കായിക പ്രേമികൾക്ക് ഏറെ ആവേശം പകരുന്ന നാളുകളാണ് വരാനിരിക്കുന്നത്. ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ഫിഫ വുമൺസ് ലോകകപ്പ്, കോപ്പ അമേരിക്ക, ഫിഫ അണ്ടർ 20 ലോകകപ്പ്. ഇതിൽപരം എന്താണ് ഒരു കായിക പ്രേമിക്ക് വേണ്ടത്. ആവേശത്തിന്റെ പെരുമാഴക്കാലം തീർക്കുകയാണ് ജൂൺ മാസം.
ഏകദിന ക്രിക്കറ്റ് ലോകകപ്പ്
ഏകദിന ക്രിക്കറ്റ് ലോകകപ്പാണ് ഇന്ത്യക്കാർക്കിടയിൽ ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം. മൂന്നാം കിരീടം തേടി കോഹ്‌ലിയും സംഘവും മൈതാനത്ത് ഇറങ്ങുമ്പോൾ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്. നാല് വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന ലോകകപ്പ് പോരാട്ടങ്ങളിൽ സ്വർണ്ണകപ്പിനായി ഐസിസി രാജ്യങ്ങൾ കൊമ്പുകോർക്കുന്നു. ഇംഗ്ലണ്ട് 2019 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. മെയ് 30 മുതൽ ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ കലാശ പോരാട്ടം ജൂലൈ 14ന് ആണ്. ലോകകപ്പിന്റെ പന്ത്രണ്ടാം പതിപ്പിനാണ് ഇംഗ്ലണ്ടും വെയ്ൽസും വേദിയൊരുക്കുന്നത്.
ഫിഫ അണ്ടർ 20 ലോകകപ്പ്
ഫിഫ അണ്ടർ 20 ലോകകപ്പ് മത്സരങ്ങൾ പുരോഗമിക്കുകയാണ്. മേയ് 23ന് ആരംഭിച്ച മത്സരങ്ങളുടെ പ്രാഥമിക ഘട്ടം ഇനിയും പൂർത്തിയായിട്ടില്ല. അണ്ടർ 20 ലോകകപ്പിന്റെ 22-ാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്നത് പോളണ്ടാണ്. 24 രാജ്യങ്ങളുടെ കൗമാര പടയാണ് ലോകകപ്പിൽ മാറ്റൂരയ്ക്കുന്നത്. അർജന്റീനയും പോർച്ചുഗലുമെല്ലാം മത്സരിക്കുന്ന വേദിയിൽ ബ്രസീൽ ഇല്ല എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയും ലോകകപ്പ് നടത്തിപ്പിന് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ഇന്ത്യയെ മറികടന്ന് പോളണ്ട് യോഗ്യത നേടുകയായിരുന്നു. അണ്ടർ 20 ലോകകപ്പിന്റെ ഫൈനൽ മത്സരം നടക്കുന്നത് ജൂൺ 15ന് ആണ്.
കോപ്പ അമേരിക്ക
ലാറ്റിനമേരിക്കൻ വമ്പന്മാർ കൊമ്പുകോർക്കുന്ന ഫുട്ബോൾ മാമാങ്കം ആരംഭിക്കുന്നത് ജൂൺ 14നാണ്. ദക്ഷിണ അമേരിക്കൻ രാജ്യങ്ങളാണ് ടൂർണമെന്റിലെ ശ്രദ്ധകേന്ദ്രങ്ങളെങ്കിലും മറ്റ് രാജ്യങ്ങൾക്കും അതിഥികളായി കോപ്പ അമേരിക്കയിൽ മത്സരിക്കാൻ അവസരം നൽകുന്നുണ്ട്. ബ്രസീലാണ് ഇത്തവണത്തെ കോപ്പാ പോരാട്ടങ്ങൾക്ക് വേദിയാകുന്നത്. 12 ടീമുകളാണ് കോപ്പ അമേരിക്കയിൽ മത്സരിക്കുന്നത്. ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് പുറമെ ഏഷ്യൻ ശക്തികളായ ജപ്പാനും 2022 ലോകകപ്പിന് വേദിയൊരുക്കുന്ന ഖത്തറും കോപ്പ അമേരിക്കയിൽ പന്ത് തട്ടുന്നുണ്ട്.
ഫിഫ വനിത ലോകകപ്പ്
ഇത്തവണത്തെ ഫിഫ വനിത ലോകകപ്പ് നടക്കുന്നതും ഇതേ ദിവസങ്ങളിൽ തന്നെയാണ്. ഏകദിന ക്രിക്കറ്റ് ലോകകപ്പ് മേയ് 30ന് ആരംഭിക്കുമ്പോൾ വനിത ഫുട്ബോൾ ലോകകപ്പ് ആരംഭിക്കുന്നത് ജൂൺ ഏഴിനാണ്. ഫ്രാൻസാണ് ഇത്തവണത്തെ വനിത ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇത് ആദ്യമായാണ് ഫ്രാൻസ് ടൂർണമെന്റിന് വേദിയാകുന്നതും. ഫ്രാൻസിലെ ഒമ്പത് വേദികളിലായാണ് ലോകകപ്പ് മത്സരങ്ങൾ ഫ്രാൻസ് സംഘടിപ്പിക്കുന്നത്. വീഡിയോ അസിസ്റ്റന്റ് റഫറി (VAR) ഉപയോഗിക്കുന്ന ആദ്യ വനിത ലോകകപ്പ് എന്ന പ്രത്യേകതയം ഫ്രാൻസ് ലോകകപ്പിനുണ്ട്.
ആകെ 24 ടീമുകളാണ് വനിത ഫുട്ബോൾ ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. ഏഷ്യയിൽ നിന്ന് അഞ്ച് ടീമുകൾ, ആഫ്രിക്കയിൽ നിന്ന് മൂന്ന് ടീമുകൾ, നോർത്ത് അമേരിക്കയും സെൻട്രൽ അമേരിക്കയും കരിബീയൻ രാജ്യങ്ങളും ഉൾപ്പെടുന്ന കോൺകാകാഫിൽ നിന്ന് മൂന്ന് ടീമുകളും പങ്കെടുക്കുമ്പോൾ, ദക്ഷിണ അമേരിക്കയിൽ നിന്ന് ഒരു രാജ്യവും ആതിഥേയരായി ഫ്രാൻസും ലോകകപ്പിന് യോഗ്യത നേടി. യൂറോപ്പിൽ നിന്നാണ് ഏറ്റവും കൂടുതൽ ടീമുകൾ ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. എട്ട് ടീമുകൾ യൂറോപ്പിൽ നിന്ന് മത്സരിക്കും.
Leave a Reply