അപായ സൂചന അറിയിപ്പ് നല്‍കിയില്ല, ആര്‍സിസിയില്‍ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ കയറി രണ്ടു നില താഴ്ചയിലേക്കു വീണു പരുക്കേറ്റ യുവതിയുടെ നില അതീവഗുരുതരം. പത്തനാപുരം കുണ്ടയം ചരുവിള വീട്ടില്‍ നദീറ (22)യ്ക്കാണ് അധികൃതരുടെ അനാസ്ഥയില്‍ ആര്‍സിസിയില്‍ ലിഫ്റ്റു തകര്‍ന്നു വീണു പരിക്കേറ്റത്.

മെഡിക്കല്‍കോളജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവില്‍ ചികിത്സയിലാണ് ഇപ്പോള്‍ നദീറ. വീഴ്ചയില്‍ തലച്ചോറിനും തുടയെല്ലിനും മാരക ക്ഷതമേറ്റു. ജീവനക്കാരുടെ നിരുത്തരവാദപരവും അലക്ഷ്യവുമായ പെരുമാറ്റമാണ് അപകടത്തിനു കാരണം.

സംഭവത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനെ പുറത്താക്കി അധികൃതര്‍ തടിയൂരി. വിവാദം ഒഴിവാക്കാന്‍ പ്രത്യേക സമിതി അന്വേഷണം നടത്തി വീഴ്ച വരുത്തിയ മുഴുവന്‍ പേര്‍ക്കെതിരെയും നടപടി എടുക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നുമുണ്ടായില്ല.

15നു പുലര്‍ച്ചെ 5നായിരുന്നു അപകടം. അപായ സൂചന നല്‍കാതെ ലിഫ്റ്റ് തുറന്നിട്ട ജീവനക്കാര്‍ക്ക് എതിരെ നിയമനടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ മെഡിക്കല്‍കോളജ് പോലീസ് കേസെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആര്‍സിസിയില്‍ ശസ്ത്രക്രിയ കഴിഞ്ഞു ചികിത്സയില്‍ കഴിയുന്ന അമ്മ നസീമയെ പരിചരിക്കാന്‍ എത്തിയ നദീറ രണ്ടാം നിലയില്‍ തുറന്നു കിടന്ന ലിഫ്റ്റില്‍ കയറി. ലിഫ്റ്റിന്റെ പ്ലാറ്റ്‌ഫോമിലേക്ക് കാലെടുത്തുവച്ചുടന്‍ താഴേക്ക് പതിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ് ശരീരം ചലിപ്പിക്കാന്‍ കഴിയാതെ ഇവര്‍ രണ്ടു മണിക്കൂര്‍ കുടുങ്ങി കിടന്നു.

ഏറെ നേരം കഴിഞ്ഞിട്ടും നദീറയെ കാണാതായതോടെ നഴ്‌സ് മറ്റൊരു ബന്ധുവിനെ വിളിച്ചു. 5ന് തന്നെ നദീറയെ ആശുപത്രിയില്‍ എത്തിച്ചെന്ന് ബന്ധു മറുപടി നല്‍കിയതോടെ സുരക്ഷാജീവനക്കാര്‍ അന്വേഷിച്ചിറങ്ങി. ഒടുവില്‍ പരുക്കേറ്റു കിടന്ന നദീറയെ കണ്ടെത്തി മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തുടയെല്ലിലെ ശസ്ത്രക്രിയയ്ക്കു ശേഷം 22നു പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു മാറ്റുന്നതിനിടെ യുവതിയുടെ ബോധം നഷ്ടപ്പെട്ട് വീണ്ടും ന്യൂറോ ഐസിയുവിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയില്‍ തലച്ചോറിനു കടുത്ത ക്ഷതം സംഭവിച്ചെന്നും നില ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

അര്‍ബുദ രോഗിയായ മാതാവ് നസീമയുടെ ചികിത്സയ്ക്കു പണം കണ്ടെത്താന്‍ പ്രയാസപ്പെടുന്നതിനിടെയാണ് നദീറയ്ക്കു അപകടം സംഭവിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നു ഇവരുടെ ഭര്‍ത്താവ് ഏറെ നാളായി ജോലിക്കു പോകുന്നില്ല. അമ്മയും ഒരു വയസ്സുള്ള മകളും അടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമാണ് നദീറ. ഇവരുടെ ചികിത്സയ്ക്കും കുടുംബത്തെ സഹായിക്കാനും സന്മനസുള്ളവര്‍ ബന്ധപ്പെടുക. നസീമയുടെ ഫോണ്‍ നമ്പര്‍ : 9946896958.