സിനു രഞ്ജിത്ത്

പ്രിൻസ് ഒരു നിമിഷം ശങ്കിച്ചു നിന്നു. കോളിംഗ് ബെൽ അമർത്തണോ വേണ്ടയോ ? അത്രമേൽ ഒച്ചയും ബഹളവും അകത്തു നിന്ന് കേൾക്കാം. ജീനാമ്മയുടെ കരച്ചിലും എണ്ണിപ്പെറുക്കിയുള്ള പായാരം പറച്ചിലുമെല്ലാം ” നീയൊന്നടങ്ങു ജീനെ നാട്ടുകാര് കേൾക്കുമല്ലോ …..പരിഹാരമില്ലാത്ത പ്രശ്നങ്ങളുണ്ടോ ..” ജീനയുടെ ഹസ്ബൻഡ് ബർണാഡ് ഭാര്യയെ എന്തോ പ്രശ്നത്തെ ചൊല്ലി തണുപ്പിക്കുവാൻ നോക്കുന്നുണ്ട്.
തിരികെ പോയാലോ ?… പ്രിൻസ് ഒന്ന് ആലോചിച്ചു. അല്ലെങ്കിൽ വേണ്ട എന്താണ് കാര്യമെന്നറിഞ്ഞിട്ടു പോകാം ഇല്ലെങ്കിൽ ഒരു സമാധാനവുമില്ല. കാര്യമെന്തായാലും ഇന്നറിയുക തന്നെ. അയാൾ കോളിംഗ് ബെല്ലിൽ വിരൽ അമർത്തി. സ്വിച്ച് ഇട്ടതു പോലെ ജീനാമയുടെ കരച്ചിൽ നിന്നതു പ്രിൻസിനു നന്നായി മനസ്സിലാവുമായിരുന്നു. ഒന്ന് രണ്ടു മിനിറ്റുകൾക്ക് ശേഷം ബർണാഡ് വന്നു വാതിൽ തുറന്നു. ” അല്ല ആരിതു പ്രിൻസോ ….. വാ വാ. ? ബർണാഡ് പ്രിൻസിനെ അകത്തേക്ക് ക്ഷണിച്ചുവെങ്കിലും മുഖത്തെ ജാള്യം പ്രിൻസ് നേരിൽ കണ്ടതുപോലെ വായനക്കാർക്കും സാഹചര്യവശാൽ ഊഹിക്കാവുന്നതേയുള്ളു.
” എന്നാ പ്രിൻസെ ഒരു സർപ്രൈസ് വിസിറ്റ് “. ബർണാഡ് മുഖത്തെ ജാള്യം മറയ്ക്കുവാനായി ആതിഥേയന്റെ കുപ്പായമെടുത്തണിഞ്ഞു.
” അതവിടെ നിൽക്കട്ടെ ഇവിടെയെന്നാ പ്രോബ്ലം ജീനമ്മയുടെ കരച്ചിലും പായാരം പറച്ചിലുമെല്ലാം ദൂരേയ്ക്ക് കേൾക്കാമല്ലോ എന്താ ബർണാഡ് എന്തെങ്കിലും ഇഷ്യൂ ഉണ്ടോ …..”?
ഒട്ടും മറവില്ലാതെ പ്രിൻസ് തുറന്നു ചോദിച്ചു. ബർണാഡ് ഞെട്ടിയതും വാതിലിനപ്പുറം ജീനയുടെ മുഖം പ്രത്യക്ഷമായതും ഒരേ സമയത്തായിരുന്നു. ” അത് ….അത്… അതിപ്പോൾ ഏതു വീട്ടിലാ ചെറിയ ചെറിയ പ്രശ്നങ്ങൾ ഇല്ലാത്തതു. ? കാര്യങ്ങളെ മറച്ചു പിടിക്കുവാനുള്ള ആ കുടുംബിനിയുടെ അന്തസ്സിനെ ബർണാഡ് കഷ്ണിച്ചു കളഞ്ഞു.

പ്രിൻസ് എന്തായാലും അല്പനേരമെങ്കിലും ആയിട്ടുണ്ടാവും പുറത്തു വന്നിട്ടെന്നും തങ്ങളുടെ സംഭാഷണം കുറച്ചൊക്കെ കേട്ടിട്ടുണ്ടാകുമെന്നും ഊഹിക്കുവാൻ ബർണാഡിന് വലിയ ചിന്തയുടെ ഒന്നും ആവശ്യമുണ്ടായില്ല. അത് കൊണ്ടാണ് അയാൾ ഭാര്യ പറഞ്ഞത് വക വയ്ക്കാതെ പ്രിൻസിനോട്
പ്രശ്നത്തെ കുറിച്ച് പറഞ്ഞേക്കാം എന്ന് തീരുമാനിച്ചത്.
” ഇന്നത്തെകാലത്തു മക്കളെ വളർത്താം എന്നല്ലാതെ നമ്മുടെ ഇഷ്ടത്തിന് വളർത്താം എന്നത് വെറും സ്വപ്നം മാത്രമാണ് പ്രിൻസെ ….ദേ ഇവിടെയൊരുത്തിക്കു പ്രണയം അതും ഒരു പാകിസ്താനി പയ്യനോട് ……” വർത്തകേട്ട് പ്രിൻസ് ഞെട്ടിയില്ല കാരണം തലേ ദിവസം വൈകുന്നേരം നടക്കുവാനിറങ്ങിയ പ്രിൻസ് ആ ദൃശ്യം നേരിൽ കണ്ടിരുന്നു.

