ശിവശങ്കർ പുറത്ത്…..! പകരം മിർ മുഹമ്മദ് ഐഎഎസിന് അധിക ചുമതല

ശിവശങ്കർ പുറത്ത്…..! പകരം മിർ മുഹമ്മദ് ഐഎഎസിന് അധിക ചുമതല
July 07 07:12 2020 Print This Article

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് വിവാദത്തിൽ ഐടി സെക്രട്ടറിക്കെതിരെ നടപടി. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഐടി സെക്രട്ടറി ശിവശങ്കർ ഐഎഎസിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി. പകരം മിർ മുഹമ്മദ് ഐഎഎസിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി. ഐടി വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ശിവശങ്കറിനോട് വിശദീകരണം പോലും തേടിയില്ല. മുഖ്യമന്ത്രി നേരിട്ടാണ് ശിവശങ്കർ ഐഎഎസിനെതിരെ ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. എന്നാൽ, ഐടി സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയിട്ടില്ലെന്നാണ് വിവരം.

സ്വർണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരയായ ഐടി വകുപ്പ് ജീവനക്കാരി സ്വപ്‌ന സുരേഷിന്റെ നിയമനത്തെ കുറിച്ച് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഐടി സെക്രട്ടറിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഐടി സെക്രട്ടറിക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തീരുമാനിച്ചത്.

അന്വേഷണം കൃത്യമായി മുന്നോട്ടുപോകണമെന്നാണ് ശിവശങ്കർ പറയുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും ശിവശങ്കർ ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം, സ്വർണ്ണക്കടത്ത് മുഖ്യസൂത്രധാര സ്വപ്‌ന സുരേഷിനായി തെരച്ചിൽ തുടരുകയാണ്. ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചറിൽ ഓപ്പറേഷൻസ് മാനേജറായിരുന്നു സ്വപ്‌ന. സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ സ്വപ്‌നയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇവർ മുൻപ് യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.

യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിതിന്റെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. സരിത്താണ് സ്വപ്‌നയ്‌ക്ക് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത്. തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ നിന്ന് സ്വപ്‌ന സുരേഷ് മുങ്ങിയത് രണ്ടുദിവസം മുന്‍പാണെന്നാണ് വിവരം. രണ്ടുദിവസം മുന്‍പ് സ്വപ്‌ന ഫ്ലാറ്റില്‍ നിന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. സ്വപ്‌നയുടെ തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ കസ്റ്റംസ് നടത്തിയ റെയ്‌ഡിലാണ് ദൃശ്യങ്ങൾ ലഭിച്ചത്. അമ്പലമുക്കിലെ ഫ്ലാറ്റിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്.

സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. എന്നാൽ സ്വര്‍ണക്കടത്ത് പിടിച്ചയുടന്‍ കസ്റ്റംസിനെ തേടിയെത്തിയ ആദ്യ ഫോണ്‍ കോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നാണെന്ന കെ സുരേന്ദ്രന്റെ ആരോപണം അസംബന്ധമാണെന്നു പിണറായി വിജയന്‍ പറഞ്ഞു. “എന്തെങ്കിലും ആരോപണമുണ്ടാകുമ്പോള്‍ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും അതിന്റെ ഭാഗമാക്കാന്‍ കഴിയുമെന്നാണ് ചിലര്‍ കരുതുന്നത്. അതിന്റെ ഭാഗമായാണ് സുരേന്ദ്രന്റെ ആരോപണം. മറ്റ് ദുരാരോപണങ്ങള്‍ ഉന്നയിച്ച് തെറ്റ് ചെയ്യുന്നവര്‍ക്ക് പരിരക്ഷ നല്‍കുന്ന സമീപനം പാടില്ല,” മുഖ്യമന്ത്രി പറഞ്ഞു.

“ഒരു കേസിലേയും തെറ്റുകാരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫിസ്. ഇക്കാര്യം നാലു വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് ജനങ്ങള്‍ക്കു ബോധ്യമായിട്ടുണ്ട്. അതിനെ കളങ്കപ്പെടുത്താന്‍ കെ. സുരേന്ദ്രന്റെ നാവിനു കഴിയില്ല,”മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനം താനറിഞ്ഞുകൊണ്ടല്ല. കൂടുതല്‍ അറിയില്ല. ഇക്കാര്യത്തില്‍ എന്താണ് നടന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles