ഡോ. ഐഷ വി

കാസർഗോഡ് ടൗൺ യുപിഎസിന് വളരെ അടുത്താണ് മല്ലികാർജ്ജുന ക്ഷേത്രം. അവിടത്തെ നവമി ആഘോഷം നടക്കുമ്പോൾ ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് വളരെ സന്തോഷമാണ്. രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള പൂജ കഴിയുമ്പോൾ ശർക്കര അവൽ ചിരകിയ തേങ്ങ ഏലയ്ക്ക ഉണക്കമുന്തിരി എന്നിവ ധാരാളം ചേർത്ത അവൽ സുഭിക്ഷമായി മറ്റുള്ളവർക്കൊപ്പം സ്കൂൾ കുട്ടികൾക്കും ലഭിക്കും. ഞങ്ങൾ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം. പീരീഡ് തീരാറായപ്പോൾ കുട്ടികൾ ടീച്ചറോട് അമ്പലത്തിൽ പൊയ്ക്കോട്ടേ എന്ന് ചോദിച്ചു. അങ്ങനെ അല്‌പം നേരത്തേ ക്ലാസ്സ് നിർത്തിയ ടീച്ചർ ആരൊക്കെ ക്ഷേത്രത്തിലെ പ്രസാദം വാങ്ങാനായി പോകുന്നെന്ന് ചോദിച്ചു. കമലാക്ഷിയും മറ്റ് ഭൂരിപക്ഷം കുട്ടികളും കൈ പൊക്കി. ടീച്ചർ ചോദിച്ചു: ഐഷ പോകുന്നില്ലേ? ഐഷയ്ക്കും വേണമെങ്കിൽ പോകാം . ടീച്ചർ പറഞ്ഞു. ഉടനെ കമലാക്ഷി പറഞ്ഞു: ആ കുട്ടി ഹിന്ദുവാണ് ടീച്ചർ , ആ കുട്ടിയുടെ അച്ഛൻ ഹിന്ദുവാണ്. ഞാൻ അതിശയിച്ചു പോയി. ഹിന്ദുവെന്ന വാക്ക് ഞാൻ ആദ്യമായി കേൾക്കുകയായിരുന്നു. വീട്ടിൽ ആരും തന്നെ ജാതി മതം എന്നിവയെ പറ്റിയൊന്നും സംസാരിച്ചിരുന്നില്ല. പിന്നെ കമലാക്ഷിയ്ക്ക് ഇതൊക്കെ എങ്ങനെ അറിയാം ? ഞാൻ കമലാക്ഷിയോട് ഇതേ പറ്റി ചോദിച്ചപ്പോൾ കമലാക്ഷി പറഞ്ഞതിങ്ങനെ: ഐഷയുടെ അച്ഛന്റെ പേര് ഹിന്ദു പേരാണ്. പിന്നെ ഞങ്ങൾ ഹിന്ദു തീയ്യയാണ്. ഹിന്ദുവിന് പിന്നെയും ഉപവിഭാഗങ്ങളുണ്ടോ എന്ന് ഞാൻ സംശയിച്ചു. പേരിനും ആളുകൾക്കും ജാതിയും മതവുമൊക്കെയുണ്ടെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. അധികം താമസിയാതെ മറ്റ് ചില കുട്ടികളും എന്റെ ചുറ്റും കൂടി ഹിന്ദുവായിട്ടും എന്തിനാണ് ഇസ്ലാമതത്തിലെ
പേരിട്ടത് എന്നവർക്കറിയണം. ഞാനാകെ വിഷമിച്ചു പോയി. പിന്നെ ഞങ്ങളെല്ലാപേരും കൂടി മല്ലികാർജ്ജുന ക്ഷേത്രത്തിൽപ്പോയി വരിയായി നിന്ന് വാഴയിലയിൽ ലഭിച്ച പ്രസാദം കഴിച്ചു. സന്തോഷത്തോടെ തിരികെ ക്ലാസ്സിലേയ്ക്ക് പോയി. പ്രസാദത്തിലെ മധുരം നുണഞ്ഞെങ്കിലും മതവും പേരും എന്റെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി മാറി.

അന്ന് വൈകിട്ട് ഞാൻ വീട്ടിലെത്തിയപ്പോൾ അമ്മയോട് നമ്മൾ ഹിന്ദുവാണോ എന്ന് ചോദിച്ചു. അമ്മ പറഞ്ഞു ഹിന്ദുവാണെന്ന് . എന്റെ അടുത്ത ചോദ്യം കമലാക്ഷി തീയ്യയാണെന്ന് പറഞ്ഞു. നമ്മളെന്താണ്? അമ്മ അതിനു തന്ന മറുപടി ഇങ്ങനെയായിരുന്നു. ഇനിയാരെങ്കിലും ജാതിയോ മതമോ ഒക്കെ ചോദിച്ചാൽ മനുഷ്യനാണ് എന്ന് മറുപടി കൊടുത്താൻ മതി. അടുത്ത ചോദ്യം ഐഷ എന്ന് പേരിട്ട തെന്തിന് ? അച്ഛനാണ് ആ പേരിട്ടത് എന്നായിരുന്നു അമ്മയുടെ മറുപടി. ഞാൻ അച്ഛൻ വരാനായി കാത്തിരുന്നു. എന്റെ പേരിനോട് ജീവിതത്തിൽ ആദ്യമായി എനിയ്ക്കൊരനിഷ്ടം തോന്നി.