” ജീനാമ്മേ ഒന്നിങ്ങു വായോ ഒരു കാര്യം പറഞ്ഞോട്ടെ ”

“ഞാൻ കുടിക്കാനെന്തെലും എടുക്കാം പ്രിൻസേ ” അങ്ങനെ പറഞ്ഞിട്ട് ജീന കിച്ചണിലേക്കു പോയി. ഒരു കണക്കിന് നന്നായി ചില കാര്യങ്ങൾ പെണ്ണുങ്ങൾ അറിയുന്നത് ശരിയല്ല. അങ്ങനെ ചിന്തിക്കുന്നതിനോടൊപ്പം അയാൾ ബർണാഡിനെ നോക്കി പറഞ്ഞു ” ഇന്നലെ ഞാൻ നമ്മുടെ സ്പോർട്സ് ഡയറക്റ്റിന്റെ മുൻപിൽ വച്ച് ഒരു കാര്യം കണ്ടിരുന്നു. അതിനെ കുറിച്ച് ഒന്ന് സംസാരിക്കാം എന്ന് കരുതിയാണ് ഞാൻ സത്യത്തിൽ ഇപ്പോൾ വന്നത്. .. അടുക്കള ഭാഗത്തേക്ക് ഒന്ന് എത്തിവലിഞ്ഞു നോക്കിയ ശേഷം അയാൾ തുടർന്ന് ….. ഇന്നലെ വൈകുന്നേരം ഇവിടുത്തെ ശ്രേയ മോളെ ഞാൻ കണ്ടിരുന്നു സ്പോർട്സ് ഡയറക്റ്റിന്റെ മുന്നിൽ കിടന്ന ഒരു കാറിൽ മോളും കൂടെ നിങ്ങൾ ഈ പറഞ്ഞ പച്ച പയ്യനും ”

” ഹെയ് ഇന്നലെ വൈകുന്നേരം അവൾ ഫ്രണ്ട്സുമായിട്ടു നമ്മടെ ബാബുവിന്റെ മകൾ ആഗ്‌നസിന്റെ അടുത്തായിരുന്നു. ….. പ്രിൻസിനു ആളു തെറ്റിയതാവുമെന്നെ”. ബർണാഡ് അത് വിശ്വസിക്കുവാൻ കൂട്ടാക്കിയില്ല .. ” ബർണാഡ് കാര്യങ്ങൾ അല്പംകൂടി സീരിയസ് ആയിട്ട് എടുത്തേ എന്റെ സോനാ മോളുടെ പ്രായം തന്നെയല്ലേ ശ്രേയ മോൾക്കും ഇയാൾ ആഗ്‌നസിനെ ഒന്ന് വിളിച്ചു നോക്കിക്കേ .. അപ്പോൾ അറിയാമല്ലോ ” അത്യധികം വേവലാതിയോടെ ബർണാഡ് ഫോണിൽ ആഗ്‌നസിന്റെ പപ്പാ ബാബുവിനെ നമ്പർ എടുത്തു വിളിക്കുവാൻ ഒരുങ്ങിയപ്പോൾ പ്രിൻസ് തടഞ്ഞു. ” അത് ബുദ്ധി മോശമാണ് ബർണാഡ്. ബാബു സാർ ഒരു പക്ഷെ ഇതൊന്നുമറിഞ്ഞിട്ടില്ലായിരിക്കാം വെറുതെ അറിയിക്കേണ്ട എന്നാണു എന്റെ സജെക്ഷൻ ഇതാ ആഗ്നസിന്റെ നമ്പർ ഇത് ഡയല് ചെയ്യൂ ”
ബർണാഡ് ആഗ്നസിന്റെ നമ്പർ ടൈപ്പ് ചെയ്തിട്ട് അൽപനേരം ചിന്താമഗ്നനായി ഇരുന്നു അപ്പോഴേക്കും ജീന മൂന്ന് മഗ്ഗിൽ ആവി പാറുന്ന കാപ്പിയുമായി എത്തി.

” ഹായ് മോളെ ഞാൻ ശ്രേയയുടെ ഫാദർ ബർണാഡ് ആണ് ”
” ഹായ് അങ്കിൾ മോർണിംഗ് …. എന്താ അങ്കിൾ “?
അങ്ങേത്തലയ്ക്കൽ നിന്നും ആഗ്‌നസിന്റെ ചോദ്യത്തിന് മറുപടിയായി അയാൾ ചോദിച്ചു ” മോളെ അവിടെ ഒരു ബ്ലൂ കളർ ഫോബ്‌ കീ ഉണ്ടോയെന്ന് നോക്കാമോ ഇന്നലെ ശ്രേയ അവിടെ വച്ച് മറന്നു പോയി ”
“നോ അങ്കിൾ ഇവിടെ ഫോബ്‌ കീ ഇല്ല , ബട്ട് അങ്കിൾ ഇന്നലെ ഞങ്ങൾ ഔട്ട് ഓഫ് ഹോം ആണ് അവൾ ഇന്നലെ ഇവിടെ വന്നിട്ടില്ല. ”

” ഓ സോറി മോളെ മെയ് ബി അവൾ സോനയുടെ വീട്ടിലായിരിയ്ക്കും പോയിട്ടുണ്ടാവുക ഞാൻ കേട്ടതിന്റെ പ്രശ്നമാവും ” ബർണാഡ് പെട്ടെന്ന് സിറ്റുവേഷൻ ഹാൻഡിൽ ചെയ്തു. ” നോ അങ്കിൾ ദയർ ഈസ് നോ ചാൻസ് വിത്ത് സോനാ ദേ ആർ നോട്ട് ഇൻ ഗുഡ് റിലേഷൻ …… എന്താ അങ്കിൾ ശ്രേയ അവിടെയില്ലേ അവളോട് ചോദിച്ചാൽ പോരെ ”

അവൾ ക്ലാസ്സിലാണ് രാവിലെ പോയതാ. ഞാൻ വാട്സ്ആപ് ചെയ്തിട്ടുണ്ട് ബട്ട് ഷീ ഈസ് നോട്ട് ഇൻ ഓൺലൈൻ. എനിവേ താങ്ക്സ് മോളെ പപ്പാ ഇല്ലേ അവിടെ ”
” പപ്പാ ഡ്യൂട്ടിക്ക്പോയി അങ്കിൾ ”
ബർണാഡിന്റെ സംഭാഷണത്തിൽ ഒന്നും മനസ്സിലാകാതെ ജീനാമ്മ സംശയത്തോടെ” ചോദിച്ചു ” എന്താ പപ്പാ എന്നാ പറ്റി ആരെയാ വിളിച്ചേ “.

” നീയൊന്നടങ്ങു ജീന ആദ്യം നിന്റെ ഈ ചോദ്യം ചെയ്യൽ ഒന്ന് നിറുത്താമോ …” ബർണാഡ് അല്പം ദേഷ്യപ്പെട്ടു. ബർണാഡ് ഞാൻ പറഞ്ഞില്ലേ ഞാൻ കണ്ടതാണ് ഇന്നലെ, എന്നെ അവൾ കണ്ടില്ല മോൾ ജീനാമ്മയോടാണ് സംസാരിച്ചു കൊണ്ടിരുന്നത് എന്ന് തോന്നുന്നു അവൾ ഫ്രണ്ടിന്റെ വീട്ടിൽ ഗ്രൂപ്പ് സ്റ്റഡിക്കു പോവുകയാണെന്ന് കള്ളം പറഞ്ഞത് ഞാൻ കേട്ടതും കണ്ടതുമാണ്. അതും ആ പയ്യന്റെ കൂടെ ഇനിയുള്ള കാര്യങ്ങൾ എനിക്ക് നിങ്ങളോടു പറയുവാൻ ബുദ്ധിമുട്ടുണ്ട്. ഇതൊന്നു നോക്കിക്കേ ” പ്രിൻസ് തന്റെ ഫോൺ ബർണാഡിന് നേർക്ക് നീട്ടി അത് വാങ്ങി നോക്കിയ അയാളുടെ പിതൃത്വം മരവിച്ചു പോയി . പ്രിൻസ് ഫോൺ തിരികെ വാങ്ങും മുന്നേ ജീനാമ്മ ആ ഫോൺ കൈക്കലാക്കിയിരുന്നു. അതിൽ പ്രിൻസിന്റെ വാട്സ്ആപ് ഗാലറി ഓപ്പൺ ആയിരുന്നു ജീനാമ്മ ഫോട്ടോസ് സ്ക്രോൾ ചെയ്തു നോക്കി കന്നാബിസ്സിന്റെ പുകയില മുങ്ങി നിൽക്കുന്ന തന്റെ മകൾ ശ്രേയ . ഒപ്പം ആ പാകിസ്ഥാനി പയ്യനും അടുത്ത ഫോട്ടോ ഒരു അമ്മയ്ക്ക് കാണുവാൻ കൊള്ളാത്തതായിരുന്നു ജീനാമ്മയുടെ മുഖഭാവം മനസ്സിലാക്കിയ പ്രിൻസ് മെല്ല ഫോൺ കൈക്കലാക്കി. ” എന്റെ മാതാവേ ഇതിനാണോ ഈ …… പുന്നാരമോളെ ഞാൻ കഷ്ടപ്പെട്ട് വളർത്തിയത് ഞങ്ങൾ ഞങ്ങൾക്ക് വേണ്ടി ജീവിക്കാതെ രാപകൽ ജോലി ചെയ്തു ഇത്രയൊക്കെ സമ്പാദിച്ചത് ഇവളെ പോലെ പിഴച്ച മക്കൾക്കു വേണ്ടിയാണല്ലോ കർത്താവെ “…
ജീനാമ്മയുടെ കരച്ചിലിന്റെ ശക്തി കൂടിയിരുന്നു. ബർണാഡ് എന്ത് ചെയ്യണമെന്നറിയാതെ തരിച്ചിരുന്നു.
പ്രിൻസ് സംസാരിച്ചു തുടങ്ങി ” ജീനാമ്മേ അവിടെയാണ് കുഴപ്പം, നിങ്ങൾ നിങ്ങൾ മാത്രമല്ല ഇവിടെയുള്ള സിംഹഭാഗവും അങ്ങനെ തന്നെയാണ് മക്കൾ അല്പം വലുതായാൽ പേരന്റ്സ് കൂടുതൽ ജോലി ചെയ്തു പണം സമ്പാദിക്കുവാൻ നോക്കും അത് തെറ്റല്ല. പക്ഷെ അവിടെ സംഭവിക്കുന്നത് മറ്റൊന്ന് കൂടിയാണ് നമ്മുടെയൊക്കെ കുഞ്ഞുങ്ങൾ അവരുടെ മാനസിൽ നമ്മൾക്കൊന്നും ഒരു സ്ഥാനവുമില്ലാതെ ആകും പകരം ഫ്രണ്ട്സിൻറെ ഇൻഫ്ലുവൻസ് വളരെയധികം കൂടും പ്രായം അതല്ലേ ”

അപ്പോഴേക്കും വാതിൽ തുറന്നു പൊടുന്നനെ ശ്രേയ കയറി വന്നു. സോഫയിൽ തളർന്നു കിടന്ന ജീനാമ്മ പെട്ടെന്ന് ചാടിയെഴുന്നേറ്റു മകളുടെ മേൽ മർദ്ദനമാരംഭിച്ചു ” കൊല്ലുമെടീ നശിച്ചവളെ ഇന്ന് നിന്നെ എന്തിനാണെടീ ഞങ്ങൾ ജീവിച്ചിരിക്കുന്നെ കണ്ട പച്ചകൾക്കു വച്ച് വിളമ്പാനായി നാണം കെട്ടവളേ നീ ഞങ്ങളെ കുറിച്ച് ഓർത്തില്ലലോ ഡീ ” പെട്ടെന്ന് ബർണാഡ് ചാടിയെഴുന്നേറ്റ് ഭാര്യയെ പിടിച്ചു മാറ്റി ” നിർത്തെടീ നിന്റെ കൂത്ത് ഇത് നിന്റെ കുടുംബം പോലയല്ല യുകെ ആണ് വല്ലവരും വല്ലതും കംപ്ലൈന്റ്റ് ചെയ്താൽ പൊക്കോണം നീ ജയിലിലേക്ക് എന്നെ കൊണ്ടാവുല്ല അതിന് ” ബർണാഡിന്റെ കൈകളിൽ താങ്ങി ജീനാമ്മ സോഫയിലേക്കിരുന്നു. പ്രിൻസ് ശ്രേയ മോളെ നോക്കി പറഞ്ഞു ” മോളെ മോളെന്താ ഫാമിലിയെപ്പറ്റി ……..
” ഷട്ട് അപ്പ് മാൻ …. അയാളുടെ വാക്കുകളെ ഖണ്ഡിച്ചു കൊണ്ട് ശ്രേയ പൊട്ടിത്തെറിച്ചു …… നിങ്ങളുടെ കാർ ഔട്ട് സൈഡ് കണ്ടപ്പോൾ തന്നെ ഞാൻ തിരികെ പോയാലോ എന്നാലോചിച്ചതാ .. കുറെ നാളായി നിങ്ങളുടെ
മകൾക്കു വല്ലാത്ത സൂക്കേട് എന്റെ പ്രൈവസി അവൾക്കെന്തോ എഴുതി കൊടുത്തപോലെയാ ഇപ്പൊ ദാ അവളുടെ തന്തയും ഒരു പണിയുമില്ലാതെ ഇറങ്ങിയേക്കുവാ രാവിലെ , മേലാൽ നിങ്ങളെ ഇവിടെ കണ്ടു പോകരുത്. ” യുകെയിലെ ചൈൽഡ് പ്രൊട്ടക്ഷൻ ആക്ടിനെകുറിച്ച് നല്ല ജ്ഞാനമുണ്ടായിരുന്ന ബർണാഡിനു മകളെ അടിക്കുന്നതിൽ നിന്നും ഭാര്യയെ പിന്തിരിപ്പിച്ച മകൾ തന്റെ തന്നെ പ്രായമുള്ള പ്രിൻസിനോട് അത്രമേൽ മോശമായി പെരുമാറിയത് കണ്ടു നിൽക്കാനായില്ല അയാൾ ചാടിയെഴുന്നേറ്റു കൈവീശി മകളുടെ കരണത്ത് ഒന്ന് പൊട്ടിച്ചു. വട്ടം കറങ്ങി നിലത്തു വീണ അവൾ സ്തബ്ധയായെങ്കിലും പൊട്ടിത്തെറിച്ചു ” ഹൌ ഡെയർ യു പപ്പാ …. “?

” ഐ യാം യുവർ ഫാദർ ദാറ്റ് ഈസ് മൈ ഡെയർ ” അയാൾ ആക്രോശിച്ചു കൊണ്ട് പ്രിൻസിന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി അതിലെ ഫോട്ടോകൾ ഒന്നൊന്നായി മകളെ കാണിച്ചു കൊടുത്തു ” എന്താണെടീ ഇതൊക്കെ ഞങ്ങൾ ഇതും കാണേണ്ടി വന്നല്ലോ ”

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

താഴ് വീണു കിടന്ന അവളെ പ്രിൻസ് താങ്ങിയെഴുന്നേൽപിച്ചു അയാളോടുള്ള വെറുപ്പിൽ ഒന്ന് കുതറി മാറുവാൻ വിഫല ശ്രമം നടത്തിയെങ്കിലും പ്രിൻസിന്റെ കരങ്ങൾ ബലിഷ്ഠങ്ങൾ ആയിരുന്നു. അയാൾ ശ്രേയയെ തന്റെയടുക്കൽ പിടിച്ചിരുത്തി. എന്നിട്ട് സ്നേഹ സ്വരത്തിൽ പറയുവാൻ തുടങ്ങി ” മോളെ നിന്റെ
സെയിം ഏജ് ആണ് എന്റെ മകൾ സോനയ്ക്കും നിങ്ങൾ ക്ലാസ് മേറ്റും അല്ലെ. എനിക്കറിയാം മോൾക്ക് സോനയുമായിട്ട് ഇഷ്ടമല്ല എന്ന് അവൾ മോളുടെ കൂട്ടുകെട്ടുകൾ നല്ലതല്ല എന്ന് നേരത്തെ തന്നെ അങ്കിളിനോട് പറഞ്ഞിരുന്നു. ഞാനതൊന്നും വിശ്വസിച്ചിരുന്നില്ല. ഇന്നലെ വരെ … ഇന്നലെ മോൾ ആ
പാകിസ്താനി ചെറുക്കന്റെ കാറിൽ ഇരുന്നു മോളുടെ അമ്മയോട് കള്ളം പറഞ്ഞത് അങ്കിൾ നേരിൽ കാണുന്നത് വരെ ഇതൊന്നും വിശ്വസിച്ചിരുന്നില്ല. …. മോളെ ഒന്നുണ്ട് നീയെത്ര വേദനകൾ അനുഭവിച്ചെന്നാലും നിന്നിൽ നിന്നും വരുന്ന ഓരോ വാക്കുകളും നിന്റെ അമ്മയുടെ ഹൃദയത്തിലൂടെ ഒരു വാൾ പോലെ തുളച്ചു കയറുകയും ചെയ്യും.” അതാണ് പ്രസവ വേദനയുടെ വെളിപാട് .

അത് പറയുമ്പോൾ ശ്രേയയുടെ മുഖത്തുണ്ടായ ഞെട്ടൽ കണ്ട ജീനാമ്മ അവളെ നോക്കി പല്ലു കടിച്ചു ” പെറ്റ വയറിനോട് നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞവൾ നീ ഗുണം പിടിക്കില്ലെടീ ” ജീനാമ്മ തലയിൽ കൈ വച്ചു പ്രാകി. പ്രിൻസ് തുടർന്നു “ മോളെ മോൾ പാപ്പയോട് ചോദിച്ചു ഹൌ ഡെയർ യു എന്ന് മോൾക്കറിയുമോ ഇവിടെ യുകെയിൽ നമ്മുടെ ഈ ചെറിയ പട്ടണത്തിൽ ഉള്ള മലയാളി കുടുംബത്തിലെല്ലാം രണ്ടോ അതിലധികമോ കുട്ടികൾ വച്ചിട്ടുണ്ട്. ഇവിടെ മാത്രമെന്താ മോൾ മാത്രമായി പോയതെന്ന് ചിന്തിച്ചിട്ടുണ്ടോ അവർക്കു വീണ്ടും കുട്ടികൾക്ക് വേണ്ടി നോക്കാമായിരുന്നു എന്നിട്ടും അവർ അതിനു ശ്രമിക്കാതെ സമയം മിച്ചം വച്ച് ജോലി ചെയ്തു എന്തിനു …? പണമുണ്ടാക്കുവാൻ ആർക്കുവേണ്ടി ….?

അവരുടെ ഒരേയൊരു മകൾക്ക് വേണ്ടി അവളുടെ ലൈഫ് എവിടെയും സ്റ്റക്ക് ആവാതെയിരിക്കുവാൻ അവർ അവരുടെ എല്ലാ എന്റർടൈന്റ്‌മെന്റ്സും പോസ്റ്റ്പോണ്ട് ചെയ്തു കൊണ്ട് സേവിങ്സ് ഉണ്ടാക്കി .. എന്നിട്ടു മോളെന്താ അവർക്കു തിരിച്ചു കൊടുത്തത് ഇവിടെ ഈ മലയാളി സമൂഹത്തിൽ വലിയൊരു ഇൻസൾട്ട് …”
അയാൾ പറഞ്ഞവസാനിപ്പിക്കും മുന്നേ ശ്രേയ വീണ്ടും പൊട്ടിത്തെറിച്ചു ….” വാട്ട് എ ഷെയിം അങ്കിൾ ഞാൻ പറഞ്ഞോ എനിക്ക് സിബിലിങ്സ് വേണ്ട എന്ന് ഞാൻ പറഞ്ഞോ എനിക്ക് വേണ്ടി അവരോടു അവരുടെ ലൈഫ് സാക്രിഫൈസ് ചെയ്യാൻ. ഇവിടെ എനിക്ക് മിണ്ടാൻ ആരുമില്ല. നിങ്ങളൊക്കെ എപ്പളും വലിയ പ്രൗഡ് ആയിട്ട് പറയുന്നുണ്ടല്ലോ നിങ്ങളുടെ ചൈൽഡ്‌ഹുഡ് മാവിൽ കയറിയതും കുളത്തിൽ നീന്തിയതും കൊറേ സിബിലിങ്സ് ആൻഡ് കസിൻസ് ഭയങ്കര വമ്പു പറയുന്നുണ്ടല്ലോ ….. എനിക്ക് എനിക്ക് ആരുണ്ടിവിടെ ജസ്റ്റ് എന്റെ തോട്സ് ഷെയർ ചെയ്യാൻ ആരുമില്ല ഫാക്ട് അതാണ് അങ്കിൾ ട്രൂലി എനിക്ക് ആരുമില്ല ഐ ആം എലോൺ ……. അവൾ ഏങ്ങിയേങ്ങി കരഞ്ഞു ……ഇവിടെ….ഇവിടെ ആർക്കാണ് ടൈം ടു സ്പെൻഡ്‌ ഫോർ മി. ക്യാഷ് തന്നാൽ എല്ലാം കഴിഞ്ഞു എന്നാണോ …. എന്റെ കാര്യങ്ങൾ സോനാ അങ്കിളിനോട് പറഞ്ഞു എന്നല്ലേ പറഞ്ഞത് ബട്ട് സോനയുടെ പേരന്റ്സ് ഇവരാണെങ്കിൽ അവൾക്കതൊക്കെ പറയാൻ ധൈര്യം ഉണ്ടാവില്ല അങ്കിൾ …. എനിക്ക് എന്റെ പാരന്റ്സിനോട് ഓപ്പൺ ആയിട്ട് സംസാരിക്കുവാൻ പേടിയാണ് അങ്കിൾ… എനിക്ക് ഫ്രണ്ട്‌സ് മാത്രമാണ് സംസാരിക്കുവാനുള്ളു അവരുടെ കാരക്ടർ ചെക്ക് ചെയ്യാൻ എനിക്കറിയില്ല അങ്കിൾ…… അല്ലെങ്കിൽ നല്ലതാരാണെന്നും ദോഷമാരാണെന്നും എനിക്ക് ഗൈഡൻസ് തരാൻ ആരാണുള്ളത്. എന്റെ പപ്പാ എന്നെ തല്ലി ഫോർ വാട്ട്. അങ്കിളിനോട് റുഡ് ആയിട്ട് ബീഹെവ് ചെയ്തതിനു….. ഞാൻ ഗ്രോ ആയതൊക്കെ ഇവിടെ ബോൺ ആൻഡ് ബോട്ടപ് ആയിട്ടുള്ള കുട്ടികളുടെ കൂടെയാണ്. അവർ സ്പോട്ടിൽ റീയാക്ട് ചെയ്യും. നിങ്ങളുടെ ട്രഡീഷണൽ മല്ലു കുട്ടികളെപ്പോലെ ഹെഡ് ടു ഫൂട്ട് വളഞ്ഞിങ്ങനെ എന്താ നിങ്ങൾ മലയാളത്തിൽ സ്റ്റാറ്റസ് ചെയ്യുക .. വിനയമോ …… സംതിങ്ങ് എൽസ് അങ്ങനെയൊക്കെ ചെയ്യാൻ എനിക്കറിയില്ല …. എന്നെയാരും പഠിപ്പിച്ചിട്ടില്ല …… ” ചിതറി പോയ കരച്ചിലുകൾ കടിച്ചമർത്തി അവൾ മുകളിലത്തെ നിലയിലേക്ക് പോയി. എന്താണ് പറയേണ്ടതെന്ന് മനസ്സിലാകാതെ പ്രിൻസ് മൂകനായി സോഫയിലിരുന്നു.

ആപാദചൂഡം തരിച്ചിരിയ്ക്കുകയായിരുന്നു ബർണാഡ്.

” അവൾ പറഞ്ഞത് നിങ്ങൾ കേട്ടില്ലേ പപ്പാ … അങ്ങനെയൊക്കെയാണോ നമ്മൾ അവളെ വളർത്തിയത് … അവൾക്കു വേണ്ടിയല്ലേ നമ്മൾ …….”

ജീനാമ്മയുടെ രോദനത്തെ ചൂണ്ടു വിരൽ ചുണ്ടത്തമർത്തി ” ശ് …..” എന്നൊരു ശബ്ദം കൊണ്ടയാൾ ബന്ധിച്ചു. ” എന്ത് വളർത്തിയെന്നാണ് നീ അവകാശപ്പെടുന്നത്. അവൾ പറഞ്ഞത് അവളുടെ പ്രയാസങ്ങളാണ് “. എന്ത് പ്രയാസങ്ങളാണ് പപ്പാ അവൾക്കുള്ളത് അവളുടെ പ്രായമെല്ലാം കഴിഞ്ഞട്ടല്ലേ ഞാനും മറ്റുള്ള പെണ്ണുങ്ങളുമെല്ലാം ഈ നിലയിലേക്കെത്തിയത് അവൾക്കു മാത്രമെന്താ വഴി പിഴയ്ക്കണമെന്നു ….. ഇത് നല്ല അടിയുടെ കുറവ് തന്നെ. അല്ലാതെന്താ. എന്റെ അമ്മച്ചി എന്നെയൊക്കെ വളർത്തിയതങ്ങനെയാ ” ജീനാമ്മ ചിതറി കൊണ്ടേയിരുന്നു.

” ജീനാമ്മേ …… പ്രിൻസ് ശബ്ദിച്ചു …..ഒരു കാര്യം ഓർക്കണം മോൾ പറഞ്ഞിട്ട് പോയത് മുഴുവനും അവള് ആഗ്രഹിച്ച ജീവിതവും അവൾക്കു നിങ്ങൾ കൊടുത്ത ലൈഫും തമ്മിലുള്ള ഡിഫറൻസ് ആണ് അറ്റ്ലീസ്റ്റ് അത് അക്‌സെപ്റ്റ് എങ്കിലും ചെയ്യുക ……. ശരിയാണ് എനിക്ക് ഇതൊന്നും പറയേണ്ട ആവശ്യമില്ല ഇത് നിങ്ങളുടെ സ്വകാര്യതയാണ് …. ബട്ട് ഇതിങ്ങനെ പോയാൽ ഈ ചെറു പട്ടണത്തിൽ ഒരു ബോംബ് പോലെ പൊട്ടിത്തെറിക്കുവാൻ അധിക കാലം വേണ്ടില്ല. ശരിയാണ് നിങ്ങൾ പറഞ്ഞത്. ജീവിച്ചത് അവൾക്കു വേണ്ടിയാണ് ബട്ട് അവൾക്കു വേണ്ടിയതെന്തെന്നു നിങ്ങൾ ശ്രദ്ദിച്ചിരുന്നോ ഇത്രയും കാലം … ഇനിയെങ്കിലും റിയലൈസ് ചെയ്യുക അവൾ ആഗ്രഹിച്ചത് നിങ്ങളുടെ സ്നേഹമാണ് കരുതലാണ്. അല്ലാതെ പണം കൊടുത്തു നേടാവുന്നതെല്ലാം സ്വായത്തമാക്കി കൊടുക്കുന്ന ബാങ്കർമാരെ അല്ല നിങ്ങളുട മകൾക്കാവശ്യം … സമയം ഇനിയുമുണ്ട് ബർണാഡ് …. നിങ്ങൾക്കു നിങ്ങളുടെ മകളെ മനസ്സിലാക്കാനായില്ലെങ്കിൽ അതിനു ആളുകൾ പുറത്തുണ്ട് . ബട്ട് അതെങ്ങനെ ആയിത്തീരുമെന്നു ഞാൻ പറയേണ്ടതുണ്ടോ ഇനിയും നിങ്ങൾക്കു മനസ്സിലാകുവാൻ …. ചിന്തിക്കു നിങ്ങൾ രണ്ടാളും.

