അപ്പച്ചൻ കണ്ണഞ്ചിറ
‘തിരുവില്ലക്കാട്ട് മന ദാമോദരൻ നമ്പൂതിരിപ്പാട്’ വിട ചൊല്ലുമ്പോൾ സ്റ്റീവനേജുകാരനെന്ന നിലയിൽ ആദ്യമായി എന്റെ മനസ്സിൽ എത്തുക മലയാളി കൂട്ടായ്മ്മയുടെ 2003 ലെ പ്രഥമ തിരുവോണം. അന്ന് 14 കുടുംബങ്ങളുമായി ചേർന്ന് ഓണം കൂടുവാൻ കഴിഞ്ഞതിന്റെ സന്തോഷാനുസ്‌മൃതി എന്നും ഓർമ്മകളിൽ നിറഞ്ഞു നിൽക്കും. സ്റ്റീവനേജിന്റെ മലയാളി കുടുംബ ഓണ സംഗമത്തിന് സ്നേഹ വേദിയായി അന്ന് മാറിയത് സുരേഷ് തിരുവില്ല-ലേഖയുടെ ഭവനം. തിരുവോണത്തിന് കാരണവന്മാരുടെ റോളിൽ സുരേഷിന്റെ അച്ഛൻ ദാമോദരൻ നമ്പൂതിരിപ്പാടും, അമ്മ കിള്ളിമംഗലത്ത് മന കുടുംബാംഗം ശാലിനി അന്തർജ്ജനവും. യു കെ യിൽ എത്തിയ ശേഷമുള്ള ഞങ്ങളുടെ ആദ്യ പൊന്നോണം.
ശാലിനി അമ്മയും, ലേഖയും ചേർന്നാലപിച്ച അതിസമ്പന്നമായ ഓണപ്പാട്ടുകളും, പതിറ്റാണ്ടുകളിൽ ‘സ്വദേശി’യും, പിന്നീട് ‘മുംബൈവാല’യായതിനു ശേഷവുമുള്ള പ്രവാസ തിരുവോണ നാളുകളുടെ രസകരമായ ഓർമ്മകൾ പങ്കുവെച്ച ദാമോദരൻ അച്ഛനും ആയിരുന്നു പഴയ ഓർമ്മത്താളുകൾ മറിക്കുമ്പോൾ ഏറെ അനുഭൂതിയുണർത്തുക. കുടുംബത്തിന്റെ പാചക നൈപുണ്യത്തിൽ ഓണ വിഭവങ്ങളുടെ അതുല്യ സ്വാദിന്റെ പൂർണ്ണത രുചിക്കുവാനിടയായ ഗംഭീര സദ്യ. ഓണം ഒരുക്കുകയും, ആതിഥേയത്വം വഹിക്കുകയും ചെയ്ത ‘നമ്പൂതിരിപ്പാട്’ വിട ചൊല്ലുമ്പോൾ സ്റ്റീവനേജ് മലയാളി കുടുംബ മനസ്സുകളിൽ ബാക്കിവെക്കുക ഏറെ സമ്പന്നമായ ‘ഓണ സ്മൃതി ശേഖരങ്ങൾ’ ഒപ്പം ‘സ്നേഹ കലവറകളുടെ പിതൃ സ്പർശവും’.
ബോംബെയിലെ പഴയകാല കലാ-സാഹിത്യ- സാമൂഹ്യ മേഖലകളിലെ നായകനും, ബോംബെ യോഗക്ഷേമ സഭയുടെ സ്ഥാപകനും ആയിരുന്ന ദാമോദരൻ നമ്പൂതിരിപ്പാടിന്, ബോംബെ മലയാളികൾക്കിടയിൽ എന്നും ഒരു ‘അച്ഛൻ’ പരിവേഷമായിരുന്നു ലഭിച്ചിരുന്നത്. ബന്ധങ്ങളുടെ ഊഷ്മളതയിൽ അന്ധേരിയിലെ ദീപ് ടവർ ഹൗസിങ് സൊസൈറ്റിയിൽ താമസിച്ചു വന്നിരുന്ന ദാമോദരൻ അച്ഛനെയും ‘അമ്മ ശാലിനിയെയും ബോംബെ യാത്രക്കിടയിൽ കുടുംബ സമേതം അവിടെയെത്തി കാണുവാനായി കഴിഞ്ഞതിലും അവരുടെ സ്നേഹാർദ്രമായ ആതിഥേയത്വം സ്വീകരിക്കുവാനായതിലും വ്യക്തിപരമായി ഏറെ നന്ദിയും സന്തോഷവും കടപ്പാടും ഉണ്ട്. ‘സ്റ്റീവനേജിലെ മലയാളി തറവാട്ടിലെ ‘അച്ഛനെയും അമ്മയെയും’ കാണുവാൻ സോയിമോനും കുടുംബവും ബോംബെ വസതിയിൽ അവരെ സന്ദർശിച്ചിരുന്നതായി അച്ഛൻ ഒരിക്കൽ പറഞ്ഞിരുന്നു. ധാരാളം ഫോൺ കോളുകളും ആശംസകളും അവരെ തേടി എത്താറുണ്ടായിരുന്നത്രെ. അത്ര ഗാഢമായ സ്നേഹബന്ധം ആണ് അവർ ഞങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുത്തിരുന്നത്.
