തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രണ്ട് കോടി രൂപ വാങ്ങിയ ആന്‍റോ ആന്‍റണി എംപി ഇതുവരെ തുക തിരികെ നൽകിയിട്ടില്ലെന്ന ആരോപണവുമായി തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജു രംഗത്ത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ കാലത്ത് ആന്‍റോ ആന്‍റണി പലതവണ സ്ഥാപനത്തിൽ എത്തി, രണ്ട് മാസത്തിനകം തിരികെ നൽകാമെന്ന് ഉറപ്പുനൽകിയാണ് നിക്ഷേപകരുടെ പണമായ രണ്ട് കോടി രൂപ പലിശയ്ക്ക് വാങ്ങിയതെന്നും രാജു ആരോപിച്ചു. ഏഴ് വർഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയതെന്നും ഈടൊന്നും വാങ്ങാതെയായിരുന്നു പണം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം ഇഡിയെയും ക്രൈംബ്രാഞ്ചിനെയും അറിയിച്ചതായും രാജു പറഞ്ഞു.
നിക്ഷേപ തട്ടിപ്പ് കേസിൽ കഴിഞ്ഞ രണ്ട് വർഷമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുകയാണ് തിരുവല്ല നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ്. അന്വേഷണത്തിന്റെ ഭാഗമായി സ്ഥാപനവുമായി ബന്ധപ്പെട്ട 44 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചിട്ടുണ്ട്. നൂറുകണക്കിന് നിക്ഷേപകരിൽ നിന്നു ശേഖരിച്ച തുക ഉപയോഗിച്ച് എൻ.എം. രാജുവും കൂട്ടാളികളും വൻതോതിൽ ഭൂമി വാങ്ങിയെന്ന കണ്ടെത്തലും ഇഡി നടത്തിയിരുന്നു. പത്തനംതിട്ട, എറണാകുളം ജില്ലകളിലായി നിരവധി പൊലീസ് കേസുകളാണ് സ്ഥാപനത്തിനെതിരെ നിലവിലുള്ളത്. 2014 മേയ് 7ന് എൻ.എം. രാജുവിനെയും ഭാര്യ ഗ്രേസിനെയും മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിനിടെ, സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠരർ രാജീവർക്കും സ്ഥാപനത്തിൽ നിക്ഷേപമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. തന്ത്രി രണ്ടരക്കോടി രൂപ നിക്ഷേപിച്ചിരുന്നുവെന്നും സ്ഥാപനം തകർന്നപ്പോൾ പരാതിയൊന്നും നൽകിയില്ലെന്നുമായിരുന്നു ആരോപണം. ഇതിൽ വ്യക്തത വരുത്തുന്നതിനായി വ്യാഴാഴ്ച ഇഡി സ്ഥാപനത്തിൽ റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു. എന്നാൽ തന്ത്രി കണ്ഠരർ രാജീവർക്കു സ്ഥാപനത്തിൽ നിക്ഷേപമില്ലെന്നു എൻ.എം. രാജു വ്യക്തമാക്കി.











Leave a Reply