ധാരാളം ഔഷധഗുണങ്ങളുള്ള ചെടികൾ നമ്മുടെ വീട്ടുവളപ്പിൽ ഉണ്ട്. അതുകൊണ്ടുതന്നെ പഴമക്കാർ ഈ ചെടികളുടെ ഔഷധഗുണങ്ങൾ തിരിച്ചറിഞ്ഞു തങ്ങളുടെ വീട്ടുവളപ്പിൽ ഇത്തരം സസ്യങ്ങൾ പരിപാലിച്ചിരുന്നു. കാലം പുരോഗമിച്ചതോടെ നമ്മുടെ വീട്ടുമുറ്റത്തുള്ള ഔഷധസസ്യങ്ങളുടെ പ്രാധാന്യം പലരും മറക്കുകയും എല്ലാവരും ഇംഗ്ലീഷ് മരുന്നുകളുടെ പിന്നാലെ പോകുകയും ചെയ്തു. എന്നാൽ ആരോഗ്യത്തിന് ഏറെ മികച്ചതാണ് വീട്ടുവളപ്പിലെ ഔഷധസസ്യങ്ങൾ എന്ന് നിങ്ങൾ തിരിച്ചറിയണം. നമ്മുടെ നിത്യജീവിതത്തിൽ കടന്നുവരാവുന്ന അനേകം രോഗങ്ങൾക്ക് ഈ ഒറ്റമൂലികൾ ശാശ്വത പരിഹാരമാണ്. അതുകൊണ്ടുതന്നെ അറിഞ്ഞിരിക്കാം ഈ ഒറ്റമൂലികളെ.

ജലദോഷം മുതൽ കാൻസർ വരെയുള്ള രോഗങ്ങൾക്ക് ഒറ്റമൂലി മരുന്നുകൾ

1. ചതവ് ഉണ്ടായാൽ ഉടനെ തൊട്ടാവാടി വേര് പച്ചവെള്ളത്തിൽ അരച്ചുപുരട്ടുക. അല്ലെങ്കിൽ പുളിയില ഇട്ട് വെന്ത വെള്ളം കൊണ്ട് ആവിപിടിക്കുക.

2. ചുട്ടുനീറ്റൽ ഉണ്ടാകുമ്പോൾ താമരപ്പൂവ് അരച്ചുപുരട്ടുക. അല്ലെങ്കിൽ നറുനീണ്ടിക്കിഴങ്ങ് പൊടിച്ച് പാലിൽ കലക്കി കുടിക്കുക.

3. ചുണങ്ങ് ഭേദമാക്കുവാൻ പച്ചമഞ്ഞളും ആര്യവേപ്പിലയും ചേർത്ത് അരച്ച് പുരട്ടിയാൽ മതി. ഇല്ലെങ്കിൽ പപ്പായയുടെ ഇല പിഴിഞ്ഞ നീരും ഗോമൂത്രവും ചേർത്ത് ചാലിച്ചു തേക്കുക.

4. ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്നവർക്ക് കരിങ്ങാലിക്കാതൽ ചതച്ചിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിച്ചാൽ മതി. പുളിച്ച മോരിൽ ജീരകം അരച്ച് കലക്കി കുടിയ്ക്കുന്നതും വെളുത്തുള്ളി ചുട്ടു തിന്നുന്നതും നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ : അനവധി രോഗങ്ങൾക്ക് ഒറ്റമൂലി ‘ മത്തയില തോരൻ’

5. കുഴിനഖം ഉണ്ടാക്കുന്നവർക്ക് മൈലാഞ്ചിയും പച്ചമഞ്ഞളും അരച്ച് കുഴി നഖത്തിന് ചുറ്റും പൊതിയുക. അല്ലെങ്കിൽ വെറ്റില ഞെട്ടും തുമ്പ തളിരും തിളപ്പിച്ചു വെളിച്ചെണ്ണ മുറുക്കി പുരട്ടുക. തുളസിയിലയിട്ടു മൂപ്പിച്ച വെളിച്ചെണ്ണ പുരട്ടുന്നതും നല്ലതാണ്.

6. കഫശല്യം ഉണ്ടായാൽ അഗത്തി ഇല പിഴിഞ്ഞെടുത്ത നീര് നസ്യം ചെയ്താൽ മതി. ഇഞ്ചി ചുട്ട് തൊലികളഞ്ഞ് തിന്നുന്നതും നല്ലതാണ്. തൊലികളഞ്ഞ വെളുത്തുള്ളിയുടെ ഏതാനും അല്ലികൾ അതേപടി വിഴുങ്ങുന്നതും നല്ലതാണ്.

7. കണ്ണിനുതാഴെ കറുത്ത പാടുകൾ വന്നാൽ തേൻ പുരട്ടിയാൽ മതി.

8. തഴുതാമയില തോരൻ ഉണ്ടാക്കി പതിവായി കഴിച്ചാൽ തിമിരം ഇല്ലാതാകും.

9. കണിക്കൊന്ന വേരിൻറെ തൊലി അരച്ച് പാലിൽ ചേർത്ത് കുടിച്ചാൽ കരപ്പൻ രോഗം ഇല്ലാതാകും.

10. ഓർമ്മക്കുറവ് ഇല്ലാതാക്കുവാൻ കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് കുടിക്കുക. ഇല്ലെങ്കിൽ കുടവൻ ഇല അരച്ച് കഴിക്കുക. വിഷ്ണുക്രാന്തി സമൂലം എടുത്ത് ഇടിച്ചുപിഴിഞ്ഞ നീര് 10 മില്ലി തേനും ചേർത്ത് ദിവസം രണ്ടുനേരം കഴിക്കുന്നത് നല്ലതാണ്.

11. ഒച്ചയടപ്പ് അകറ്റുവാൻ വയമ്പ് തേനിൽ അരച്ച് സേവിച്ചാൽ മതി. അല്ലെങ്കിൽ മുരിങ്ങയില ഉപ്പിട്ട് തിളപ്പിച്ച് ചെറുചൂടോടെ കവിൾ കൊണ്ടാൽ മതി. കഞ്ഞുണ്ണി അരച്ച് മോരിൽ കലക്കി കഴിക്കുന്നതും നല്ലതാണ്.

12. ഉദരരോഗങ്ങൾ ഇല്ലാതാക്കുവാൻ കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം പതിവായി കഴിച്ചാൽ മതി. അല്ലെങ്കിൽ കൃഷ്ണ തുളസി ഇല പിഴിഞ്ഞ നീര് ഒരു ടേബിൾ സ്പൂൺ കഴിച്ചാൽ മതി. കുമ്പളങ്ങാനീര് രാവിലെ വെറുംവയറ്റിൽ കഴിക്കുന്നതും നല്ലതാണ്.

13. എക്കിട്ടം മാറുവാൻ മുക്കുറ്റി അരച്ച് വെണ്ണയിൽ സേവിക്കുക. അല്ലെങ്കിൽ മാവിൻറെ ഇല കത്തിച്ച് പുക ശ്വസിക്കുക.

14. അസ്ഥിസ്രാവം ഉള്ളവർ ഒരുപിടി ചെമ്പരത്തി മൊട്ടുകൾ മോരിൽ അരച്ച് കലക്കി കഴിക്കുക.

15. ദഹനക്കേട് ഇല്ലാതാക്കുവാൻ പുളിയാറില ചമ്മന്തി ഉണ്ടാക്കി കഴിക്കുക.