എക്കാലത്തെയും ഏറ്റവും ആസ്വദിച്ച ഓണാഘോഷം ഏതെന്നു ചോദിച്ചാൽ പക്ഷെ പഴയ കുടുംബങ്ങൾ സംശയലേശമന്യേ പറയുക 2004 ലെ ഓണാഘോഷമാവും. ‘ദാമോദരൻ അച്ഛനും, ശാലിനി അമ്മയും’ ‘ദേഹണ്ണക്കാരായി’ സോയിമോൻറെ ഭവനത്തിൽ വെച്ച് തയ്യാറാക്കിയ ഓണ സദ്യയെ വെല്ലാൻ നാളിതുവരെ ആർക്കും സാധിച്ചിട്ടില്ല എന്നതാണ് പരമ സത്യം. ദാമോദരനച്ഛനും, ശാലിനി അമ്മയും സജീവിന്റെ വീട്ടിലിരുന്നായിരുന്നു ഓണസാധനങ്ങളുടെ ലിസ്റ്റ് അന്ന് തയ്യാറാക്കിയത്. ജോണി കല്ലടാന്തിയും, റെനിയും, ലൂട്ടൻ ബേബിയും, അനിലും അടക്കം സുഹൃത്തുക്കൾ ലിസ്റ്റനുസരിച്ച് ലൂട്ടനിൽ നിന്നും അരിയും, മസാലകളും പച്ചക്കറികളും, വലിയ പാത്രങ്ങളും, തവയും ഒക്കെയായി എത്തുമ്പോൾ, ഞുറുക്കുവാനും, കഴുകുവാനും, പാചകത്തിനുമായി എല്ലാ മലയാളികളും തന്നെ സോയിമോൻറെ ഭവനത്തിലെത്തിക്കഴിഞ്ഞിരുന്നു. കത്തിയും, കട്ടിങ് ബോർഡും, ചിരവയും, തവികളും, ചട്ടുകങ്ങളും, പാത്രങ്ങളുമായി ഏവരും സന്നിഹിതർ.
പഴയ ഓർമ്മകളിൽ തെളിയുന്നത് ജെയ്‌സൺ, മേരി, സജി പാപ്പച്ചൻ, സജു, സരോ, ബിന്ദു, ഷീജ ദീപക്, ഡെയ്സി, ബേബി ജോസഫ്, ജെസിമോൾ, ലൈസ, അനു, സുരേഷ് …അടക്കം ‘കലവറക്കാർ’. പിന്നെ അടുപ്പുകൾ ആളുന്നതോടൊപ്പം ആർഭാടമായ പാചക കലവറയുടെ പുകയും മണവും തട്ടും മുട്ടും ഒച്ചയും ചിരിയും ചട്ടുകത്തിന്റെ പരുക്കൻ സ്വരങ്ങളും….വീടിന്റെ മൂലയിൽ, കർട്ടനു പിന്നിൽ നിന്ന് ഗ്ലാസ്സുകൾ തമ്മിൽ ഉരസുന്ന ശബ്ദം ഒരു ഹരമായി ഇന്നും ചെവിപടലങ്ങളിൽ ഉണ്ട് !!