അച്ഛൻ വന്നപ്പോൾ ഞാൻ ചോദ്യങ്ങൾ ആവർത്തിച്ചു. എന്റെ പേര് മാറ്റണം. കൂട്ടത്തിൽ ഞാൻ ആവശ്യപ്പെട്ടു. അച്ഛന്റെ മറുപടി ഇങ്ങനെയായിരുന്നു : ജാതിയും മതവുമൊന്നുമല്ല നമ്മൾ ചിന്തിക്കേണ്ടത്. നല്ല വാക്കും നല്ല പ്രവൃത്തിയും നല്ല ചിന്തയും കൊണ്ട് നല്ല മനുഷ്യനായിത്തീരണം. എല്ലാ മനുഷ്യരേയും സ്നേഹിക്കാനും സമഭാവനയോടെ കാണാനും ശീലിക്കണം. ഐഷ എന്ന പേരിനെ പറ്റി ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞത് ഐഷ ഒരു നല്ല പേരാണ് . മുഹമ്മദ് നബിയുടെ ഭാര്യമാരായിരുന്നു ഐഷയും ഖദീജയും . അതിൽ ഐഷ നല്ലൊരു പോരാളിയും കാര്യങ്ങൾ നിശ്ചയിച്ച് നടപ്പിലാക്കുന്നതിൽ പ്രഗത്ഭയും ആയിരുന്നു. നമ്മുടെ രാജ്യം വൈവിധ്യമാർന്ന ജാതി മതസ്ഥർ ചേർന്നതാണ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി ഇങ്ങനെയൊരു പേരിട്ടതാണ്. തിരുകൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്ന ശ്രീ സി കേശവനും മറ്റ് പ്രഗത്ഭരും മക്കൾക്ക് ഇങ്ങനെ പേരിട്ടിട്ടുണ്ട്. നമ്മുടെ പേരിനെ നമ്മൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടണം. അച്ഛൻ പറഞ്ഞു. അച്ഛൻ പറഞ്ഞപ്പോൾ കുറച്ച് സമാധാനവും സന്തോഷവും തോന്നിയെങ്കിലും വർഷങ്ങൾ കൊണ്ടാണ് എന്റെ മനസ്സിൽ പേരിനോടുള്ള അനിഷ്ടം മാറിക്കിട്ടിയത്. ഇപ്പോൾ ഈ പേരാണ് ഞാൻ ഏറ്റവും കൂടതൽ ഇഷ്ടപ്പെടുന്ന പേര്. ചെല്ലുന്നിടത്തെല്ലാം ആളുകൾ പേരിനെ പറ്റി ചോദിച്ചിട്ടുണ്ട്. ചിലർ എന്തെങ്കിലും കഥകൾ സങ്കല്പിച്ചുണ്ടാക്കും. എവിടെ പോയാലും മനുഷ്യരെ സമഭാവനയോടെ കാണാനും ഒരോ വ്യക്തികളെയും മാനിക്കാനും ഈ സംഭവത്തോടെ ഞാൻ പഠിച്ചു. വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന് നൽകുമ്പോഴും ഗസ്റ്റ് അധ്യാപകരെ തിരഞ്ഞെടുക്കുമ്പോഴും ജാതിയും മതവുമൊന്നും എനിക്ക് പ്രശ്നമായില്ല. തുല്യാവസരങ്ങൾ എല്ലാപേർക്കും നൽകി.
മതം മനുഷ്യർ നന്നായി ജീവിക്കാനായി ആത്മീയ നേതാക്കളും ഗുരുക്കന്മാരും പ്രവാചകരും സ്വരൂപിച്ച അഭിപ്രായങ്ങളാണ്. പല മതത്തിലും പല അഭിപ്രായങ്ങൾ വരാം. മനുഷ്യർ നന്നാവുക എന്നതാണ് പ്രധാനം. മനുഷ്യൻ മനുഷ്യനെ മനുഷ്യനായി കാണാൻ പഠിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോഴാണ് നല്ല മനുഷ്യർ ഉണ്ടാകുന്നത്. അതാണ് അച്ഛൻ പകർന്നു നൽകിയ പാഠം.

   

   ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