ചന്ദ്രയാൻ-3 ആകാശത്തേക്കു വിജയക്കുതിപ്പ് നടത്തിയപ്പോൾ വാനോളം ഉയർന്നത് കുട്ടനാടിന്റെ യശസും. മുട്ടാർ സ്വദേശിയായ ചീരംവേലിൽ വേലിപ്പറമ്പിൽ തോമസ് എഫ്. ചീരംവേലിൽ(കുട്ടപ്പൻ സാർ)- മറിയാമ്മ ദമ്പതികളുടെ മകൻ ബിജു സി. തോമസ് അടക്കം കുട്ടനാട്ടിൽനിന്നു നാലു പേർ ദൗത്യത്തിന്റെ ഭാഗമായി. ചന്ദ്രയാൻ -3നെ ബഹിരാകാശത്തിലെത്തിക്കുന്ന റോക്കറ്റ് എൽവിഎം 3 എം 4ന്റെ വെഹിക്കിൾ ഇൻസ്പക്ടറെന്ന നിലയിലാണ് ബിജു ദൗത്യത്തിൽ പങ്കാളിയായത്.
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. 1997 മുതൽ ഐഎസ്ആർഒയുടെ ഭാഗമായി. മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, ചങ്ങനാശേരി എസ്ബി കോളജ്, പാലക്കാട് എൻഎസ്എസ് കോളജ് ഓഫ് എൻജിനിയറിംഗ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം ഐഎസ്ആർഒയിൽ ചേർന്നു. ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്നു ബിരുദാനന്തര ബിരുദവുമെടുത്തു.
തിരുവനന്തപുരം വിമൻസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ റീനി രാജനാണ് ഭാര്യ. ജെഇ അഡ്വാൻസ്ഡ് ഓൾ ഇന്ത്യ പരീക്ഷയിൽ മൂന്നാം റാങ്കുനേടിയ, ബാംഗ്ലൂർ ഐഐടിയിൽ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ തോമസ് ബിജു ചീരംവേലിൽ മൂത്തമകനാണ്. ഇളയമകൻ പോൾ ബിജു ചീരംവേലിൽ തിരുമല വിശ്വപ്രകാശ് സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയുമാണ്. തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയിനിൽ കാവ്യാഞ്ജലിയിലാണ് ബിജു സി. തോമസ് ഇപ്പോൾ താമസിക്കുന്നത്.
ചാന്ദ്രയാൻ-3 യുടെ ചരിത്ര നേട്ടത്തിൽ പുളിങ്കുന്ന് പുത്തൻപറമ്പിൽ കുടുംബവും ആഹ്ലാദത്തിലാണ്. പുത്തൻപറമ്പിൽ ഫ്രാൻസിസിന്റെയും ആനിയമ്മയുടെയും മകൻ ബാലു ഫ്രാൻസിസാണ് ചരിത്രദൗത്യത്തിൽ പങ്കാളിയായ മറ്റൊരാൾ. തിരുവനന്തപുരം വലിയമലയിലുള്ള എൽപിഎസ്സി (ലിക്വിഡ് പ്രൊപ്പൻഷൻ സിസ്റ്റം സെന്റർ)ലെ ശാസ്ത്രജ്ഞനായ ബാലു 2007 മുതൽ ഐഎസ്ആർഒയുടെ ഭാഗമാണ്. നിലവിൽ ക്രയോജനിക് എൻജിൻ ഡപ്യൂട്ടി ഡിവിഷൻ ഹെഡ് ആണ്. ഐഎസ്ആർഒയുടെ ശക്തിയേറിയ റോക്കറ്റുകളായ ജിഎസ്എൽവി എംകെ-2 എൽവിഎം-3 എന്നിവ അവസാനഘട്ടത്തിൽ ജ്വലിക്കുന്നതു ക്രയോജനിക് എൻജിനിലാണ്.
ബാലു പുളിങ്കുന്നു സെന്റ് ജോസഫ് ഹൈസ്കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കി. കോതമംഗലം എൻജിനിയറിംഗ് കോളജിൽനിന്നു ബിടെക് മെക്കാനിക്കൽ എൻജിനിയറിംഗ് പഠന ശേഷമാണ് ഐഎസ്ആർഒയിൽ ചേർന്നത്. ഭാര്യ ഡോ.മീനു ജോസ് ഇവാനിയോസ് കോളജിൽ അസിസ്റ്റന്റ് പ്രഫസറാണ്. മകൾ നദിൻ മുക്കോല സെന്റ് തോമസ് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി. മകൻ: ജോസഫ് ചെമ്പക കിന്റർ ഗാർട്ടൻ യുകെജി വിദ്യാർഥി. ചമ്പക്കുളം സ്വദേശികളായ രാജു, ജെറിൻ എന്നിവരും വിവിധ ഘട്ടങ്ങളിലായി ദൗത്യത്തിൽ പങ്കാളികളായിട്ടുണ്ട്.
Leave a Reply