ഓണാഘോഷത്തിന് ഒരു ‘ടെംപ്ളേറ്റ്’ തന്നെ നൽകിയതും അച്ഛൻ നമ്പൂതിരിപ്പാടും, അമ്മ ശാലിനി അന്തർജ്ജനവുമാണ്. അന്നത്തെ ആകാര സാമ്യതയോ, കുടവയറോ (?) എന്ത് കൊണ്ടോ എന്നറിയില്ല മഹാബലിയാകാൻ നിയോഗം കിട്ടിയത് എനിക്ക്. ഓണാഘോഷത്തിലെ ‘കൈകൊട്ടിക്കളി’ പിന്നീട് പുതുതലമുറ പേരുമാറ്റിയ ‘തിരുവാതിര’ എന്ന തിരുവോണ നാളിലെ സംഘ നൃത്തത്തിനെ പരിചപ്പെടുത്തുന്നതും, സ്ത്രീകളെ വിളിച്ചു കൂട്ടി പരിശീലനം നൽകുന്നതും, വേദിയിൽ എത്തിച്ചു യവനികക്കു പിന്നിൽ നിർദ്ദേശവുമായി നിൽക്കുന്ന ‘ടീച്ചറമ്മ’ ആയി ശാലിനി അന്തർജ്ജനം. കുട്ടികളുടെയും, വനിതകളുടെയും രണ്ടു ഗ്രൂപ്പുകളായി ടീമുകളെ അണിനിരത്തി ഒരുക്കുക ടീച്ചറമ്മ തന്നെ. പരിശീലനമോ, ദേഹണ്ണമോ എന്തായാലും അച്ഛൻ നേരിട്ട് നിർദ്ദേശം നല്കുകയില്ലെങ്കിലും ‘ഫൈനൽ അപ്രൂവൽ’ അവിടുത്തെ തീരുമാനത്തിലാവും. അമ്മക്കറിയാം അച്ഛന്റെ മനസ്സും ഇംഗിതവും.
സെന്റ് നിക്കോളാസ് ഹാളിൽ ഒന്നുചേർന്നാഘോഷിച്ച പൊന്നോണവും, എക്കാലത്തെയും ഏറ്റവും സ്വാദിഷ്ടമായ ഓണസദ്യയും രുചിച്ചവർക്കു തറവാട്ടു കാരണവരായ പാചകക്കാരനെ വിസ്മരിക്കാനാവില്ലല്ലോ. ഓണ സദ്യയുടെ ‘ആദ്യാന്തം’ നേതൃത്വം നൽകി ഒരുക്കുന്ന ‘രുചിക്കൂട്ട്’ സുരേഷിന്റെ മാതാപിതാക്കളുടെ വിരലുകളിൽ അത്രയേറെ ഭദ്രമായിരുന്നു.
ഡെൽറ്റാമോൾ, ആൻ സൂസൻ, തേജൻ, ടിയാന, അഷ്‌ലിൻ അടക്കം അന്നത്തെ കുട്ടികൾ അരങ്ങു വാണ ആഘോഷത്തിൽ അന്ന് നെടുനായകത്വം വഹിച്ച് നിൽക്കുക ആദരണീയനായ എൽദോസ് കൗങ്ങുംപള്ളി അച്ചൻ. അക്കാലത്തു മലയാളികൾക്കിടയിൽ ആത്മീയ-സാമൂഹ്യ നേതൃത്വം നൽകുക മിക്കവാറും എൽദോസച്ചനാവും. ‘ടെക്നിക്കൽ ഗുട്ടൻസ്’ വശമായിട്ടുള്ള സജീവാണ് അന്നത്തെ ആഘോഷത്തിനും പിന്നീട് അടുത്തടുത്ത വേളകളിലും ശബ്ദവും വെളിച്ചവും നൽകിപ്പോന്നിരുന്നത്. അക്കാലത്ത് ഓണപ്പൂക്കളം ഒരുക്കുക അമ്മയുടെ അവകാശമോ, കടമയോ ആയിരുന്നുവെന്നാണ് തോന്നൽ. ലേഖ ഒപ്പം ഉണ്ടാവും. പിന്നെ വർഷങ്ങളോളം ലേഖയും ആര്യയും ഉമയും ആ പാത പിന്തുടർന്നു.
