തിരുവല്ല: തിരുവല്ല ഇടിഞ്ഞില്ലത്ത് നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. ബസിലും കടയിലുമായി ഉണ്ടായിരുന്ന 18 പേർക്കാണ് പരിക്കേറ്റത്. സ്‌കൂട്ടറില്‍ സഞ്ചരിച്ച ചെങ്ങന്നൂര്‍ പിരളശ്ശേരി ആഞ്ഞിലംപറമ്പില്‍ ജെയിംസ് ചാക്കോ (31), ചെങ്ങന്നൂര്‍ വെണ്‍മണി പുലക്കടവ് ആന്‍സി ഭവനത്തില്‍ ആന്‍സി (27) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ മരിച്ചവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് നിയന്ത്രണം വിട്ട ബസ് ഇടിക്കുകയായിരുന്നു. ഇരുവരുടെയും ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി. ബസിലുണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശി സുഭാഷിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവല്ല വാഹനാപകടത്തില്‍ മരിച്ച ജയിംസും ആന്‍സിയും കൊതിച്ചത് ജീവിതത്തില്‍ ഒരുമിക്കാനായിരുന്നു. പക്ഷേ അവര്‍ ഒന്നിച്ചു പോയത് മരണത്തിലേക്കായിരുന്നു. വിവാഹം കഴിക്കണമെന്നവര്‍ ആഗ്രഹിച്ചിരുന്നു. എൻഗേജ്മെന്റ് കഴിഞ്ഞിരുന്ന അവര്‍ ഒന്നിച്ച് ഒരു സ്‌കൂട്ടറില്‍ യാത്ര ചെയ്തത് ഒരുമിച്ചുള്ള ജീവിതത്തിന്റെ മുന്പോട്ടുള്ള പ്രയാണത്തിൽ ഒരു താങ്ങാവുന്നതിന് ആന്‍സിക്ക് ഒരു ജോലി നേടിയെടുക്കാനായിരുന്നു കോട്ടയത്തിന് പുറപ്പെട്ടത്. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കായുള്ള ആന്‍സിയുടെ ഇന്റര്‍വ്യൂവും കഴിഞ്ഞ് അവര്‍ വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് ജീവനും ജീവിതവും നഷ്ടമായത്.
തിരുവല്ല ഇടിഞ്ഞില്ലത്ത് നിയന്ത്രണം വിട്ട കെ എസ് ആര്‍ ടി സി ബസിനടിയില്‍പെട്ടാണ് ഇരുവരും മരണപ്പെടുന്നത്.
കാലന്റെ രൂപത്തിൽ വന്ന കെ എസ് ആര്‍ ടി സി ബസ് അവർ കണ്ട സ്വപ്‌നങ്ങൾ ഇല്ലാതാക്കുകയായിരുന്നു. ചെങ്ങന്നൂര്‍ പിരളശേരി കാഞ്ഞിരംപറമ്പില്‍ പരേതനായ ചാക്കോ ശാമുവേലിന്റെ മകനായ ജയിംസ് സ്‌കൂള്‍ ബസ് ഡ്രൈവറാണ്. കൊറോണ സമയമായതിനാല്‍ സ്വന്തമായി വാഹനമോടിച്ചാണ് ജീവിച്ചിരുന്നത്.
ബിരുദധാരിണിയാണ് വെണ്‍മണി പുലക്കടവ് ആന്‍സി ഭവനില്‍ ജോണ്‍സന്റെ മകളായ ആന്‍സി. ഇരുവരുടെയും വീട്ടുകാര്‍ വിവാഹത്തെക്കുറിച്ച് ആലോചിച്ചിരുന്നു. ഗള്‍ഫിലുള്ള ആന്‍സിയുടെ അമ്മ നാട്ടിലെത്തുമ്പോള്‍ വിവാഹം നടത്താന്‍ കാത്തിരിക്കുമ്പോഴാണ് ഇരുവരുടെയും ജീവന്‍ കെ എസ് ആര്‍ ടി സി ബസ് തട്ടിത്തെറിപ്പിച്ചത്.
[ot-video][/ot-video]
Leave a Reply