സ്വര്‍ണക്കള്ളക്കടത്തില്‍ പങ്കില്ലെന്നും യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ചുമതലുള്ള ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം കസ്റ്റംസിനെ ബന്ധപ്പെടുക മാത്രമാണു ചെയ്തതെന്നും സ്വപ്‌ന സുരേഷ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സ്വപ്‌ന ഇക്കാര്യം വ്യക്തമാക്കിയത്.

തനിക്കു ക്രിമിനല്‍ പശ്ചാത്തലമോ സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധമോ ഇല്ല. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് തന്നെ പ്രതിയാക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ. ഹര്‍ജി കോടതി നാളെ പരിഗണിച്ചേക്കും.

2016 മുതല്‍ യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരിയായിരുന്ന താന്‍ 2019 സെപ്റ്റംബറില്‍ രാജിവച്ചു. തുടര്‍ന്ന് കോണ്‍സുലേറ്റ് അധികൃതരുടെ നിര്‍ദേശപ്രകാരം ഭരണപരമായ കാര്യങ്ങളില്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് സഹായം നല്‍കിയിരുന്നുവെന്നും സ്വപ്ന ഹര്‍ജിയില്‍ പറയുന്നു.

കോണ്‍സുലേറ്റ് ജനറലിന്റെ ചുമതലയുള്ള റാഷിദ് ഖാമീസ് അല്‍ ഷെമിലിയുടെ പേരില്‍ അയച്ച കാര്‍ഗോ വൈകിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണു കസ്റ്റംസ് അധികൃതരുമായി ബന്ധപ്പെട്ടത്. ഡ്യൂട്ടിയുടെ ഭാഗമായാണിത്.

തിരുവനന്തപുരത്തെ കാര്‍ഗോ കോപ്ലക്‌സില്‍ ബാഗേജ് ക്ലിയര്‍ ചെയ്യാന്‍ കഴിയാതിരുന്നതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ റാഷിദ് ഖാമിസ് തന്നോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ചത്. ബാഗേജ് തിരിച്ചയക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ തയാറാക്കാന്‍ റാഷിദ് ഖാമിസ് തന്നോട് ആവശ്യപ്പെട്ടിരുന്നു. ജൂലായ് മൂന്നിന് അപേക്ഷ തയാറാക്കി ഖാമിസിന് ഇ മെയില്‍ ചെയ്തിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

തന്റെ യോഗ്യത സംബന്ധിച്ച കോണ്‍സുലേറ്റ് ജനറലിന്റെ സാക്ഷ്യപത്രം വ്യാജമല്ല. കള്ളക്കടത്ത് കേസിൽ അന്വേഷണവുമായി സഹകരിക്കാമെന്നും തെളിവു നശിപ്പിക്കാനോ അന്വേഷണത്തില്‍ ഇടപെടാനോ ശ്രമിക്കില്ലെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.

ഇ ഫയലിങ് വഴി ബുധനാഴ്ച രാത്രി വൈകിയാണ് സ്വപ്ന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അഭിഭാഷകനായ രാജേഷ് കുമാറാണ് സ്വപ്‌നയ്ക്കു വേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്വപ്ന സുരേഷിനായി കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് തിരച്ചില്‍ നടത്തിയിട്ടും സ്വപ്നയെ കണ്ടെത്താനായില്ല. സ്വപ്ന കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ കീഴടങ്ങുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

അതേസമയം, പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി സിബിഐ കൊച്ചി യൂണിറ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റംസ് ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. സ്വഭാവിക നടപടിയെന്നാണ് സിബിഐ വിശദീകരണം. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും കേന്ദ്ര സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക.

കേസില്‍ അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാന്‍ അനുമതി തേടി കസ്റ്റംസ് വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചു. വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയാല്‍ മാത്രമേ അറ്റാഷെയെ ചോദ്യം ചെയ്യൂ. യുഎഇയും ശക്തമായ ഇടപെടലാണ് നടത്തുന്നത്.

യുഎഇയും കേസില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റിന്റെ വിലാസത്തിലേക്ക് സ്വര്‍ണമടങ്ങിയ ബാഗ് അയച്ചത് ആരാണെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിനാണ് തുടക്കമിട്ടതെന്ന് ന്യൂഡല്‍ഹിയിലെ യുഎഇ എംബസി ട്വീറ്റ് ചെയ്തു. വലിയ കുറ്റം ചെയ്യുക മാത്രമല്ല ഇന്ത്യയിലെ യുഎഇ ദൗത്യത്തിന്റെ കീര്‍ത്തിയില്‍ കരിവാരിത്തേയ്ക്കുക കൂടി ചെയ്ത കുറ്റവാളികളെ വെറുതെ വിടില്ലെന്ന് അധികൃതര്‍ ഉറപ്പിച്ചു പറയുന്നു. ഇന്ത്യയിലെ അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ട്വീറ്റില്‍ പറയുന്നു.

സ്വപ്‌നയ്ക്കു പിന്നാലെ ഒളിവില്‍പ്പോയ തിരുവനന്തപുരം സ്വദേശി സന്ദീപ് നായര്‍ കളളക്കടത്ത് റാക്കറ്റിലെ സുപ്രധാന കണ്ണിയാണെന്ന് കസ്റ്റംസ് കണ്ടെത്തി. സരിത്തിനൊപ്പം സന്ദീപ് നായരും ഇടപാടുകള്‍ക്കായി വിദേശത്ത് പോയിട്ടുണ്ട്.ഇത് വരെ നടന്ന എല്ലാ കടത്തിലും സരിത്തിനൊപ്പം സന്ദീപ് പങ്കാളിയായിരുന്നുവെന്നും കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.

സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ കൊച്ചിയിലെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. സന്ദീപിനും ഭാര്യയ്ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് സംശയം. സന്ദീപ് ഒളിവിലാണ്. ഇവരുടെ സ്ഥാപനമാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തത്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന.