കാണാമറയത്തിരുന്ന് അനന്തലക്ഷ്മി നായർ നീട്ടിയതു പൂവല്ല, പൂക്കാലമാണെന്നു പാടാനാണ് ആംബുലൻസ് ഡ്രൈവർ വിനുവിന് ഇഷ്ടം. ഏറ്റെടുക്കാൻ അവകാശികളില്ലാത്ത അനാഥ ജഡങ്ങൾ സ്വന്തം കൈകളിൽ കോരിയെടുത്തു വാടക ആംബുലൻസിൽ കയറ്റി മോർച്ചറിയിലും ശ്മശാനത്തിലും എത്തിക്കുകയും കൂടപ്പിറപ്പിനെപ്പോലെ നിന്ന് അന്ത്യകർമങ്ങൾ നടത്തി സംസ്കരിക്കുകയും ചെയ്യുന്ന വിനുവിന്റെ വലിയ സ്വപ്നമായിരുന്നു സ്വന്തം ആംബുലൻസ്. സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിഞ്ഞ കനേഡിയൻ മലയാളി അനന്തലക്ഷ്മി നായർ വിനുവിനു സമ്മാനിച്ചതു 3 ആംബുലൻസുകൾ. രണ്ടെണ്ണം കരയിലും ഒന്നു വെള്ളത്തിലും ഓടിക്കാനുള്ളതാണ്.

അപകടസ്ഥലങ്ങളിൽ പെട്ടെന്ന് എത്തിച്ചേരാൻ സഹായകമായ ഓമ്നി ആംബുലൻസ്, ഫ്രീസറും ഓക്സിജൻ സംവിധാനവുമുള്ള ട്രാവലർ ആംബുലൻസ്, പുഴയിലും കായലിലും കടലിലും സഞ്ചരിക്കാവുന്ന ആറര എച്ച്പി മോട്ടർ ഘടിപ്പിച്ച വാട്ടർ ആംബുലൻസ് എന്നിവയാണു ലഭിച്ചത്. മൃതദേഹം കേടു കൂടാതെ വയ്ക്കാനുള്ള മൊബൈൽ ഫ്രീസറും ജനറേറ്ററും ഇവ സൂക്ഷിക്കാനുള്ള മുറിയും സൗജന്യമായി നൽകി. 46 വർഷമായി കാനഡയിൽ ജീവിക്കുന്ന, അറുപത്തെട്ടുകാരിയായ റിട്ട. ഉദ്യോഗസ്ഥ എന്നല്ലാതെ അനന്തലക്ഷ്മി നായരെ കുറിച്ചു മറ്റൊന്നും വിനുവിന് അറിയില്ല. കഴിഞ്ഞ ദിവസം വിനുവിന് അപ്രതീക്ഷിതമായി ഒരു ഇന്റർനെറ്റ് കോൾ എത്തി. അനന്തലക്ഷ്മിയായിരുന്നു മറുതലയ്ക്കൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആംബുലൻസ് വേണമെന്ന ആഗ്രഹം അറിഞ്ഞെന്നും താൻ നിർദേശിക്കുന്ന സ്ഥലത്തെത്തി അതു കൈപ്പറ്റണമെന്നുമായിരുന്നു സന്ദേശം. അവിശ്വസനീയമായി തോന്നിയെങ്കിലും പോയി. അവിടെ ചെന്നപ്പോൾ കണ്ണു നിറഞ്ഞു. ഒരു ആംബുലൻസ് ആഗ്രഹിച്ച സ്ഥാനത്തു മൂന്നെണ്ണം. അപകടങ്ങളിൽ ചിന്നിച്ചിതറിയതും ചീഞ്ഞളിഞ്ഞതുമായ മൃതദേഹങ്ങൾ എടുക്കാൻ പൊലീസിനും ഫയർ ഫോഴ്സിനും ആർപിഎഫിനും തുണയായ വിനുവിനെക്കുറിച്ച് ആ വകുപ്പുകളിലെ സുഹൃത്തുക്കളോട് അന്വേഷിച്ച ശേഷമാണ് അനന്തലക്ഷ്മി ആംബുലൻസുകൾ കൈമാറിയത്. അശോകപുരം പാടത്ത് പുരുഷോത്തമന്റെ മകനാണു വിനു (35). ആലുവ സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ പതിനഞ്ചാമത്തെ വയസ്സിലാണ് ആദ്യമായി മൃതദേഹത്തിന്റെ തണുപ്പിൽ തൊട്ടത്. സ്കൂളിലെ സഹപാഠി തടിക്കക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിച്ചു. അന്നു തിരച്ചിലിന് ഇറങ്ങിയവരിൽ വിനുവും ഉണ്ടായിരുന്നു. 20 വർഷത്തിനിടെ എഴുനൂറോളം മൃതദേഹങ്ങൾ സ്വന്തം കൈകളിൽ എടുത്തിട്ടുണ്ടെന്നു വിനു പറയുന്നു. ഇതിൽ 80 ശതമാനവും ഉറ്റവർ ഇല്ലാത്തവരുടേതാണ്.

അനാഥ ജഡങ്ങൾ ഇൻക്വസ്റ്റും മറ്റും നടത്തുന്നതു പൊലീസാണെങ്കിലും ചെലവുകൾ വഹിക്കേണ്ടത് അതതു തദ്ദേശഭരണ സ്ഥാപനങ്ങളാണ്. വാടകയും മറ്റും യഥാസമയം കൊടുക്കാത്തതിനാൽ സ്വകാര്യ ആംബുലൻസുകൾ കിട്ടാൻ ബുദ്ധിമുട്ടായ സാഹചര്യത്തിലാണു സ്വന്തം ആംബുലൻസ് ഉണ്ടായിരുന്നെങ്കിൽ എന്നു വിനു സമൂഹമാധ്യമത്തിൽ കുറിച്ചത്. ആലുവ സ്റ്റേഷനിലെ 2 പൊലീസുകാർ ജാമ്യം നിന്നു ബാങ്ക് വായ്പയെടുത്തു വിനുവിന് ആംബുലൻസ് വാങ്ങി നൽകി. വായ്പയുടെ തിരിച്ചടവു മുങ്ങിയതിനെ തുടർന്ന് ആ ആംബുലൻസ് വിറ്റു. ഇതിനിടെ സഹോദരന്റെ ചികിത്സയ്ക്കു വന്ന ഭാരിച്ച ചെലവ് വിനുവിനെ കടക്കെണിയിലാക്കി. താൻ നേരിടുന്ന അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ കവിതയായി കുറിച്ചിടാറുണ്ട് വിനു. ആദ്യകാല കവിതകൾ ‘നടന്ന വഴികൾ’ എന്ന പേരിൽ പുസ്തകമാക്കി.