സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ ലണ്ടൻ റീജണൽ കുർബ്ബാന കേന്ദ്രമായ സ്റ്റീവനേജിൽ അമലോത്ഭവ മാതാവിന്റെ തിരുന്നാൾ ഭക്തി പുരസ്സരം കൊണ്ടാടുന്നു. പരിശുദ്ധ അമ്മയുടെ ജനനത്തിരുന്നാളും, അതിനൊരുക്കമായി പൗരസ്ത്യസഭകൾ ആചരിക്കുന്ന എട്ടുനോമ്പും വന്നു ചേരുന്ന സെപ്റ്റംബർ മാസത്തിലെ മൂന്നാം ശനിയാഴ്ചയിലെ പതിവ് മലയാളം കുർബ്ബാന പരിശുദ്ധ അമ്മയുടെ ദിനവും, തിരുന്നാളുമായി വിപുലവും, ഭക്തിനിർഭരവുമായിട്ടാവും ആഘോഷിക്കുക.
പരിശുദ്ധ കത്തോലിക്കാ സഭ ക്രിസ്തു ശിഷ്യനും, സുവിശേഷ പ്രവർത്തകനുമായ വി. മത്തായിയുടെ തിരുന്നാൾ ദിനവുമായി ആചരിക്കുന്ന സെപ്തംബർ 21 നു ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് സ്റ്റീവനേജിലെ സെന്റ് ജോസഫ് ദേവാലയത്തിൽ പരിശുദ്ധ ജപമാല സമർപ്പണത്തോടെ തിരുന്നാൾ തിരുക്കർമ്മങ്ങൾ ആരംഭിക്കും. കൊടിയേറ്റ് കർമ്മത്തോടെ തിരുന്നാളിന് തുടക്കമാവും.
സമൂഹ പ്രസുദേന്തി വാഴ്ച, മാതാവിന്റെ രൂപം വെഞ്ചരിക്കൽ, ആഘോഷമായ സമൂഹ ബലി, വാഴ്വ്, പ്രദക്ഷിണം, നേർച്ച വെഞ്ചിരിപ്പ്, സമാപന ആശീർവാദം തുടങ്ങിയ തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് ശേഷം നേര്ച്ച ഭക്ഷണം വിതരണവും ഉണ്ടായിരിക്കുന്നതാണ്.
തുടർന്ന് ബെഡ്‌വെൽ കമ്മ്യുണിറ്റി സെന്ററിൽ വെച്ച് വൈകുന്നേരം 5:00 ന് പാരീഷ് ദിനാഘോഷം നടത്തപ്പെടും. ചാമക്കാല അച്ചൻ ഉദ്ഘാടനം ചെയ്തു സന്ദേശം നൽകും. മുതിർന്നവരും കുട്ടികളും നടത്തുന്ന സ്‌കിറ്റുകൾ, ഡാൻസുകൾ, പാ ട്ട് തുടങ്ങിയ കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് ബൈബിൾ ക്വിസ്സ് കോമ്പിറ്റെഷനും സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.
Leave a Reply