ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊറോണ വൈറസ് ഇന്ന് മാനവരാശിയ്ക്ക് ആകമാനം ഭീക്ഷണി ആയി പടരുകയാണ് . കൊറോണവൈറസിനെ പ്രതിരോധിയ്ക്കാൻ മരുന്നുകൾ നിലവിലില്ല . എന്നാൽ കൊറോണ വൈറസിനെ പ്രതിരോധിയ്ക്കും എന്ന രീതിയിൽ പ്രചരിയ്ക്കുന്ന മരുന്നുകൾക്കും പൊടിക്കൈകൾക്കും ഒരു കുറവും ഇല്ല .ഇവയിൽ പലതും നമ്മുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നതുമാണ് . കൊറോണ വൈറസിനെതിരെ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ ചികിത്സാരീതികളാണ് ഇന്ന് മലയാളം യുകെ ന്യൂസ് വിശകലനം ചെയ്യുന്നത് .

1. വെളുത്തുള്ളി.

വെളുത്തുള്ളിയുടെ ഉപയോഗം അണുബാധയെ തടയും എന്ന വാർത്തകൾ ഇപ്പോൾ ഫേസ്ബുക്കിലും മറ്റും വൻ പ്രചാരമാണ് നേടുന്നത് . വെളുത്തുള്ളി ആരോഗ്യത്തിന് നല്ലതും ആന്റി മൈക്രോബിയൽ പ്രോപ്പർട്ടീസ് ഉള്ളതുമാണ്. എങ്കിലും വെളുത്തുള്ളി ഭക്ഷിക്കുന്നത് വഴി കൊറോണയെ തടയാൻ സാധിക്കും എന്ന് ഒരു പഠനവും ഇതുവരെ തെളിയിച്ചിട്ടില്ല എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

2. അത്‌ഭുതപാനീയങ്ങൾ

ലോകമെമ്പാടും ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള പ്രശസ്ത യൂട്യൂബർ ജോർദാൻ സതർ തന്റെ പക്കൽ ഒരു അത്ഭുത പാനീയം ഉണ്ടെന്നും അതിന് കൊറോണാ വൈറസിനെ തുടച്ചു മാറ്റുവാനുള്ള ശേഷിയുണ്ടെന്നും അവകാശപ്പെടുന്നു. ഇതിൽ ബ്ലീച്ചിംഗ് ഏജന്റ് ആയ ക്ലോറിൻ ഡൈ ഓക്സൈഡ് ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം, യു‌എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇത് കുടിക്കുന്നതിലൂടെ ആരോഗ്യത്തിന് സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

3. വീട്ടിൽ ഉണ്ടാക്കുന്ന സാനിറ്റൈസർ

കൈകൾ കഴുകുന്നത് ഒരുപരിധിവരെ വൈറസ് പകരുന്നത് തടയും എന്നത് വസ്തുതയാണ് . പക്ഷെ കൊറോണ പടർന്നു പിടിച്ച ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സാനിറ്റൈസേർസിന് ക്ഷാമം നേരിട്ടതിനാൽ ആളുകൾ ഇവ വീടുകളിൽ ഉണ്ടാക്കാൻ തുടങ്ങി.ഇതിൽ പ്രചാരത്തിലുള്ളപല അണുനാശിനികളും മനുഷ്യ ചർമ്മത്തിന് ഹാനികരവും വീട്ടുസാധനങ്ങളും മറ്റും അണുവിമുക്തമാക്കാനുള്ളതുമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു .

4. എല്ലാ 15 മിനിറ്റ് കൂടുമ്പോഴും വെള്ളം കുടിക്കുക.

ഒരു ജപ്പാനീസ് ഡോക്ടറാണ് എല്ലാ 15 മിനിറ്റ് കൂടുമ്പോഴും വെള്ളം കുടിക്കാനും അതുവഴി നമ്മുടെ വായിലൂടെ കയറിയ വൈറസിനെ നശിപ്പിക്കാൻ സാധിക്കും എന്ന് പ്രചരിപ്പിച്ചത്. സമൂഹമാധ്യമങ്ങൾ ആകമാനം ഇത് ഏറ്റെടുക്കുകയും വൻപ്രചാരം ലഭിയ്ക്കുകയും ചെയ്തു . ഈ വാർത്തയുടെ അറബി പരിഭാഷ മാത്രം 2, 50, 000 തവണയിൽ കൂടുതലായി ഷെയർ ചെയ്തു കഴിഞ്ഞു. പക്ഷേ ഒരിക്കലും ശ്വാസകോശത്തിന് ബാധിക്കുന്ന വൈറസിനെ വെള്ളം കുടിച്ച് ദഹിപ്പിച്ച് കൊല്ലാൻ സാധിക്കില്ല എന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ട്രൂഡി ലാംഗ് പറയുന്നു .

5. ചൂടുവെള്ളം കുടിക്കുക ഐസ്ക്രീം ഒഴിവാക്കുക

ഐസ് ക്രീം ഒഴിവാക്കുക , ചൂടുവെള്ളത്തിൽ കുളിക്കുക, ഹെയർ ഡ്രയർ ഉപയോഗിക്കുക ,സൂര്യപ്രകാശത്തിൽ നിൽക്കുക തുടങ്ങിയവയാണ് ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ കൊറോണാ വൈറസിനെ തടയുന്നതിനായി വന്ന മറ്റു വ്യാജവാർത്തകൾ.