മകളുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടോ എന്ന് കണ്ടെത്തണമെന്ന് മേഘയുടെ പിതാവ് മധുസൂദനൻ. സംഭവത്തിൽ ഐബിക്കും പോലീസിനും പരാതി നൽകി. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിമാനത്താവള ജീവനക്കാരിയായ മേഘയെ ചാക്കയിൽ റെയിൽവെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സഹപ്രവർത്തകൻ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. വിഷയത്തിൽ ദുരൂഹതയാരോപിച്ച് രക്ഷിതാക്കൾ ഐബിക്കും പോലീസിനും പരാതി നൽകി. പെൺകുട്ടിയുടെ മൃതദേഹം പത്തനംതിട്ട അതിരുങ്കല്ലിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
മുറിയിൽ പോകുന്നുവെന്ന് പറഞ്ഞ് പോയ മകൾ എങ്ങനെയാണ് റെയിൽവേ ട്രാക്കിൽ എത്തിയതെന്നും ഈ സമയത്ത് മകൾക്ക് വന്ന ഫോൺ കോൾ ആരുടേതായിരുന്നുവെന്നും പരിശോധിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. സ്ഥിരം പോകുന്ന വഴിയിൽ റെയിൽവേ ട്രാക്ക് ഇല്ലെന്നും ഇത് മകളുടെ മരണത്തിൽ അസ്വാഭാവികതയുണ്ടാക്കുന്നുവെന്നും പിതാവ് ആരോപിച്ചു.
‘എഴ് മണിയാകുമ്പോൾ ഷിഫ്റ്റ് കഴിയും. ഞാൻ റൂമിലേക്ക് പോകുവാണ്. രാവിലെ കഴിക്കാൻ വേണ്ടി എന്തെങ്കിലും വാങ്ങി പോകും എന്നാണ് പറഞ്ഞത്. പിന്നീട് പത്ത് മണിയായപ്പോഴാണ് വിവരം കിട്ടുന്നത്, ട്രെയിൻ അപകടം സംഭവിച്ചുവെന്ന്. അപ്പോഴാണ് സംശയം വരുന്നത്. റൂമിൽ പോകുന്ന വഴിക്ക് റെയിൽവേ ട്രാക്ക് ഇല്ല. അകലെയുള്ള റെയിൽവേ ട്രാക്കിൽ കൂടി പോകണമെങ്കിൽ ആ സമയത്ത് ആരെങ്കിലും വിളിച്ചിട്ടുണ്ടാകണം. സ്ഥിരം പോകുന്ന റൂട്ടിൽ റെയിൽവേ ട്രാക്ക് ഇല്ല. അതുകൊണ്ട് തന്നെ സംശയം തോന്നി. റൂമിൽ പോകുന്നുവെന്ന് പറഞ്ഞ ശേഷമാണ് അവൾ റൂട്ട് മാറ്റിയത്. ചാനലിൽ പറഞ്ഞു കേട്ടു,ഫോണിൽ സംസാരിച്ചുകൊണ്ടാണ് പോയതെന്ന്. മൊബൈൽ ഫോൺ ഒക്കെ പരിശോധിച്ച് എന്തെങ്കിലും അസ്വാഭാവികമായി നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തണം’ പിതാവ് പറഞ്ഞു. ജോധ്പുരിൽ ട്രെയിനിങ്ങിന് പോയപ്പോൾ അവിടെവെച്ച് ഒരു കുട്ടിയുമായി സൗഹൃദമുണ്ടായിരുന്നുവെന്ന് മകൾ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനംതിട്ട അതിരുങ്കല്ലിലെ റിട്ടയേർഡ് അധ്യാപകനായ മധുസൂദനന്റെയും കളക്ടറേറ്റ് ജീവനക്കാരി നിഷയുടേയും ഏകമകളായിരുന്നു മേഘ.ചെറുപ്രായത്തിൽ തന്നെ മേഘയ്ക്ക് ജോലി ലഭിച്ചു. എന്നാൽ വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു.മനസ്സിനെ വല്ലാതെ ഉലച്ച സംഭവത്തെക്കുറിച്ച് പ്രിയപ്പെട്ടവരോടു പോലും ഉരിയാടാതെയാണ് മേഘ ജീവിതത്തിൽ നിന്ന് അകന്നുപോയത്. പഞ്ചാബിൽ വെച്ച് നടന്ന പരിശീലനത്തിനിടെയാണ് മലപ്പുറം സ്വദേശി യുവാവുമായി മേഘ അടുത്തത്. ബന്ധുക്കൾ ആദ്യം എതിർത്തെങ്കിലും പിന്നീട് മേഘയുടെ ഇഷ്ടത്തിനൊത്ത് നിൽക്കുകയായിരുന്നു. എന്നാൽ പിന്നീട് ഇയാൾ വിവാഹത്തിൽ നിന്ന് പിന്മാറിയതായാണ് വിവരം.
മേഘയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം. മൊബൈൽ കണ്ടെടുത്ത് കോൾ ലിസ്റ്റ് അടക്കം പരിശോധിച്ച ശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരൂ എന്ന് മേഘയുടെ പിതൃസഹോദരൻ ബിജു പറഞ്ഞു.
ജോലി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് പോയ മേഘയെ കഴിഞ്ഞ ദിവസം ചാക്ക റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കൈയിലുണ്ടായിരുന്നു മൊബൈൽ ഫോൺ തകർന്ന നിലയിലായിരുന്നു. ഇത് ശരിയാകുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കും.
Leave a Reply