ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ടോറി എംപി സ്ഥാനം രാജിവച്ച് ബോറിസ് ജോൺസൺ. തീരുമാനം പാർട്ടിഗേറ്റിന്റെ പേരിൽ പാർലമെന്റിൽ നിന്ന് തന്നെ പുറത്താക്കി എന്ന് ആരോപിച്ചുകൊണ്ട്. ഡൗണിംഗ് സ്ട്രീറ്റ് ലോക്ക്ഡൗൺ പാർട്ടികളെ കുറിച്ച് ഉള്ള അന്വേഷണ റിപ്പോർട്ടിനെതിരെ പ്രതികരിച്ച് മുൻ പ്രധാനമന്ത്രി രംഗത്ത് വന്നു. സംഭവബഹുലമായ തൻെറ പ്രസ്താവനയിൽ കോടതിയെ അദ്ദേഹം “കംഗാരു കോർട്ട്” എന്നാണ് അഭിസംബോധന ചെയ്‌തത്‌. വസ്‌തുതകൾ പരിഗണിക്കാതെ എന്നെ കുറ്റക്കാരനായി കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം അന്വേഷണ കമ്മിറ്റി തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കും എന്ന് അറിയിച്ചു. മുൻ പ്രധാനമന്ത്രിയുടെ രാജി അദ്ദേഹത്തിന്റെ മാർജിനൽ മണ്ഡലമായ ഉക്‌സ്‌ബ്രിഡ്ജിലും സൗത്ത് റൂയിസ്‌ലിപ്പിലും ഉപതിരഞ്ഞെടുപ്പിന് കാരണമാകും.

കരട് റിപ്പോർട്ടിൽ യാതൊരു വിധ വസ്തുതയും ഇല്ലെന്നും താൻ സാധാരണക്കാരെ യാതൊരു വിധത്തിലും തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മിറ്റിയുടെ ചെയർ വുമണായ ലേബർ പാർട്ടിയുടെ ഹാരിയറ്റ് ഹർമൻ ഇതിനെ കടുത്ത പക്ഷപാതത്തോടെയാണ് സമീപിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കോവിഡ് ലോക്ക്ഡൗണുകളുടെ സമയത്ത് ഡൗണിംഗ് സ്ട്രീറ്റിലെ ഒത്തുചേരലുകളിൽ സാമൂഹിക അകലം പാലിക്കുക എന്നത് നടപ്പിലാക്കാൻ സങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെന്നും മുൻ പ്രധാന മന്ത്രി വ്യക്തമാക്കി. 2019 ജൂലൈ മുതൽ 2022 സെപ്തംബർ വരെ പ്രധാനമന്ത്രിയായിരുന്നു ബോറിസ് ജോൺസൻ. 2008-നും 2016-നും ഇടയിൽ ലണ്ടൻ മേയറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.