ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- പാൽ ഉൽപ്പന്നങ്ങളോട് കടുത്ത അലർജിയുള്ള 13 കാരി പെൺകുട്ടി കോസ്റ്റ കോഫിയിൽ നിന്നുള്ള ഹോട്ട് ചോക്ലേറ്റ് കുടിച്ച് മരിച്ചത് അലർജിയെ കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാത്തത് മൂലമാണെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കിയിരിക്കുകയാണ്. കിഴക്കൻ ലണ്ടനിലെ ബാർക്കിംഗിൽ നിന്നുള്ള ഹാനാ ജേക്കബ്സ് എന്ന പെൺകുട്ടിക്ക് കുഞ്ഞ് ആയിരിക്കുമ്പോൾ മുതൽ തന്നെ പാൽ, മത്സ്യം, മുട്ട എന്നിവയോട് കടുത്ത അലർജി ഉണ്ടായിരുന്നു. 2022 ഫെബ്രുവരി എട്ടിന് പശുവിന്റെ പാൽ അടങ്ങിയിരിക്കുന്ന പാനീയം കുടിച്ച് മണിക്കൂറുകൾക്കുള്ളിൽ ആയിരുന്നു ഹാനാ മരണപ്പെട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോസ്റ്റ കോഫിയിൽ നിന്നുള്ള ഹോട്ട് ചോക്ലേറ്റ് ആണ് ഹാനായുടെ അമ്മ അവൾക്കായി വാങ്ങി നൽകിയത്. എന്നാൽ ഓർഡർ എടുത്ത വ്യക്തിയും, ഹാനായുടെ അമ്മയും തമ്മിലുള്ള ആശയവിനിമയത്തിൽ ഉണ്ടായ പരാജയവും, അതോടൊപ്പം തന്നെ അലർജിയെ കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാത്തതുമാണ് ഈ മരണത്തിൻ്റെ മൂല കാരണമെന്ന് അസിസ്റ്റൻ്റ് കൊറോണർ ഡോ. ഷെർലി റാഡ്ക്ലിഫ് വ്യക്തമാക്കി. മരണദിവസം ഹാനായൊ അമ്മയൊ അലർജി ഉണ്ടായാൽ ഉടനടി നൽകേണ്ട എപ്പിനെഫ്രിൻ ഇഞ്ചക്ഷൻ കൈവശം വെച്ചിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ, ഹോട്ട് ചോക്ലേറ്റിലെ ഒരു ഘടകം മൂലമുണ്ടായ ഹൈപ്പർസെൻസിറ്റീവ് അനാഫൈലക്‌റ്റിക് റിയാക്ഷൻ തുടർന്നാണ് ഹാനാ മരിച്ചതെന്ന് കണ്ടെത്തി. ഇൻക്വസ്റ്റിന് ശേഷം നടത്തിയ പ്രസ്താവനയിൽ, തന്റെ മകളുടെ അലർജിയെ സംബന്ധിച്ച് താൻ വളരെ ശ്രദ്ധാലുവായിരുന്നുവെന്നും, മകളും ഈ അവസ്ഥയെ വളരെ ഗൗരവമായാണ് കണ്ടതെന്നും ഹാനായുടെ അമ്മ അബിയിംബോല ഡ്യൂയിൽ വ്യക്തമാക്കി. അലർജി ട്രെയിനിങ് പലയിടത്തും കൃത്യമായ രീതിയിൽ ഗൗരവമായ തരത്തിൽ എടുത്തിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി.

ഹാനായുടെ നഷ്ടം ഒരു ദുരന്തമാണെന്നും ഹാനയുടെ കുടുംബത്തോടും സുഹൃത്തുക്കളോടും തങ്ങളുടെ ദുഃഖം അറിയിക്കുന്നതായും കോസ്റ്റ് കോഫി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരമൊരു ദുരന്തം എങ്ങനെ സംഭവിച്ചു എന്ന് അറിയേണ്ടത് എല്ലാവരുടെയും ആവശ്യമാണെന്നും, കൊറോണറുടെ അഭിപ്രായങ്ങൾ കൃത്യമായി ശ്രദ്ധിച്ച് വേണ്ടവിധ എല്ലാ പരിഗണനകളും നൽകുമെന്നും കോസ്റ്റ കോഫി അധികൃതർ വ്യക്തമാക്കി. അലർജിയെ കുറിച്ച് വേണ്ടവിധ ബോധവത്കരണം നൽകുവാൻ ഗവൺമെന്റ് ഉടനടി ഇടപെടണമെന്ന ആവശ്യവും ഹാനായുടെ മാതാവ് വ്യക്തമാക്കി.