ഓണനാളുകൾക്കിടയിൽ തന്നെയാവും മിക്കവാറും ദാമോദരൻ അച്ഛനും , അമ്മ ശാലിനിയും ബോംബെയിൽ നിന്ന് സുരേഷിന്റെ ഭവനത്തിലെത്തുക. പല സന്ദർശനങ്ങളിലും ബോംബയിൽ നിന്ന് ആവശ്യപ്പെടുന്ന തിരുവോണത്തിനായുള്ള സാധനങ്ങളും സമാഹരിച്ചു വരുകയാവും അവരുടെ പതിവ്. പലപ്പോഴും സ്വന്തം സാധനങ്ങൾ മാറ്റി വെച്ച് വരേണ്ടി വരുന്ന സ്നേഹമയിയായ ‘ദാമോദരനച്ഛനെ’ അക്കാലത്തെ മലയാളി കുടുംബങ്ങൾ തങ്ങളുടെ ഹൃദയദളങ്ങളിൽ ചേർത്തു വെച്ചിരുന്നതിൽ അത്ഭുതത്തിനു കാരണമില്ല.
2004 ലെ ഓണാഘോഷ വേളയിൽ ജേക്കബ് കീഴങ്ങാട്ട് പറഞ്ഞ വാക്ക് ഇന്നും ഓർമ്മയിലുണ്ട്. ‘ദാമോദരൻ അച്ഛനും ‘അമ്മ ശാലിനിയും സുരേഷിന്റേതെന്ന പോലെ തന്നെ സ്റ്റീവനേജ് മലയാളികളുടെ തറവാട്ട് കാരണവന്മാർ കൂടിയാണ്’ ആ അധികാരവും അവകാശവും ആണ് അവരെ ഏവരുടെയും നാവിൻ തുമ്പത്ത് എത്തുന്ന ‘അച്ഛനും അമ്മയും’ എന്ന വിളിപ്പേര്.
മലയാളികൾക്കിടയിൽ പക്ഷെ മിക്കവാറും എല്ലാവരും തന്നെ ലേഖയുടെ മാതാപിതാക്കളാണിവർ എന്നാണു ഇന്നും കരുതുന്നത്. അത്രമാത്രം ലേഖയോടൊപ്പമാവും കൂടുതൽ ഇഴുകി ചേർന്നു കാണുകയും, അവരുടെ താൽപ്പര്യം നടത്തിക്കൊടുക്കുന്നതും ദർശിക്കാറ്.
തിരുവോണ ഭക്തിഗാനം ആലപിക്കുവാൻ ലേഖക്കും, മക്കൾക്കും നാളിതുവരെ അവകാശം നല്കിപ്പോരുന്ന ‘അസ്സോസ്സിയേഷൻ നയം’ തന്നെ അവരോടുള്ള ആദരവും അംഗീകാരവുമാവാം. യശ്ശശരീരനായ പ്രശസ്ത സിനിമ-സീരിയൽ നടൻ ജീ കെ പിള്ള, യു കെ സന്ദർശനത്തിനെത്തിയപ്പോൾ, അദ്ദേഹത്തിന് സ്റ്റീവനേജിൽ ആദരമായി ഷാൾ അണിയിക്കുവാൻ ഒരിക്കൽ നിയുക്തനായത് സ്റ്റീവനേജിന്റെ കാരണവരായ ദാമോദരൻ അച്ഛനാണ്.
ദാമോദരൻ അച്ഛന്റെ ദേഹ വിയോഗത്തിൽ സ്റ്റീവനേജ് മലയാളികളുടെ ഹൃദയംഗമമായ ആദരാഞ്ജലികളും അനുശോചനവും പ്രാർത്ഥനകളും. വേർപ്പാടിന്റെ വിഷമാവസ്ഥയിൽ ആയിരിക്കുന്ന ‘അമ്മ ശാലിനിക്കും, സുരേഷ്-ലേഖാ കുടുംബത്തിനും സാന്ത്വനത്തിന്റെയും, സമാധാനത്തിന്റെയും, ശക്തിയുടെയും കൃപകൾ ദൈവം ചൊരിയട്ടെ. സ്റ്റീവനേജിന്റെ മലയാളി കൂട്ടായ്മ്മകളിലും അവരുടെ ‘ഖൽബിലും’ ഓരോ ഓണാഘോഷത്തിലും ദാമോദരനച്ചന്റെ അദൃശ്യമായ അനുഗ്രഹ സാന്നിദ്ധ്യം എന്നും ഉണ്ടാട്ടെ. പ്രാർത്ഥനാനിറവിൽ നന്ദിപൂർവ്വം നിത്യശാന്തി നേരുന്നു.
Leave a Reply