എ.ടി.എം. കവർച്ചയ്ക്ക് കൂറ്റൻ മണ്ണുമാന്തി യന്ത്രവും ഉപയോഗിച്ച് കള്ളന്മാർ. മഹാരാഷ്ട്രയിലെ സംഗ്ലിയിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കൗണ്ടറിലെ എ.ടി.എം. അപ്പാടെ കടത്തിക്കൊണ്ടുപോയത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
എ.ടി.എം. കൗണ്ടറിന്റെ വാതിൽ ഒരാൾ തുറക്കുന്നതാണ് ആദ്യം ദൃശ്യങ്ങളിലുള്ളത്. പിന്നാലെ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റ് ഉപയോഗിച്ച് വാതിൽ തകർക്കുന്നതും കാണാം. ശേഷം എ.ടി.എം. അപ്പാടെ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റിൽ കോരിയെടുത്ത് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള എ.ടി.എം. മോഷണം പോലീസിനെയും അമ്പരപ്പിച്ചിട്ടുണ്ട്. കവർച്ചയുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലും വൈറലായി. നിരവധി പേരാണ് ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
മണി ഹെയിസ്റ്റ് 2023? എന്ന ചോദ്യത്തോടെയാണ് ഒരാൾ ഈ ദൃശ്യം പങ്കുവെച്ചത്. ‘ക്രിപ്റ്റോ മൈനിങ്ങിന്റെ കാലത്ത് എ.ടി.എം. മൈനിങ് എന്ന പുതിയ കണ്ടുപിടുത്തം’ എന്നായിരുന്നു മറ്റൊരാൾ നൽകിയ വിശേഷണം. മോഷണരീതിയെ തമാശയായി അവതരിപ്പിച്ചും ഒട്ടേറെ പേർ ദൃശ്യങ്ങൾ പങ്കുവെച്ചു. അതേസമയം, തൊഴിലില്ലായ്മയും ഭക്ഷണത്തിന് ഉയർന്നവിലയും ഉണ്ടാകുമ്പോൾ ഇതുപോലുള്ള കൂടുതൽ സംഭവങ്ങളുണ്ടാകുമെന്നായിരുന്നു ചിലരുടെ പ്രതികരണം.
അടുത്തിടെ, ഇന്ത്യയിൽ നടന്ന മറ്റുചില മോഷണങ്ങളും സാമൂഹികമാധ്യമങ്ങളിലെ വൈറൽ പട്ടികയിൽ ഇടംനേടിയിരുന്നു. ഉത്തർപ്രദേശിൽ ഒരു ഹാർഡ് വെയേഴ്സ് കടയിൽ മോഷണം നടത്തിയ ശേഷം കള്ളൻ നൃത്തം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ബിഹാറിൽ പാലം പൊളിച്ചുകടത്തിയ സംഭവവുമാണ് സാമൂഹികമാധ്യമങ്ങളിൽ ചിരിപടർത്തിയത്.
Leave a Reply