ന്യൂസ് ഡെസ്ക് മലയാളം യുകെ

സെന്റ് പീറ്റേഴ്‌സ്ബർഗ് : രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ പടയാളികള്‍ കൈയ്യേറിയിരുന്ന റഷ്യയിലെ മുന്‍ നാസി തടങ്കല്‍പ്പാളയത്തിന് സമീപത്തു നിന്നും കൂട്ടാശ്‌മശാനം കണ്ടെടുത്തു. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിന് സമീപം ലോമോനോസോവ്‌സ്‌കി ജില്ലയിലെ കൂട്ടശ്മശാനത്തിൽ നിന്ന് 1362 മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി തിരച്ചിൽ സംഘം സ്ഥിരീകരിച്ചു. കണ്ടെത്തിയ അവശിഷ്ടങ്ങളിൽ പകുതിയിലേറെയും കുട്ടികളുടേതാണ്. 675 കുഞ്ഞുങ്ങളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇതിൽ ഉൾപ്പെടുന്നു. സ്ഥലത്ത് നിന്നും ഈ ആഴ്ച തന്നെ ഏകദേശം 50 ചാക്ക് നിറയെ അസ്ഥികൂടങ്ങൾ നീക്കം ചെയ്തു. പരിക്കേറ്റ ജർമ്മൻ ഉദ്യോഗസ്ഥർക്കും പട്ടാളക്കാർക്കും രക്തം നൽകുന്നതിന് വേണ്ടി കുട്ടികളെ കൊന്നൊടുക്കിയെന്നാണ് വിലയിരുത്തൽ.

“ഞങ്ങൾ കുഴിച്ചുകൊണ്ടേയിരിക്കുകയാണ്.. ഇതിനൊരു അവസാനമില്ല.” – തിരച്ചിൽ സംഘത്തിന്റെ തലവൻ വിക്ടർ ഇയോനോവിന്റെ വാക്കുകൾ. പ്രായപൂർത്തിയായവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ഇതിൽ മൂന്നു ഗർഭിണികളും ഉൾപ്പെടുന്നുവെന്ന് അദ്ദേഹം വിശദമാക്കി. മൃതദേഹങ്ങളിൽ വെടിയേറ്റ മുറിവുകളോ അടിയേറ്റതിന്റെ ലക്ഷണങ്ങളോ കാണാനില്ല. പരിക്കേറ്റ സൈനികർക്ക് നൽകാൻ വേണ്ടി രക്തം ഊറ്റി എടുത്തതാണ് മരണകാരണം. അവശിഷ്ടങ്ങൾ കൂമ്പാരമായി കിടക്കുകയായിരുന്നുവെന്ന് സെർച്ച് വോളണ്ടിയർ സെർജി ബെറെഗോവോയ് വെളിപ്പെടുത്തി.

പ്രായമായവർക്കോ പ്രാദേശിക ചരിത്രകാരന്മാർക്കോ ഇവിടെ സംഭവിച്ചതിനെ കുറിച്ച് യാതൊരു അറിവുമില്ലെന്നത് ഖേദകരമായ സംഗതിയാണെന്ന് ഇയോനോവ് പറഞ്ഞു. മിലിറ്ററി ആർക്കൈവുകളിൽ തെളിവുകളൊന്നുമില്ല. 1941 നും 1943 നും ഇടയിൽ ലെനിൻഗ്രാഡ് ഉപരോധസമയത്ത് നാസി സൈനികർ ഇവിടെ നിന്ന് വെറും 300 മീറ്റർ അകലെ നിലയുറപ്പിച്ചിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ 1410 എന്ന് നമ്പറുള്ള ടാഗ് കണ്ടെത്തിയെങ്കിലും പ്രാധാന്യം വ്യക്തമായിട്ടില്ല. ശൈത്യകാലത്തിനുശേഷം തിരച്ചിൽ പുനരാരംഭിക്കുമ്പോൾ കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനാകുമെന്ന്
ഉദ്യോഗസ്ഥർ പറഞ്ഞു.