‘വിമാനം പറന്നുയർന്ന് ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞപ്പോഴാണ് പൈലറ്റിന്റെ അറിയിപ്പുകേട്ടത്. സാങ്കേതികത്തകരാറുണ്ട് എന്ന് കേട്ടപ്പോൾ ഞെട്ടി’ ഡൽഹി യാത്രയ്ക്കിടെ അടിയന്തര ലാൻഡിങ് നടത്തി. -വിമാനത്തിലുണ്ടായിരുന്ന കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. എന്നിട്ടും ലാൻഡിങ്ങിന് ഒരുമണിക്കൂറിലേറെ എടുത്തപ്പോൾ ശ്വാസമടക്കിപ്പിടിച്ചാണിരുന്നത്. നാല് എംപിമാർ മാത്രമല്ലല്ലോ, ഇത്രയും യാത്രക്കാരുടെ ജീവനല്ലേ -അദ്ദേഹം പറഞ്ഞു.
‘ചെന്നൈ വിമാനത്താവളത്തിനുമുകളിൽ പറന്ന് ഇന്ധനം തീരാറായപ്പോഴാണ് ലാൻഡിങ്ങിന് ശ്രമിച്ചത്. ലാൻഡിങ്ങിനായി ഇറങ്ങുമ്പോൾ റൺവേയിൽ മറ്റൊരുവിമാനമുണ്ടെന്ന അറിയിപ്പുവന്നു. ഞങ്ങളുടെ വിമാനം വീണ്ടും മുകളിലേക്കുപറന്നു. ഇതോടെ സാങ്കേതികത്തകരാറിനപ്പുറം ആശയവിനിമയത്തിലും പ്രശ്നമുണ്ടെന്നറിഞ്ഞു. പൈലറ്റിന്റെ മനഃസാന്നിധ്യമാണ് ഞങ്ങൾക്ക് തുണയായത്’. ചെന്നൈയിൽ ഇറങ്ങിയ ഉടൻ അധികൃതരെ വിളിച്ച് ശക്തമായഭാഷയിൽ പ്രതിഷേധമറിയിച്ചതായും ഔദ്യോഗികമായി അന്വേഷണമാവശ്യപ്പെട്ട് പരാതിനൽകുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
7.30-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ 2455 വിമാനം ഒരുമണിക്കൂറിലേറെ വൈകിയാണ് പുറപ്പെട്ടതെന്ന് വിമാനത്തിലുണ്ടായിരുന്ന അടൂർ പ്രകാശ് എംപി പറഞ്ഞു. ചെന്നൈയിൽ അടിയന്തരമായി ലാൻഡ് ചെയ്യുന്നെന്ന് അറിയിച്ചിട്ട് വീണ്ടും ഒരുമണിക്കൂറോളം ആകാശത്ത് പറന്നത് കൂടുതൽ ഭീതിയുണ്ടാക്കിയെന്നും അടൂർ പ്രകാശ് പറഞ്ഞു.
ഇവരെക്കൂടാതെ കൊടിക്കുന്നിൽ സുരേഷ്, കെ. രാധാകൃഷ്ണൻ എന്നീ എംപിമാരും ഈ വിമാനത്തിലുണ്ടായിരുന്നു. തിങ്കളാഴ്ച ഡൽഹിയിൽനടക്കുന്ന പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധപരിപാടിയിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു എംപിമാർ. ഇവരെക്കൂടാതെ തമിഴ്‌നാട് എംപി റോബർട്ട് ബ്രൂസും ഇതേവിമാനത്തിലുണ്ടായിരുന്നു.
അതേസമയം, മുൻകരുതലെന്നനിലയിലാണ് വിമാനം വഴിതിരിച്ചുവിട്ട് ചെന്നൈയിൽ ഇറക്കിയതെന്നും സുരക്ഷാപരിശോധനയ്ക്കുശേഷം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.
Leave a Reply