പ്രിൻസ് അത്രമേൽ പറഞ്ഞിട്ട് പോയിട്ടും ജീനാമ്മയുടെ കലുഷിതകമായ ചിന്തകൾക്ക് എവിടെയാണ് താളം പിഴച്ചതെന്നു മനസ്സിലാക്കുവാൻ കഴിഞ്ഞില്ല . അവർ ഏറ്റവും അടുത്ത ദിനം തന്നെ പാകിസ്താനി മരുമകന് പുട്ടും കടലയ്ക്കുമൊപ്പം കഞ്ചാവും വിളമ്പേണ്ടി വന്നേക്കാവുന്ന തന്റെ അവസ്ഥയെ കുറിച്ചോർത്തു ഭീതി പൂണ്ടു. അതെ സമയം ബർണാഡ് ഫോൺ കയ്യിലെടുത്തു അമ്മച്ചിയെ വിളിക്കണം .

വർഷം കുറേയേറെയായി അമ്മച്ചിയോടു മനസ്സ് നിറഞ്ഞൊന്നു മിണ്ടിയിട്ട്. അതെങ്ങനെ മിണ്ടാനാകും ഇതല്ലേ എന്റെ അവസ്ഥ സോഫമേൽ കുത്തിയിരുന്നു പായാരം പറയുന്ന ജീനമ്മയെ നോക്കി അയാൾ ഉള്ളിൽ മുറുമുറുത്തു, അല്ലെങ്കിലും അവളെ പറഞ്ഞിട്ടു എന്ത് കാര്യം. പ്രവാസി സംഘടനയിലെ കൊച്ചമ്മമാരുടെ വമ്പു പറച്ചിലുകൾ മാത്രമാണ് അവളുടെ പുസ്തകം. മക്കൾ പറയുന്ന ഇംഗ്ലീഷ് വാചകങ്ങളുടെ മാത്രം കണക്കെടുക്കുന്നവർക്കു മക്കളെ നേർ വഴിക്കു നയിക്കുവാനെവിടെയാണ് നേരം. ജീനാമ്മ എത്രത്തോളം തന്റെമേൽ പിടിമുറുക്കിയാലും ഞാൻ എന്റെ അമ്മച്ചിയെ മറക്കുവാനോ വെറുക്കുവാനോ പാടില്ലായിരുന്നു തെറ്റുപറ്റിപോയി .. മാപ്പു പറയണം എന്റെ താഴെയുള്ള മൂന്നു പെങ്ങന്മാരെയും ഒരു കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ അന്തസ്സായി വളർത്തിയ ഇലന്തൂരുകാരി ഏലിയാമ്മ എന്റെ അമ്മച്ചി അവരുടെ കയ്യിൽ തന്റെ മകൾ അങ്ങേയറ്റം സേഫ് ആണെന്ന ചിന്തയുടെ പിൻപറ്റി ബർണാഡ് അമ്മച്ചിയുടെ നമ്പറിലേക്കു ഡയൽ ചെയ്തു.

ഒരമ്മയെന്ന നിലയിൽ കഥാകാരിയായ ഞാൻ ആർക്കാണ് ഈ കഥ സമർപ്പിക്കേണ്ടത്. ?
മക്കളെ അടുത്ത തലമുറകൾക്കുള്ള വെളിച്ചമായി വളർത്തുന്ന ഏലിയാമ്മച്ചിമാർക്കോ അതോ പാതി വഴിയെത്തും മുന്നേ തളർന്നു പോയ പൊങ്ങച്ചങ്ങളുടെ വിള നിലമായ ജീനാമ്മമാർക്കോ …… അതോ ജീവിച്ചു തുടങ്ങും മുന്നേ ജീവിതം കൈ വിട്ടു പോയ ശ്രേയയുടെ തല മുറയ്ക്കോ ….. നിങ്ങൾ തീരുമാനിക്കുക ….