ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് കാലത്ത് ജനങ്ങളെ സഹായിക്കുന്നതിനായി യൂണിവേഴ്സൽ ക്രെഡിറ്റ് സംവിധാനത്തിൽ ഏർപ്പെടുത്തിയിരുന്ന ആഴ്ചതോറുമുള്ള 20 പൗണ്ട് തുകയുടെ വർദ്ധന ഒക്ടോബറിൽ അവസാനിക്കാനിരിക്കെ, ആഴ്ചയിൽ ഉള്ള രണ്ടുമണിക്കൂർ അധികജോലി കൊണ്ട് ഈ കുറവ് പരിഹരിക്കാനാകുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് വർക്ക്‌ & പെൻഷൻസ് സെക്രട്ടറി തെരേസ് കോഫി. ഇത്തരം അധികം മണിക്കൂറുകൾ ജോലിക്കാർക്ക് ലഭ്യമാക്കുവാൻ ഗവൺമെന്റ് സഹായിക്കുമെന്ന് ഇവർ പറഞ്ഞു. ഇതു കോവിഡ് കാലത്ത് ആരംഭിച്ച പദ്ധതിയാണെന്ന് അവർ ഓർമ്മിപ്പിച്ചു. എന്നാൽ തെരേസിന്റെ കണക്കുകൾ തെറ്റാണെന്നും, ആഴ്ചയിൽ 9 മണിക്കൂറോളം അധികജോലി ചെയ്താൽ മാത്രമേ ജീവനക്കാർക്ക് ഈ കുറവ് പരിഹരിക്കാനാകുകയുള്ളെന്നും നിരവധിപേർ വ്യക്തമാക്കി. തെരേസിന്റെ ഭാഗത്തുനിന്നുള്ള ഈയൊരു അഭിപ്രായം കഠിനാധ്വാനം ചെയ്യുന്ന കുടുംബങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ലേബർ പാർട്ടി അംഗങ്ങൾ കുറ്റപ്പെടുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


തെരേസ് പറഞ്ഞ കണക്കുകൾ തികച്ചും തെറ്റാണെന്ന് ഷാഡോ പെൻഷൻ സെക്രട്ടറി ജോനാഥാൻ റേയ്നോൾഡ് സ് കുറ്റപ്പെടുത്തി. ഏറ്റവും പുതിയ ഗവൺമെന്റിന്റെ കണക്കുകൾ പ്രകാരം ഏകദേശം 5.9 മില്യൺ ആളുകളാണ് നിലവിൽ യൂണിവേഴ്സൽ ക്രെഡിറ്റ് സംവിധാനം രാജ്യത്ത്‌ പ്രയോജനപ്പെടുത്തുന്നത്. ഒക്ടോബറോടു കൂടി ആഴ്ചതോറുമുള്ള അധിക തുക നൽകുന്ന സംവിധാനം നിർത്തലാക്കാനാണ് ഗവൺമെന്റ് തീരുമാനം. എന്നാൽ ഈ തുക തുടർന്നുകൊണ്ടു പോകണമെന്ന ആവശ്യം നിരവധി ചാരിറ്റി സംഘടനകളും, പ്രതിപക്ഷ പാർട്ടികളും, ചില കൺസർവേറ്റീവ് എംപിമാരും ഉയർത്തിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തിലുള്ള പെൻഷൻ സെക്രട്ടറിയുടെ അഭിപ്രായപ്രകടനം നിരവധി വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.