ലണ്ടന്‍: ഇന്ന് യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ആരംഭിക്കാനിരിക്കെ ഇന്നലെ ഹൌസ് ഓഫ് കോമണ്‍സില്‍ ബ്രെക്‌സിറ്റ് ബില്ലിന്‍ മേല്‍ അവസാന വാക്ക് എം പിമാര്‍ക്ക് നല്‍കണമെന്ന ആവശ്യത്തിന്മേലാണ് വോട്ടെടുപ്പ് നടന്നത്. കണ്‍സര്‍വേറ്റിവ് എം പിമാരിലെ വിമതരുടെ നേതൃത്വത്തിലാണ് മെയ്ക്ക് കനത്ത തിരിച്ചടി നേരിട്ടത്. നാല് വോട്ടിന്റെ വ്യത്യാസത്തിലാണ് വിമത ഗ്രൂപ്പ് വിജയം കണ്ടത്. പതിനൊന്നോളം എം പിമാരാണ് വിമത ഗ്രൂപ്പിലുണ്ടായിരുന്നത്. ഫലപ്രഖ്യാപനം വന്നയുടനെ തന്നെ റിബല്‍ എം പിയായ സ്റ്റീഫന്‍ ഹാമാന്‍ഡിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനവും തെറിച്ചു.

ഹൌസ് ഓഫ് കോമണ്‍സില്‍ നേരിട്ട പരാജയം മേയുടെ ഹാര്‍ഡ് ബ്രെക്‌സിറ്റ് മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി തന്നെയാകും. കഴിഞ്ഞയാഴ്ച്ചയായിരുന്നു യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി ഏകദേശ ധാരണയിലെത്തിയത്. ഡിവോഴ്‌സ് ബില്ലിലും ഇയു പൗരന്മാരുടെ അവകാശങ്ങളെ സംബന്ധിച്ചും ധാരണയിലെത്തിയ ഇരു വിഭാഗത്തെയും ഞെട്ടിച്ചുകൊണ്ടാണ് ഭരണപക്ഷത്തെ 11 എം.പിമാര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. ഇതോടെ എല്ലാ ബ്രെക്‌സിറ്റ് നടപടിക്രമങ്ങളും പാര്‍ലമെന്റിന്റെ അനുമതിക്ക് വിധേയമായിരിക്കണമെന്ന ഭേദഗതി പാര്‍ലമെന്റില്‍ പാസായി. ഭേദഗതിക്ക് അംഗീകാരം ലഭിച്ചതോടെ യൂറോപ്യന്‍ യൂണിയനുമായി നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപപ്പെട്ട ബ്രെക്‌സിറ്റ് ഉടമ്പടിയാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് ഭാഗികമായി തള്ളിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രെക്‌സിറ്റ് ഉടമ്പടി വ്യവസ്ഥകള്‍ അംഗീകരിച്ച് നിയമമാക്കുന്ന ബില്ല് പാര്‍ലമെന്റിന്റെ അനുമതിക്കായി അവതരിപ്പിച്ചിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമത എം.പിമാരും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ബില്ലില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു. തുടര്‍ന്ന് നടന്ന വോട്ടെടുപ്പിലാണ് ഭേദഗതി പ്രമേയം പാസായത്. 650 എം.പിമാരില്‍ 309 പേരും ഭേദഗതിക്ക് അനുകൂലമായും 305പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു,
അതേസമയം മുന്‍ നിശ്ചയപ്രകാരം തന്നെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.