തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങുന്ന വിമാനങ്ങള്‍ക്ക് പക്ഷിക്കൂട്ടങ്ങള്‍ സുരക്ഷ ഭീഷണിയുണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വിമാനം ഇറക്കുമ്പോഴും പറന്നുയരുമ്പോഴും പക്ഷിക്കൂട്ടങ്ങള്‍ അപകടം വിതയ്ക്കാന്‍ സാധ്യതയുണ്ടെന്ന് പൈലറ്റുമാര്‍ പറയുന്നത്. പക്ഷികള്‍ കൂട്ടമായി വിമാനത്തിലിടിക്കുന്നത് വലിയ അപകടങ്ങളുണ്ടാക്കും. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ വിമാനത്താവളത്തില്‍ ഇറങ്ങിയ ഒരു വിമാനത്തില്‍ 3 കിലോ ഭാരം വരുന്ന പരുന്തിടിച്ചിരുന്നു. വിമാനത്തിലിടിച്ച് ചത്തുപോയ പരുന്ത് വിമാനത്തിന്റെ ചിറകിലെ ഫ്‌ളാപ്പില്‍ ഒട്ടിയ നിലയിലായിരുന്നു. വലിയ അപകടമാണ് ഒഴിവായതെന്ന് അധികൃതര്‍ പ്രതികരിച്ചു.
ലാന്‍ഡിം?ഗിന്റെ സമയത്തും പറന്നുയരുന്ന സമയത്തും പക്ഷികള്‍ തടസം സൃഷ്ടിക്കുന്നതായി നേരത്തെയും പൈലറ്റുമാര്‍ വിമാനത്താവള അതോറിറ്റികളോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ പ്രശ്‌ന പരിഹാരം കൃത്യമായി നടന്നില്ല. വിമാനം ഇറങ്ങുന്ന സമയത്ത് പടക്കം പൊട്ടിച്ച് പക്ഷികളെ ഓടിക്കുന്നത് പോലുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. തിരുവനന്തപുരത്ത് കഴിഞ്ഞ നാലുമാസത്തിനിടെ 35 പക്ഷിയിടി ഉണ്ടായതായാണ് റിപ്പോര്‍ട്ട്. എഞ്ചിനുള്ളില്‍ പക്ഷികള്‍ കുടുങ്ങിയാല്‍ അപകടം നിശ്ചയമാണ്.
വിമാനത്താവളത്തിന് സമീപമുണ്ടായിരുന്ന മാലിന്യ പ്ലാന്റാണ് പ്രദേശത്തേക്ക് കൂടുതല്‍ പക്ഷികളെ ആകര്‍ഷിക്കുന്നതെന്ന് മനസിലാക്കിയ അധികൃതര്‍ പ്ലാന്റ് പാര്‍ക്കാക്കി മാറ്റി. ഇതിനായി ഏകദേശം 54 ലക്ഷം രൂപയാണ് ചെലവഴിച്ചത്. എന്നാല്‍ നീക്കം വേണ്ടത്ര വിജയം കണ്ടില്ല. വിമാനത്താവളത്തിന് സമീപത്തായിട്ടുള്ള മാംസ വ്യാപാര കേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യമാണ് പക്ഷികളെ പ്രദേശത്തേക്ക് എത്തിക്കുന്നതിന് പ്രധാന കാരണം. മൂന്ന് കിലോ മുതല്‍ അഞ്ച് കിലോ വരെ ഭാരമുള്ള പരുന്തുകള്‍, പ്രാവുകള്‍, വിവിധതരം കൊറ്റികള്‍, കാക്കകള്‍ തുടങ്ങിയവയാണ് വിമാനങ്ങള്‍ക്കു ഭീഷണിയുണ്ടാക്കുന്നത്.
Leave a Reply