍പ്പെടുന്ന എഡ്യുക്കേഷന്‍ സെലക്റ്റ് കമ്മിറ്റിയാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വിരുദ്ധാഭിപ്രായം പറയുന്ന ടോറി എംപിമാരെ സമാധാനിപ്പിക്കാന്‍ ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ബില്ലില്‍ ഭേദഗതികള്‍ വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായേക്കും. അല്ലെങ്കില്‍ ബില്‍ പാസാക്കാനുള്ള നീക്കം ലോര്‍ഡ്‌സ് തടയാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍ കുടിയേറ്റക്കാരുടെ എണ്ണം വര്‍ഷത്തില്‍ 1,00,000 ആയി പരിതമിതപ്പെടുത്തുമെന്ന് കഴിഞ്ഞയാഴ്ചയും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കണ്‍സര്‍വേറ്റീവ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
വിദേശ വിദ്യാര്‍ത്ഥികളെ താല്‍ക്കാലിക കുടിയേറ്റക്കാരായി പരിഗണിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇതിനായി നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് ലോര്‍ഡ്‌സ് അഭിപ്രായപ്പെട്ടിരുന്നു. കോമണ്‍സില്‍ ടോറി ചില ടോറി അംഗങ്ങളും സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. പൊതുജനങ്ങളും പാര്‍ലമെന്റും സര്‍ക്കാരിന്റെ ചില ഘടകങ്ങളും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. കുടിയേറ്റക്കാരുടെ പട്ടികയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ നീക്കം ചെയ്യണമെന്ന് ബോറിസ് ജോണ്‍സണ്‍, ലിയാം ഫോക്‌സ് തുടങ്ങിയ ബ്രെക്‌സിറ്റ് അനുകൂല മന്ത്രിമാര്‍ ശക്തമായി വാദിക്കുകയാണ്.
Leave a Reply