തിരുവനന്തപുരം/കോഴിക്കോട് ∙ മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻദേവും വിവാഹിതരാകുന്നു. നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയാണ് സച്ചിൻ. ആര്യ രാജ്യത്തെ പ്രായം കുറഞ്ഞ മേയറും. വിവാഹം സംബന്ധിച്ച് ഇരുകുടുംബങ്ങളും തമ്മിൽ ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാർ അറിയിച്ചു.
വിവാഹ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ തിരക്കു കഴിഞ്ഞയുടന്‍ വിവാഹം ഉണ്ടാകുമെന്നാണ് സൂചന. മേയ് മാസം വിവാഹനിശ്ചയം നടത്താനാണ് ആലോചന. ബാലസംഘത്തിൽ ഒന്നിച്ചു പ്രവർത്തിച്ചതു മുതലുള്ള സംഘടനാ പരിചയമാണ് വിവാഹത്തിലെത്തുന്നത്. വിവാഹ തീയതി ഉള്‍െപ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്ന് സച്ചിൻദേവ് എംഎല്‍എ പ്രതികരിച്ചു.
കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തിൽനിന്ന് വിജയിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്. കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് ചെയർമാനായിരുന്നു. നിയമബിരുദധാരിയാണ്. തിരുവനന്തപുരം ഓൾ സെയിൻസ് കോളജിൽ വിദ്യാർഥിയായിരിക്കെ 21–ാം വയസിലാണ് ആര്യ മേയറാകുന്നത്. എസ്എഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ചാല ഏരിയ കമ്മിറ്റിയംഗവുമാണ്.
ബാലുശ്ശേരിയിൽ സച്ചിൻദേവ് മൽസരിച്ചപ്പോൾ താരപ്രചാരകയായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ എത്തിയിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് വേണ്ടി എസ്എഫ്ഐ സംസ്ഥാന സമിതി അംഗമെന്ന നിലയിലാണ് ആര്യ അന്ന് പ്രചാരണത്തിന് എത്തിയത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എൽഡിഎഫ് സ്ഥാനാർഥികളിലൊരാൾക്കായി പ്രചാരണത്തിന് എത്തിയത് അന്ന് വാർത്തകളിൽ ഇടം നേടിയിരുന്നു.
പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ സച്ചിൻ ദേവ്(28) ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്.
Leave a Reply