തിരുവനന്തപുരം: കൊല്ലത്ത് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. ഗുരുതരാവസ്ഥയിലുളള രോഗിയെ കൊണ്ടു വരുമ്പോഴുളള നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കി. വിലപ്പെട്ട സമയം ആശുപത്രി അധികൃതരും ആംബുലന്‍സുകാരും തര്‍ക്കിച്ചു തീര്‍ക്കുകയായിരുന്നുവെന്നും ഇത് നിത്യസംഭവമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഡോക്ടര്‍ ആര്‍ എല്‍ സരിത അധ്യക്ഷയായ സമിതിയാണ് അന്വഷണം നടത്തിയത്. അടിയന്തര പ്രാധാന്യമുളള കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും വീഴ്ച പറ്റുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജുകളില്‍ അടിയന്തര പ്രാധാന്യമുളള കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകള്‍ പരിശോധിക്കാന്‍ ഉന്നതതല യോഗം ചേരാന്‍ തീരുമാനിച്ചു. നാളെയാണ് യോഗം.
ഓഗസ്റ്റ് 7നാണ് തിരുനെല്‍വേലി സ്വദേശിയായ മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ചത്. കൊല്ലത്ത് അപകടമുണ്ടായതിനു ശേഷം ആറ് ആശുപത്രികളില്‍ മുരുകനെ എത്തിച്ചെങ്കിലും വെന്റിലേറ്റര്‍ സഹായം ലഭിച്ചില്ല. രോഗിക്ക് കൂട്ടിരിക്കാന്‍ ആളില്ലാത്തതിനാലാണ് സ്വകാര്യ ആശുപത്രികള്‍ മുരുകന് ചികിത്സ നിഷേധിച്ചത്. കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളെജ്, അസീസിയ മെഡിക്കല്‍ കോളെജ്, മെഡിട്രിന ആശുപത്രി, കിംസ് ആശുപത്രി, തിരുവനന്തപുരം എസ്യുടി ആശുപത്രി എന്നിയ്ക്കെതിരെ ചികിത്സ നിഷേധിച്ചതിന് പോലീസ് കേസെടുത്തിരുന്നു.
Leave a Reply